വെളളരികുണ്ട്: സഹോദരന്‍ ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം പൂര്‍ത്തിയായി. വ്യാഴാഴ്‌ച കോടതിയില്‍ സമര്‍പ്പിക്കും, ബളാല്‍ അരിങ്കല്ലിലെ ബെന്നി- ബെസി ദമ്പതികളുടെ മകള്‍ ആന്‍ മേരിയാണ് കൊല്ലപ്പെട്ടത്. നൂറോളം സാക്ഷി മൊഴികളുളള ആയിരത്തോളം പേജുകളുളള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ വെളളരികുണ്ട് സിഐ ഹോസ് ദുര്‍ഗ്ഗ് ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. പഴുതടച്ച കുറ്റപത്രമായിരിക്കും കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് കോടതിയില്‍ സമര്‍പ്പിക്കുക.
2020 ഓഗസ്‌റ്റ് മാസം 5 നാണ് സഹോദരന്‍ ആല്‍ബിന്‍ ബെന്നി ഒരുക്കിയ കെണിയില്‍പെട്ട് ആന്‍മേരി കൊല്ലപ്പെടുന്നത് . യുട്യൂബ് ചാനലിന്‍റെ സഹായത്തോടെ ഐസ്‌ക്രീമില്‍ എലിവിഷം നല്‍കുകയായിരുന്നു. പ്രതി ഇപ്പോഴും ജയിലിലാണ്. വീട്ടില്‍ ഉണ്ടാക്കിയ ഐസ്‌ക്രീമാണ് ആന്‍ മേരി കഴിച്ചതെന്ന് പറയപ്പെടുന്നു. ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണകാരണം. ആന്‍മേരിക്കൊപ്പം ഐസ്‌ക്രീം കഴിച്ച പിതാവ് ബെന്നിയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
വെളളരികുണ്ട് സിഐ. കെ.പ്രേംസദന്‍ എസ്‌ഐ ശ്രീദാസ് പുത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതക കുറ്റം തെളിയിച്ചത്. കഞ്ചാവുള്‍പ്പടെയുളള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്ന ആല്‍ബിന്‍ സ്വന്തം അമ്മയുള്‍പ്പടെയുളള കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ പദ്ധതിയിടുകയായിരുന്നു. അനുജത്തിക്കും പിതാവിനും ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ക്കുന്നതിന് മുമ്പ് വീട്ടിലുണ്ടാക്കിയ കോഴിക്കറിയില്‍ ആല്‍ബിന്‍ വിഷം പ്രയോഗിച്ചിരുന്നു. എന്നാല്‍ ഇതിന്റെ അളവ് കുറഞ്ഞതിനാല്‍ ബെന്നിയും ഭാര്യ ബെസ്സിയും മകള്‍ ആന്‍മേരിയും അന്ന് രക്ഷപെടുകയായിരുന്നു. പിന്നീട് വീണ്ടും യുട്യൂബ് ചാനലില്‍ നിന്നും കൂടുതല്‍ കൊലപാതക രീതികള്‍ പഠിച്ച ആല്‍ബിന്‍ വെളളരികുണ്ടിലെ ഒരു കടയില്‍ നിന്നും കൂടുതല്‍ അപകടകാരിയായ എലിവിഷ പേസ്റ്റ് വാങ്ങികയ്യില്‍ സൂക്ഷിച്ചശേഷം ഐസ്‌ക്രീമില്‍ കലര്‍ത്തുകയായിരുന്നു.
ജൂലൈ മാസം 30 നാണ് വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കുന്നത്. ഇവ രണ്ട് പാത്രങ്ങളിലാക്കി ആദ്യ ദിവസം സഹോദരി ആന്‍മേരിയും ഒപ്പം ആല്‍ബിനും കഴിച്ചു. അടുത്ത ദിവസമാണ് എലിവിഷം ബാക്കിയുളള ഐസ്‌ക്രീമില്‍ കലര്‍ത്തിയത്. സഹോദരി മേരിക്കും പിതാവ് ബെന്നിക്കും നല്‌കി. ഇവര്‍ കഴിച്ചതിന്‍റെ ബാക്കി അമ്മ ബെസി കുറച്ചുമാത്രമേ കഴിച്ചുളളു. ആന്‍മേരിക്ക് ഛര്‍ദ്ദി ഉണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ ബാക്കി വന്ന ഐസ്‌ക്രീം വളര്‍ത്തുനായ്‌ക്കള്‍ക്ക് കൊടുക്കാന്‍ അമ്മ ആല്‍ബിനോട് ആവശ്യപ്പെട്ടു എന്നാല്‍ ഐസ്‌ക്രീം പട്ടികള്‍ക്ക് നല്‍കാതെ ആല്‍ബിന്‍ ഇത് നശിപ്പിച്ചുകളയുകയായിരുന്നുവെന്നും പട്ടികള്‍ ഇത് കഴിച്ചാല്‍ ചത്തുപോകുമെന്ന് ആല്‍ബിനറിയാവുന്നതുകെണ്ടാണ് ഇത് ചെയ്‌തതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
പിതാവ് ബെന്നി മകന്‍റെ ദുര്‍നടപ്പ് എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരന്തരം വഴക്കുണ്ടാവാറുണ്ടായിരുന്നു. ആന്‍മേരിയും ആല്‍ബിന്റെ വഴിവിട്ട പോക്കിനെതിരെ പ്രതികരിച്ചിരുന്നു. ഒരനുജന്‍ സെമിനാരിയില്‍ പോയിരുന്നതിനാല്‍ അനുജന്‍ ഒരു തടസമായിരുന്നില്ല. ഇടയ്ക്ക് തമിഴ്‌നാട്ടില്‍ പോയിരുന്ന ആല്‍ബിന്‍ അവിടെ നിന്നാണ് കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുളള ആളായി മാറിയതെന്ന് പോലീസ് പറയുന്നു. കൂട്ട ആത്മഹത്യക്ക് കളമൊരുക്കി പെറ്റമ്മയേയും കൂടപ്പിറപ്പായ സഹോദരിയേയും പിതാവിനേയും വകവരുത്തിയ ശേഷം അഞ്ചേക്കറോളം വരുന്ന പറമ്പും വീടും വിറ്റ് കിട്ടുന്ന പണം കൊണ്ട് പുറത്തെവിടെങ്കിലും പോയി ആര്‍ഭാടമായി ജീവിക്കാനായിരുന്നു ആല്‍ബിന്‍റെ ഉദ്ദേശം. കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലായി നൂറോളം പേരെ പോലീസ് സംഘം ചോദ്യം ചെയ്‌ത് വിവരങ്ങള്‍ ശേഖരിച്ചു.

