ന്യൂഡൽഹി: സർക്കാരിതര സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ട് ചട്ടങ്ങൾ കേന്ദ്ര സർക്കാർ കർശനമാക്കി . പുതിയ ചട്ടങ്ങൾ അനുസരിച്ച് വിദേശ സംഭാവന (റെഗുലേഷൻ) ആക്റ്റ് (എഫ്‌സിആർഎ) പ്രകാരം രജിസ്ട്രേഷൻ ആഗ്രഹിക്കുന്ന ഏതൊരു സംഘടനയും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും പ്രവർത്തിക്കുകയും തൊട്ടു മുൻപുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിൽ സമൂഹത്തിന്റെ പ്രയോജനത്തിനായി അതിന്റെ പ്രധാന പ്രവർത്തനങ്ങളിൽ കുറഞ്ഞത് 15 ലക്ഷം രൂപ ചിലവഴിക്കുകയും ചെയ്യണം.
വിദേശ സംഭാവനയുടെ മൂല്യം ഒരു കോടിയിലധികം ആണെങ്കിൽ, തൊട്ടു മുൻപത്തെ തവണ ലഭിച്ച വിദേശ സംഭാവനയുടെ 75 ശതമാനം വിനിയോഗിച്ചതിന്റെ തെളിവ് സമർപ്പിക്കണം. വിദേശ സംഭാവനയുടെ വിനിയോഗത്തെക്കുറിച്ചുള്ള ഫീൽഡ് അന്വേഷണവും ഉണ്ടാകും.
വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയാവശ്യമാണ്.
പാർലമെന്റിന്റെ അവസാന സെഷനിൽ കേന്ദ്രം മുന്നോട്ടുവച്ച എഫ്‌സിആർഎയുടെ ഭേദഗതികളുടെ തുടർനടപടികളാണ് പുതിയ നിയമങ്ങൾ.




