ലക്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ 16 വയസുള്ള ഗർഭിണിയായ ദലിത് പെൺകുട്ടിയെ അച്ഛനും ജ്യേഷ്ഠനും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. സെപ്റ്റംബർ 23 മുതൽ പെൺകുട്ടിയെ കാണാനില്ലെങ്കിലും വീട്ടുകാർ പരാതി നൽകിയിരുന്നില്ല. ചൊവ്വാഴ്ച (6/10/20) യാണ് മൃതദേഹം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. സഹോദരൻ ഓടി രക്ഷപെട്ടു.
പെൺകുട്ടിയെ മർദ്ദിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന.തല വെട്ടിമാറ്റുകയും ചെയ്തിരുന്നു.
“ അവിവാഹിതയായ മകൾ ഗർഭിണിയായതിനാലാണ് കൊന്നതെന്ന് പിതാവ് സമ്മതിച്ചിട്ടുണ്ട്. ഗ്രാമവാസികൾ പരസ്യമായി അപമാനിക്കാൻ തുടങ്ങിയതിനാലാണ് കൊല നടത്തിയതെന്ന് പിതാവ് പറഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ ജ്യേഷ്ഠനും കൊലപാതകത്തിൽ പങ്കാളിയാണ്. ഐപിസി 302 (കൊലപാതകം), 201 എന്നിവ പ്രകാരം ഇരുവർക്കെതിരെയും കേസെടുത്തിട്ടുണ്ട് ” ”ഷാജഹാൻപൂർ സീനിയർ പോലീസ് സൂപ്രണ്ട് എസ്. ആനന്ദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ വ്യക്തിയെ കണ്ടെത്താൻ പോലീസ് ശ്രമിക്കുന്നുണ്ട്.



