ചെന്നൈ: ആ കണ്ണിലെ തീ, സ്വതസിദ്ധമായ സ്‌റ്റൈല്‍ എല്ലാം ചേര്‍ന്ന മാസ്മരിക വശ്യതയാണ് രജനീകാന്തെന്ന വ്യക്തിയെ ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമാക്കി മാറ്റിയത്. ആ മാസ്മരികത രാഷ്ട്രീയ ഗോദയില്‍ നിലനില്‍ക്കുമോ എന്നതാണ് ഇനിയറിയേണ്ടത്. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും ആത്മീയ രാഷ്ട്രീയമാണു ലക്ഷ്യമെന്നും പ്രഖ്യാപിച്ചിട്ടു 2 വര്‍ഷം പിന്നിട്ട ശേഷമാണ് കൃത്യമായ രാഷ്ട്രീയ തുടക്കത്തിന് രജനീകാന്ത് ഇറങ്ങിയിരിക്കുന്നത്. ഈ മാസം 30ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ബസ് കണ്ടക്ടര്‍ ജോലിയില്‍ നിന്ന് ജീവിതം ആരംഭിച്ച വ്യക്തിയാണ് ഇന്ന് തമിഴക മനസിന്റെ സൂപ്പര്‍ ഹീറോയായി ജീവിക്കുന്നത്. അത്ഭുതങ്ങള്‍ നിരവധി ആ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ രാഷ്ട്രീയത്തിലും ആ ഭാഗ്യം അദ്ദേഹത്തെ പിന്തുടര്‍ന്നേക്കാം.
അതേസമയം, അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുന്ന കാലം കാല്‍ നൂറ്റാണ്ട് മുമ്പായിരുന്നുവെന്ന് വിലയിരുത്തുന്നവരാണ് ഭൂരിപക്ഷവും. അതായത് 1996കളില്‍. എംജി രാമചന്ദ്രന്റെയോ എന്‍ടി രാമരാവുവിന്റെയോ മാന്ത്രികത എളുപ്പത്തില്‍ ആവര്‍ത്തിക്കാമായിരുന്നു അദ്ദേഹത്തിനെന്നാണ് ആ വാദത്തിന്റെ അടിസ്ഥാനം. അന്ന് സാഹചര്യം അനുകൂലമായിരുന്നു. ജെ. ജയലളിതയുടെ ജനപ്രീതി ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. എ.ഐ.എ.ഡി.എം.കെ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ദൈവത്തിനുപോലും തമിഴ്നാടിനെ രക്ഷിക്കാന്‍ കഴിയില്ലെന്ന രജനീകാന്തിന്റെ പ്രസ്താവന സംസ്ഥാനത്തുടനീളം പ്രതിധ്വനിച്ച കാലം. മുഖ്യമന്ത്രിയായി തിരിച്ചുവരാന്‍ കരുണാനിധിയെ സഹായിച്ചുകൊണ്ട് താരം ഡിഎംകെയെയും മൂപനാറിന്റെ ടിഎംസിയെയും പിന്തുണച്ച നാളുകള്‍.അക്കാലത്ത് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളുമായ ജി കെ മൂപാനാര്‍, ചോ രാമസ്വാമി തുടങ്ങിയവര്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും രജനി തയ്യാറായിരുന്നില്ല. സിനിമയായിരുന്നു അന്ന് അദ്ദേഹത്തിന് എല്ലാം. 40 കളുടെ മധ്യത്തിലായിരുന്നു അന്ന് അദ്ദേഹം. ജയലളിത മരിക്കുകയും കരുണാനിധി വീട്ടില്‍ ഒതുങ്ങുകയും ചെയ്യുന്നതുവരെ അദ്ദേഹത്തിന്റെ ആ കാത്തിരിപ്പ് തുടര്‍ന്നു. കരുണാനിധി ജീവിച്ചിരിക്കെയാണ് വീണ്ടും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം ചര്‍ച്ചയായത്. ഇതിനിടെ ആരാധക സംഘടനയായ രജനി മക്കള്‍ മന്‍ട്രം രാഷ്ട്രീയ സംഘടനാ സംവിധാനത്തിലേക്ക് പരിവര്‍ത്തനം തുടങ്ങി. അതോടെ രാഷ്ട്രീയ ചര്‍ച്ചകളും ചൂടുപിടിച്ചു. എന്നിട്ടും രാഷ്ട്രീയ പ്രവേശം അദ്ദേഹം അനിശ്ചിതമായി നീട്ടി. എന്നാല്‍ അന്തിമ തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലാണു മന്‍ട്രം ഭാരവാഹികളുടെ സമ്മര്‍ദ്ദം ഇത്തവണ ഫലം കാണുകയായിരുന്നു. പാര്‍ട്ടി പ്രഖ്യാപന വിഷയത്തില്‍ താരത്തിനു മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു.
1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജിനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജിനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജിനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്ന സംവിധായകന്‍ എസ്.പി. മുത്തുരാമനാണ്. മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജിനിയെ ശ്രദ്ധേയനാക്കി. പിന്നീട് വെള്ളിത്തിരയില്‍ അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അതുപോലെ പുതുവര്‍ഷത്തില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയും ശോഭനമാണോ എന്ന് അറിയാം. അത് വരെ കാത്തിരിക്കാം

