ശാസ്ത്രലോകത്ത് വിസ്മയമായി ഒരു അത്ഭുത പക്ഷി. പാതി ആണും പാതി പെണ്ണുമായി

ഹാരിസ്ബർഗ് : പെൻസിൽവാനിയയിലെ വൈജ്ഞാനികർക്ക് പകുതി ആണും പകുതി പെണ്ണുമായ അത്ഭുത പക്ഷിയെ കണ്ടെത്തി. പൗഡർമിൽ നേച്ചുറൽ റിസർവ് ഫോറസ്റ്റിൽ നിന്നാണ് സെപ്റ്റംബർ 24 -ാം തീയതി അത്ഭുത പക്ഷിയെ കണ്ടെത്തിയത്. ഗൈഡ്രോ മോർഫിസം എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഗ്രോസ്ബിക്ക് എന്നയിനം പക്ഷിയാണിത്.

ഇതിൻറെ വലത് ചിറകിൽ കറുത്ത തൂവലും മാറിടത്തിൽ റോസ് കളറും പിങ്ക് സ്പോട്ടും ഉണ്ട്. ആണിനത്തിൻറെ ലക്ഷണങ്ങളാണ് ഇതെല്ലാം. പെണ്ണിനത്തിന്റെ ലക്ഷണങ്ങളായ മഞ്ഞയും തവിട്ടും നിറത്തിലുള്ള തൂവലുകൾ ഇടതുവശത്തു കാണാം. 2020 സെപ്റ്റംബർ ഇരുപത്തിനാലാം തീയതി പൗഡർ മിൽ നേച്ചർ റിസർവിൽ പ്രോഗ്രാം മാനേജർ ആയ ആനി ലിൻഡ്സെ തൻറെ സഹപ്രവർത്തകരുമായി പക്ഷികളെ പിടികൂടി ബാൻഡിംഗ് നടത്തുമ്പോളായിരുന്നു പകുതി പുരുഷനും പകുതി പെണ്ണുമായ ഈ പക്ഷിയെ ലഭിച്ചത്.

ഇത്തരം പക്ഷികൾ വിരളമാണ്. 15 വർഷം മുമ്പ് സമാനമായ എന്നാൽ ശ്രദ്ധേയവുമായ പക്ഷിയെ കണ്ടിട്ടുണ്ട് എന്ന് ലിൻഡ്സെ പറഞ്ഞു.
ഗൈനഡ്രോമോർഫ് എന്ന ഈ പ്രതിഭാസം പക്ഷികളിലും പ്രാണികളും ക്രസ്റ്റേഷ്യകളിലും ഞണ്ടുകളിലും വലിയ ഇനം ചെമ്മീനുകളിലും കാണാറുണ്ട്. രണ്ടു പുരുഷബീജങ്ങൾ ഒരു അണ്ഡത്തെ പ്രാപിക്കുമ്പോൾ ഒരു ന്യൂക്ലിയസിനു പകരം രണ്ട് ന്യൂക്ലിയസ് ഉണ്ടാകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. അണ്ഡത്തിൻറെ ഒരുഭാഗത്ത് പുരുഷലിംഗ ക്രോമസോമും മറുവശത്ത് സ്ത്രീലിംഗ ക്രോമസോമും ഉണ്ടാകുന്നു. ശരീരത്തിലെ ഒരു വശത്ത് വൃഷണങ്ങളും മറ്റു പുരുഷ പ്രത്യേകതകളും ഉണ്ടാകുമ്പോൾ മറുവശത്ത് അണ്ഡാശയവും മറ്റ് സ്ത്രീ പ്രത്യേകതകളും കാണപ്പെടുന്നു.

ഹെർമഫ്രഡേറ്റ് എന്ന ജന്തു വിഭാഗത്തിൽ രണ്ടു ലിംഗങ്ങളുടെയും ജനനേന്ദ്രിയങ്ങൾ ഒരു ജീവിയിൽ തന്നെ കാണപ്പെടുന്നു. ഇതിൽനിന്ന് വ്യത്യസ്തമാണ് ഗൈനഡ്രോമോർഫുകളുടെ അവസ്ഥ. ശരീരത്തിൻറെ പകുതിഭാഗം ആണും പകുതിഭാഗം പെണ്ണും എന്ന അവസ്ഥ. പൗരാണിക ഇന്ത്യ പരിചയപ്പെടുത്തിയ അർദ്ധനാരീശ്വര സങ്കല്പം ജീവജാലങ്ങളെല്ലാം ബാധകമാണോ എന്ന് സംശയിക്കുന്നതാണ് ഈ കണ്ടെത്തൽ .

ഈ പക്ഷികൾ ആണിനെ പോലെയാണോ പെണ്ണിനെ പോലെയാണോ പെരുമാറുക, ഇതിന് പ്രജനനം നടത്തുവാൻ സാധിക്കുമോ എന്നൊന്നും വൈജ്ഞാനികർക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. യു സി എൽ എ ശാസ്ത്രജ്ഞനായ ആർതർ ആർനോൾഡ് ഗൈനഡ്രോമോർഫ് സ്വഭാവത്തിലുള്ള സീബ്ര ഫ്രിഞ്ച് എന്ന പക്ഷികളിൽ നടത്തിയ പഠനങ്ങളിൽ കണ്ടത് ആണുങ്ങളുടെ ശബ്ദവും പെരുമാറ്റവും ഉപയോഗിച്ച് പെണ്ണുങ്ങളെ ആകർഷിക്കാറുണ്ട് എന്നാണ്.

എന്നാൽ ഏതു ലിംഗത്തിന്റെ സ്വഭാവങ്ങൾക്കാണ് മേധാവിത്വം എന്ന് മനസ്സിലാക്കുവാൻ ഇനിയും പഠനങ്ങൾ ആവശ്യമാണ്. ഇത്തരം ജീവികൾ കുറവായതുകൊണ്ട് പഠനം അത്ര എളുപ്പമല്ല. 64 വർഷത്തെ പക്ഷി നിരീക്ഷണത്തിൽ ഏതാണ്ട് പത്തോളം ഇത്തരം പക്ഷികളെയാണ് കണ്ടെത്താനായത്. ഏറ്റവുമൊടുവിൽ ലിൻഡ്സെ കണ്ടെത്തിയ ഗ്രോസ്ബീക് എന്ന ഇനം പക്ഷിയെ തൻറെ പരീക്ഷണശാലയിൽ കൊണ്ടുപോയി ചിറകിൻ നീളവും വീതിയും അളന്ന് നാല് തൂവലുകൾ ഡിഎൻഎ ടെസ്റ്റിനായി കൊടുത്തു.

തയ്യാറാക്കിയത് : സുഭദ്ര വാര്യർ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →