ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വെല്ലുവിളി നേരിടുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉത്തേജക പാക്കേജുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ധന സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡേ ഉത്തേജക പാക്കേജ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചന നൽകി. ഏതു മേഖലയ്ക്കാണ് സഹായമെന്നും പ്രഖ്യാപനം എപ്പോഴാണെന്നും വിവരം നൽകിയിട്ടില്ല. ഇക്കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ട്രേഡ് അസോസിയേഷനുകൾ, മന്ത്രാലയങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നിർദ്ദേശം സ്വീകരിച്ചതിന് ശേഷം പ്രശ്നം നേരിടുന്നത് ഏത് വിഭാഗക്കാരാണെന്നും ഏതെല്ലാം മേഖലയ്ക്ക് സഹായം ആവശ്യമുണ്ടെന്നും മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് എന്താണ് വേണ്ടതെന്ന് കൃത്യമായി നിരീക്ഷിച്ചതിന് ശേഷം നടപടിയെടുക്കുമെന്നും അജയ് ഭൂഷൺ പാണ്ഡേ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
2020 മാർച്ചിനു ശേഷം നിരവധി ഉത്തേജക പാക്കേജുകൾ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിൻ്റെ തുടർ പ്രക്രിയ എന്ന നിലയ്ക്കാണ് പുതിയ ഉത്തേജക പാക്കേജുകൾ നടപ്പാക്കുക. ലോക് ഡൗണിന് ശേഷം നിലവിൽ സാമ്പത്തിക രംഗം മെച്ചപ്പെടുകയാണ്. ഇത് സുസ്ഥിര വികസനത്തിലേക്കാണെന്നാണ് ന്നിരീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജി.എസ്.ടി വരുമാനം 10 ശതമാനമാണ് 2020 ഒക്ടോബറിൽ വർധിച്ചത് . ജി. എസ്. ടി വരുമാനം 1,05, 155 കോടിയായി വർധിച്ചു. ഉയർന്ന വൈദ്യുതി ഉപയോഗം, കയറ്റുമതി, ഇറക്കുമതി എന്നിവ രാജ്യത്ത് വർധിച്ചത് സാമ്പത്തിക രംഗത്ത് നേട്ടമായി. ഈ വളർച്ച അഞ്ചു മാസത്തേക്കു നിലനിർത്താൻ കഴിഞ്ഞാൽ സമ്പദ് രംഗം കൂടുതൽ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.



