തിരുവനന്തപുരം: കേരളത്തില്‍ സിബിഐക്ക് നല്‍കിയിരിക്കുന്ന മുന്‍കൂര്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്ന നിര്‍ദ്ദേശവുമായി സിപിഎം സെക്രട്ടറിയേറ്റ്. അഞ്ച് ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൂര്‍ അനുമതി റദ്ദാക്കിയ സാഹചര്യത്തിലും,രാഷ്ട്രീയ ആവശ്യത്തിന് ദുരുപയോഗിക്കുന്നതായി പ്രത്യക്ഷത്തില്‍ തെളിയുകയും ചെയ്ത സാഹചര്യത്തിലുമാണ് സിപിഎം ഇതാവാശ്യപ്പെട്ടതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിന് പ്രത്യേക നിയമ നിര്‍മ്മാണത്തിന്റെ ആവശ്യമില്ലെന്നും നിലനില്‍ക്കുന്ന മുന്‍കൂര്‍ അനുമതി പിന്‍വലിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ അനുമതി പിന്‍വലിച്ചു.കേരളത്തിലും സിബിഐ യെ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിക്കുകയാണ്.
ഈ ആക്ഷേപം സിപിഐ നേരത്തേതന്നെ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ഘടക കക്ഷികള്‍ ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിയമാനുസൃതമായി സംസ്ഥാന അനുമതിയില്ലാതെ സിബിഐക്ക് അന്വേഷിക്കാവുന്ന കേസുകളുണ്ട്.അത്തരം കേസുകള്‍ തടയാനാവില്ല . മുന്‍കൂര്‍ അനുമതിയുടെ പേര് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന് അന്വേഷിക്കാവുന്ന കേസുകള്‍ പോലും ഏറ്റെടുക്കുന്ന സിബിഐയുടെ രീതിയാണ് തടയേണ്ടത്. സിബിഐ അന്വേഷിച്ചാലെ അഴിമതികള്‍ പുറത്തുവരുഎന്ന ചിന്ത ശരിയല്ല.
കശു അണ്ടി കോര്പ്പറേഷന് ഇടപാടില്‍ ഏതന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് കൊടിയേരി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ മുഖ്യമന്ത്രി ഇപ്പോഴും വിശ്വാസമര്പ്പിക്കുകയാണെന്ന വിവരം ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരണഘടനാ സ്ഥാപനമായ സര്‍ക്കാരിനും തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിക്കും ആ നിലപാടേ പറ്റൂ എന്നായിരുന്നു കോടിയേരിയുടെ മറുപടി. സര്‍ക്കാരും പാര്‍ട്ടിയും ഒന്നല്ല. പാര്‍ട്ടി നിരീക്ഷണമാണ് താന്‍ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

