തിരുവനന്തപുരം: 1100കോടി രൂപയുടെ വിദേശ വായ്‌പയ്ക്കുകൂടി റിസര്‍വ്വ് ബാങ്കിന്റെ അനുമതി തേടി കിഫ്‌ബി. പരിസ്ഥിതി സൗഹൃദ പദ്ധതിക്കായി ഗ്രീന്‍ബോണ്ട് വഴി കടമെടുക്കാനാണ് തീരുമാനം. ലോകബാങ്കുമായി ബന്ധപ്പെട്ട സ്ഥാപനമായ ഇന്റർ നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നാണ് കടമെടുക്കുന്നത്. ജൂണ്‍ 30ന് ചേര്‍ന്ന് കിഫ്‌ബി ഡയറക്ടര്‍ ബോര്‍ഡ് വിദേശവായ്‌പയ്ക്ക് അനുമതി നല്‍കി
നേരത്തെ മസാല ബോണ്ട് വഴി കിഫ്‌ബി 2100 കോടി രൂപ സമാഹരിച്ചിരുന്നു. വിദേശവായ്‌പ്പക്കെതിരെ സിഎജി റിപ്പോര്‍ട്ട് നല്‍കിയത് വലിയ വിവാദമായി. സിഎജിക്കെതിരെ സര്‍ക്കാര്‍ കടുത്ത വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. കിഫ്‌ബി പദ്ധതികള്‍ സ്‌തംഭിപ്പിക്കാനാണ് നീക്കമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആരോപണം. ഇതിനുപിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മസാലബോണ്ടിന്റെ വിശദാംശം ആരാഞ്ഞ് റിസര്‍വ് ബാങ്കിനെ സമീപിച്ചു. ഇത് സര്‍ക്കാരിനെ കൂടുതല്‍ പ്രകോപിതമാക്കിയരുന്നു. വീണ്ടും കടമെടുപ്പ് കിഫ്‌ബി ആവശ്യപ്പെട്ട സാഹചര്യത്തില്‍ റിസര്‍വ്‌ബാങ്ക് നിലപാട് നിര്‍ണ്ണായകമാണ്. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

