റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹാത്രാസിൽ അറസ്റ്റിലായ യുവാക്കളുടെ യൗവനം നഷ്ടപ്പെടുത്തരുതെന്നും ഉടൻ വിട്ടയക്കണമെന്നും ബി ജെ പി നേതാവ്

October 8, 2020 - 9:56 am

ന്യൂഡെൽഹി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ചും പ്രതികളെ അനുകൂലിച്ചും ഉത്തർപ്രദേശിലെ ബി.ജെ.പി നേതാവ് രംഗത്തെത്തി. ഇത്തരം ചില സ്ത്രീകളുടെ ശരീരം എങ്ങനെയാണ് ചോളപ്പാടത്തും ഓവുചാലിലും എത്തുന്നത് എന്ന് ആലോചിക്കേണ്ടതാണെന്നു പറഞ്ഞ ഇദ്ദേഹം മേല്‍ജാതിക്കാരായ പ്രതികള്‍ നാലുപേരും നിരപരാധികളാണെന്നും അവകാശപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ രഞ്ജിത്ത് ബഹാദൂര്‍ ശ്രീവാസ്തവയാണ് വിവാദ പരാമർശം നടത്തിയത്.

കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. അവള്‍ അവനെ ചോളപ്പാടത്തേക്ക് വിളിപ്പിച്ചിട്ടുണ്ടാവും.ഇതൊക്കെ ചാനലുകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വന്നതാണെന്നും ശ്രീവാസ്തവ പറയുന്നു.

ഇത്തരം സ്ത്രീകളെ ചില പ്രത്യേക സ്ഥലങ്ങളിലാണ് മരിച്ച നിലയില്‍ കാണുന്നത്. ചോളപ്പാടത്തും കരിമ്പ് പാടങ്ങളിലും കുറ്റിക്കാട്ടിലും ഓവുചാലിലുമൊക്കെയാണ് ഇവരുടെ മൃതദേഹം കാണുന്നത്. എന്തുകൊണ്ട് നെല്‍ വയലിലോ ഗോതമ്പ് പാടത്തോ കാണുന്നില്ല?- ഇദ്ദേഹം ചോദിക്കുന്നു.

കസ്റ്റഡിയിലെടുത്ത നാല് പേരേയും വിട്ടയയ്ക്കണമെന്നും ശ്രീവാസ്തവ ആവശ്യപ്പെട്ടു. അവര്‍ നാല് പേരും നിരപരാധികളാണെന്നും അവരെ ഇപ്പോള്‍ മോചിപ്പിച്ചില്ലെങ്കില്‍ ആ ചെറുപ്പക്കാര്‍ മാനസികമായി തകരുമെന്നും ശ്രീവാസ്തവ പറഞ്ഞു. അവര്‍ക്ക് നഷ്ടമാകുന്ന യുവത്വം ആര് തിരിച്ചുനല്‍കുമെന്നും ഇദ്ദേഹം ചോദിച്ചു. 44 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ശ്രീവാസ്തവ.

ഇയാള്‍ ഒരു പാര്‍ട്ടിയിലും നേതാവായിരിക്കാന്‍ യോഗ്യനല്ലെന്നും നോട്ടീസ് അയക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.

നേരത്തേ ഹാത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ വിമര്‍ശിച്ച് ബി.ജെ.പിയി എം.എല്‍.എ ആയ സുരേന്ദ്രസിംഗും രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികളെ സംസ്‌കാരത്തോടെ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും എന്നാല്‍ മാത്രമേ ബലാത്സംഗങ്ങള്‍ തടയാന്‍ സാധിക്കുകയുള്ളുവെന്നുമായിരുന്നു എം എൽ എ പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *