റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ ഫോൺ കിട്ടിയത് കോടിയേരിയുടെ സ്റ്റാഫിനെന്ന് ചെന്നിത്തല, ഫോട്ടോയടക്കമുള്ള തെളിവുകളുമായി പ്രതിപക്ഷ നേതാവ്

October 3, 2020 - 3:12 pm

തിരുവനന്തപുരം : യു എ ഇ കോണ്‍സുലേറ്റ് നടത്തിയ നറുക്കെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്‍ സ്റ്റാഫ് അംഗത്തിനാണ് ഐ ഫോണ്‍ സമ്മാനമായി കിട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫോട്ടോ അടക്കമുള്ള തെളിവുകളുമായാണ് ചെന്നിത്തല രംഗത്തു വന്നത്. 2019 ഡിസംബര്‍ രണ്ടിന് നടന്ന യുഎഇ ദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനം. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന എപി രാജീവന്‍ അടക്കം മൂന്ന് പേര്‍ക്കാണ് സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി കിട്ടിയത്.

നിലവില്‍ എപി രാജീവന്‍ അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസറാണ്. ലക്കി ഡിപ്പ് വഴിയായിരുന്നു സമ്മാനം നല്‍കിയത്. തന്റെ സ്റ്റാഫില്‍ പെട്ട ഹബീബിന് ലക്കി ഡിപ്പില്‍ വാച്ച് സമ്മാനമായി കിട്ടിയിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ ആണ് ലക്കി ഡിപ്പ് സമ്മാനം കൊടുക്കാന്‍ ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രോട്ടോകോള്‍ ലംഘനത്തെ കുറിച്ചാണ് കോടിയേരി അടക്കമുള്ളവര്‍ ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു. വിവാദങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് അന്നത്തെ ആ ചടങ്ങില്‍ പങ്കെടുത്തത്. പ്രോട്ടോകോള്‍ ലംഘനം ഉറപ്പാക്കേണ്ട പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന് തന്നെ ഫോണ്‍ സമ്മാനമായി കിട്ടിയതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

താന്‍ ഐ ഫോണ്‍ സമ്മാനമായി വാങ്ങിയെന്ന സന്തോഷ് ഈപ്പന്റെ വാദം ശുദ്ധ അസംബന്ധമാണ്. ഒരു ഫോണ്‍ എവിടെയാണെന്ന് ഇപ്പോള്‍ കണ്ടെത്താനായി. മറ്റ് രണ്ട് ഫോണുകള്‍ എവിടെയാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. അത് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ എന്നല്ല ആര്‍ക്കെതിരെയും വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കാറില്ല. ഇന്നലെ കോടിയേരിക്കെതിരെ ആക്ഷേപം ഉന്നയിക്കേണ്ടി വന്നത് സഹികെട്ടത് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. വ്യക്തിപരമായും കുടുംബാംഗങ്ങളെ കുറിച്ചും എന്തിനധികം 23 വര്‍ഷം മുന്‍പ് മരിച്ച് പോയ അച്ഛനെ കുറിച്ച് വരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ എത്രകണ്ട് ക്ഷമിക്കാനാകുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *