ന്യൂഡല്‍ഹി: തായ്വാനിലെ ദേശീയ ദിനത്തിന് മുന്നോടിയായി ”ഒറ്റ-ചൈന” നയം ലംഘിക്കരുതെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ചൈന നല്കിയ മാര്‍ഗനിര്‍ദേശത്തില്‍ പ്രതികരിച്ച് കേന്ദ്രം. രാജ്യത്ത് പ്രശ്നങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സ്വാതന്ത്യം ഇന്ത്യയിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ആ സ്വാതന്ത്യം മാധ്യമങ്ങള്‍ക്ക് പൂര്‍ണമായും ഉപയോഗിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് അപ്രഖ്യാപിത സെന്‍സര്‍ഷിപ്പുമായി ചൈനയെന്നാണ് തായ്വാന് ഇതിനോട് പ്രതികരിച്ചിരുന്നത്. ഒറ്റ ചൈന നയം പിന്തുടരാനും തായ്വാനെ രാജ്യം (രാഷ്ട്രം) അല്ലെങ്കില്‍ റിപ്പബ്ലിക് ഓഫ് ചൈന എന്നും പരാമര്ശിക്കരുതെന്നുമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ മാര്‍ഗ നിര്‍ദേശത്തില്‍ ചൈന നല്‍കിയത്.

