റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാദമായ കാർഷിക ബില്‍ 2020-ന്റെ സംക്ഷിപ്തരൂപം

September 26, 2020 - 10:03 pm


തൃശ്ശൂർ: 2020 ജൂൺ അഞ്ചാം തീയതി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്റെ ഉള്ളടക്കത്തെയാണ് ഇപ്പോൾ ബില്ലിലൂടെ നിയമമാക്കിയിരിക്കുന്നത്. ഓർഡിനൻസിൽ ഉണ്ടായിരുന്ന രൂപത്തിൽ നിന്ന് കാര്യമായ മാറ്റം ബില്ലിൽ സംഭവിച്ചിട്ടില്ല.

ചെറുതും വിഭജിക്കപ്പെട്ട തുമായ തുണ്ടുഭൂമികളുടെ ഉടമസ്ഥരാണ് ഇന്ത്യൻ കർഷകരിൽ നല്ല പങ്കും. പ്രകൃതിയെ ആശ്രയിച്ചാണ് നല്ല പങ്ക് കർഷകരുടെയും കൃഷിവൃത്തികൾ. ഉൽപാദനത്തിലും അത് വിറ്റ് കാശാക്കുന്നതിലും അനിശ്ചിതത്വം സഹജമാണ്. ഉയർന്ന ഉല്പാദനക്ഷമത ഉണ്ടാകണം. ഉൽപാദനം ചെലവുകുറഞ്ഞതും ലാഭകരവും ആകണം. വളരെ ഫലപ്രദമായി ഉൽപ്പന്നങ്ങൾ വിറ്റ് കാശാക്കാൻ കർഷകർക്ക് കഴിയണം. അതിലൂടെ കാർഷിക ഉൽപ്പാദനം വർദ്ധിക്കണം. കാർഷിക മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ കാതലായ സ്വഭാവവും അതിനുള്ള പരിഹാരവും ബില്ലിൽ കണ്ടെത്തുന്നത് ഇങ്ങനെയാണ്.

കാർഷിക ഉൽപാദനത്തിലും ഉൽപ്പന്നങ്ങളുടെ സംസ്കരണത്തിലും മൂലധന മേഖലയുടെ കടന്നുവരവ് ഉണ്ടാകണം. ഇതിന് മൂലധന ശക്തികളെ കൃഷിക്കാരനുമായി ബന്ധിപ്പിക്കുകയും ഇടപെടുവിക്കുകയും ചെയ്യുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിലൂടെ കാർഷിക മേഖലയുടെ ധന വൽക്കരണം സാധ്യമാവുകയുള്ളൂ. ബില്ലിൻറെ ലക്ഷ്യം അതാണ്.

കോവിഡ് 19-ന്റെ വ്യാപനം, ലോക്ക്ഡോൺ എന്നിവ കാർഷിക മേഖലയെ പിടിച്ചുലച്ചു. കർഷകരെ ശാക്തീകരിക്കുന്നതിന് കൃഷിയുടെയും കർഷകരുടെയും പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കുന്ന മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഉൽപാദനം, വിപണനം, വിറ്റ് കാശാക്കൽ എന്നീ രംഗങ്ങളിൽ എല്ലാം വ്യാപിച്ചു നിൽക്കുന്ന മാറ്റങ്ങൾ സൃഷ്ടിക്കുവാനുള്ള നിയമനിർമാണം നടത്തിയേ പറ്റൂ. ഈ പശ്ചാത്തലത്തിലാണ് 2020 ജൂൺ അഞ്ചാം തീയതി ഈ നിയമത്തിനന്റെ പ്രാക് രൂപം ഒരു ഓർഡിനൻസായി അടിയന്തര പ്രാധാന്യത്തോടു കൂടി രാജ്യത്ത് നടപ്പാക്കിയത്.

ഈ നിയമമനുസരിച്ച് കർഷകനും കർഷകൻറെ ഉൽപ്പന്നങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന ആളും ചേർന്ന് നിയമസാധുതയോടെ ഉടമ്പടി ഉണ്ടാക്കാം. കർഷകൻ ഒരു വ്യക്തിയോ കർഷകരുടെ സംഘടനയോ സംഘമോ എന്തുമാകാം. അതേപോലെതന്നെ വാങ്ങുന്ന ആൾ എന്നതിന്റെ നിർവചനത്തിൽ ഒരു വ്യക്തിയോ ഒരു സ്ഥാപനമോ സ്ഥാപനങ്ങളുടെ കൂട്ടായ്മയോ എന്തുമാകാം. വാങ്ങുന്നയാൾക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ അത്രയും അളവിൽ ഉല്പാദിപ്പിച്ചു നൽകാമെന്ന ഉടമ്പടിയാണ് കർഷകരുമായി അല്ലെങ്കിൽ കർഷകരുടെ കൂട്ടായ്മയുമായി ഉണ്ടാക്കുന്നത്. അതിൻറെ വില നേരത്തെതന്നെ ഇരുകൂട്ടരും ചർച്ചചെയ്ത് സമ്മതിക്കുന്നു. വാങ്ങുന്ന ആളിൽ നിന്ന് ഉൽപ്പാദനത്തിന് ആവശ്യമുള്ള അഡ്വാൻസ് സ്വീകരിക്കാം.

നിശ്ചിത കാലയളവിൽ ഉൽപ്പന്നം കൈമാറി കർഷകൻ തുക കൈപ്പറ്റണം. ഈ വില താങ്ങുവില ഉള്ള ഉൽപന്നങ്ങളിൽ അതിനേക്കാൾ ഉയർന്നതായിരിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതാണ് ഈ നിയമത്തിന്റെ കാതൽ.

ഇങ്ങനെ കർഷകൻ അല്ലെങ്കിൽ ഭൂമിയുടെ ഉടമസ്ഥൻ ഒരു കരാർ ഉണ്ടാക്കുമ്പോൾ ആ ഭൂമി പാട്ടത്തിന് എടുത്തിട്ടുള്ള ആളുകളുടെ അവകാശങ്ങൾ കൂടി സംരക്ഷിച്ചു കൊണ്ടായിരിക്കണം. അതിന് ഹാനികരമാകരുതെന്ന് എന്നും നിയമം പറയുന്നു.

ഇരുകൂട്ടരും തമ്മിൽ ഉണ്ടാക്കുന്ന കരാറിന്റെ ഭാഗമായി ഉൽപ്പന്നത്തിന്റെ ഗുണമേന്മ, തരം, കാർഷിക ഉൽപ്പന്നത്തിന്റെ നിലവാരം ഇവയെല്ലാം തന്നെ പറഞ്ഞ് ഉറപ്പിക്കുന്നു. ഏതു വിധത്തിലാണ് കാർഷിക ഉൽപ്പന്നം കൈമാറ്റം ചെയ്യേണ്ടത് എന്ന് വ്യക്തമായി ഉടമ്പടിയിൽ ഉണ്ടാകണം.

എന്നാൽ കാർഷികോല്പന്നം വാങ്ങുന്ന ആൾക്ക് കർഷകൻറെ ഭൂമിയുടെ മേൽ ഏതെങ്കിലും തരത്തിലുള്ള അവകാശങ്ങൾ സിദ്ധിക്കുകയില്ല. ഭൂമിയിലോ അതിൻറെ പരിസരത്ത് വരുത്തിയ മാറ്റങ്ങളുടെ പേരിലോ എന്തെങ്കിലും സ്ഥിരാവകാശം ഉണ്ടാവുകയില്ല.

ഈ കരാറിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസിലൂടെ വിള പരിരക്ഷയും ആവശ്യമായ വായ്പ ലഭ്യതയും ഒരു അർഹതയായി ഉറപ്പുവരുത്തുന്നു.

ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇ-രജിസ്റ്റർ സംവിധാനത്തിലൂടെ ഈ ഉടമ്പടി രജിസ്റ്റർ ചെയ്യുവാനുള്ള അതോറിറ്റിക്ക് സർക്കാർ രൂപം കൊടുക്കുന്നു. അതുപോലെതന്നെ കരാർ സംബന്ധിച്ച് എന്തെങ്കിലും തർക്കങ്ങൾ കക്ഷികൾക്കിടയിൽ രൂപപ്പെട്ടാൽ അത് പരിഹരിക്കുന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളോടുകൂടി സബ് കളക്ടർ തലത്തിലോ കളക്ടർ തലത്തിലോ തർക്ക പരിഹാര സമിതികൾ രൂപീകരിച്ച് പ്രവർത്തിപ്പിച്ച് പ്രശ്നങ്ങൾ പരിഹരിക്കും.

2020 ജൂൺ 5 മുതലുള്ള ഉള്ള പ്രാബല്യത്തോടെയാണ് ഈ നിയമം പാസാക്കപ്പെട്ടിരിക്കുന്നത്.

കർഷകന് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നയാൾക്ക് വാങ്ങുന്നതിനും ഇലക്ട്രോണിക് ട്രേഡിങ് സംവിധാനങ്ങൾ ഉണ്ടാകും. ഇൻറർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്തി കർഷകർക്ക് അവരുടെ ഉല്പാദിപ്പിക്കാൻ പോകുന്ന ഉൽപ്പന്നങ്ങളുടെ വില ആവശ്യപ്പെടാം. വാങ്ങാനുള്ളവർക്ക് അതുമായി യോജിക്കാൻ കഴിയുമെങ്കിൽ യോജിച്ച് കരാർ ഉണ്ടാക്കാം. ഈ വിധത്തിലുള്ള ഓൺലൈൻ ഇലക്ട്രോണിക് ട്രേഡിങ് സംവിധാനം ഉണ്ടാകും.

ഉൽപാദനത്തിൻറെ ഭാഗമായി കൃഷിക്കാരന് ലഭ്യമാകേണ്ട കാർഷിക സേവനങ്ങൾ എന്നുള്ളതിന്റെ പരിധിയിൽ വിത്ത്, വളം, കാലി തീറ്റ, കാർഷിക സംബന്ധമായ രാസവസ്തുക്കൾ, ഉപകരണങ്ങൾ, യന്ത്രസാമഗ്രികൾ, സാങ്കേതികവിദ്യ , സാങ്കേതിക ഉപദേശം, രാസസ്വഭാവമില്ലാത്ത കാർഷിക ഉപാധികൾ ഇവയെല്ലാം പെടും.

ഭക്ഷ്യഎണ്ണ കുരുക്കൾ,എണ്ണ,ഗോതമ്പ് അരി തുടങ്ങിയ എല്ലാവിധ ധാന്യങ്ങളും പയറിനങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കായകൾ, കരിമ്പ്, കോഴി, പന്നി, ആട്, മത്സ്യം, പാൽ, പാലുൽപന്നങ്ങൾ എന്നിവയും കാലിത്തീറ്റ, സംസ്കരിക്കാത്ത പഞ്ഞിക്കുരു, സംസ്കരിക്കാത്ത ചണം ഇവയൊക്കെയാണ് നിയമത്തിൻറെ പരിധിയിൽ വരുന്ന കാർഷിക ഉൽപ്പന്നങ്ങൾ.

കരാറിൽ ഉൽപ്പന്നം കൃത്യമായി എപ്പോൾ നൽകുമെന്ന കാര്യം, അതിൻറെ ഗുണനിലവാരം തരം, വില തുടങ്ങി കാര്യങ്ങൾ ഉണ്ടാകും. കരാറിനെ കുറഞ്ഞ കാലാവധി മതി ഒരു വിളവിന്റെ കാലമോ കോഴി, ആട് എന്നിവ പോലെയുള്ളവയുടെ കാര്യത്തിൽ അവർ പ്രായപൂർത്തിയായി വിൽപ്പനയ്ക്ക് യോഗ്യം ആകുന്ന സമയം വരെയോ ആണ് . എന്നാൽ പരമാവധി കാലാവധി 5 വർഷമാണ്. ഈ അഞ്ചു വർഷക്കാലയളവിൽ അപ്പുറം മാത്രം പൂർത്തിയാക്കുന്ന തരം കാർഷിക ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഇരുകൂട്ടർക്കും അത് സൂചിപ്പിച്ചുകൊണ്ട് ഉടമ്പടി ഉണ്ടാക്കാം.

ഈ ഉടമ്പടിയുടെ മാതൃക കേന്ദ്രസർക്കാർ പുറപ്പെടുവിക്കും. ഇത് കർഷകർക്കും ഉടമ്പടിയിൽ ഏർപ്പെടുന്ന വ്യാപാരിക്കും സ്വീകരിക്കാവുന്നതാണ്.

ഉൽപ്പന്നത്തിന് ഗുണനിലവാരം സംബന്ധിച്ച് ഇരുകൂട്ടരും സമ്മതിച്ച മാനദണ്ഡങ്ങൾ ഉണ്ടാകും. അത് ഉറപ്പാക്കുന്നതിനും പരിശോധിക്കുന്നതിനും മൂന്നാം കക്ഷിയുടെ ചുമതലപ്പെടുത്തുന്നതിനും കഴിയും.

വാങ്ങിയ ആൾ ഉൽപ്പാദിപ്പിച്ച സ്ഥലത്തുനിന്ന് സാധനം ശേഖരിക്കണം. ഉടമ്പടിയിൽ പറയുന്ന സമയത്ത് തന്നെ അത് വാങ്ങിയിരിക്കണം. സമയത്ത് തന്നെ വാങ്ങിച്ചു കൊണ്ടുപോകുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിരിക്കണം. കരാറിൽ പറഞ്ഞിട്ടുള്ള ഗുണം നിലവാരം അടക്കമുള്ള എല്ലാ കാര്യങ്ങളും വാങ്ങുന്നതിനുമുമ്പ് പരിശോധിച്ച് ഉറപ്പാക്കണം.

വിത്ത് ഉത്പാദനം പോലെയുള്ള ഉള്ള കാര്യങ്ങളുടെ ഉടമ്പടിയിൽ ഉൾപ്പെടുന്ന സമയത്ത് തന്നെ മൂന്നിൽ രണ്ട് വില കർഷകന് നൽകിയിരിക്കണം. ബാക്കി സർട്ടിഫിക്കേഷനു ശേഷം വാങ്ങുമ്പോൾ നൽകിയാൽ മതി. പക്ഷേ വാങ്ങി 30 ദിവസത്തിനകം ബാക്കിതുക നൽകിയിരിക്കണം.

കർഷകന് ഏതുവിധത്തിൽ പണം നൽകണം എന്നതിനെ സംബന്ധിച്ച് സംസ്ഥാന സർക്കാരിന് മാനദണ്ഡങ്ങളും തീരുമാനങ്ങളും എടുക്കാവുന്നതാണ്. ഉടമ്പടി കാലാവധി കഴിഞ്ഞാൽ ഉടൻതന്നെ കൃഷിഭൂമിയിൽ എന്തെങ്കിലും മാറ്റങ്ങളോ നിർമ്മാണങ്ങളോ ഉടമ്പടിയിൽ ഏർപ്പെട്ട വ്യാപാരി നടത്തിയിട്ടുണ്ടെങ്കിൽ അവ സ്വന്തം ചിലവിൽ നീക്കം ചെയ്യേണ്ടതാണ്. നീക്കം ചെയ്തില്ലെങ്കിൽ അവയെല്ലാംതന്നെ കർഷകന്റെ സ്വത്തുക്കളായി മാറും.

ഉടമ്പടിയിൽ പറയുന്ന കാർഷികവൃത്തിയുമായി ബന്ധപ്പെട്ട സൗകര്യങ്ങളോ സേവനങ്ങൾ ചെയ്യുന്ന മറ്റൊരാളുടെ സാന്നിധ്യം ഉണ്ടെങ്കിൽ അത് സംബന്ധിച്ച് വ്യക്തമായി ഉടമ്പടിയിൽ പറഞ്ഞിരിക്കണം.

ഉടമ്പടിയിൽ ഏർപ്പെട്ടതിനുശേഷം രണ്ടുകൂട്ടർക്കും സമ്മതമെങ്കിൽ ഏതുസമയത്തും ഉടമ്പടി റദ്ദാക്കുന്നതിനോ മാറ്റങ്ങൾ വരുത്തുന്നതിനോ കഴിയുന്നതാണ്. പക്ഷേ അതിന് മതിയായ കാരണം കാണിച്ചിരിക്കണം സംസ്ഥാന സർക്കാർ ഇത്തരം ഉടമ്പടികളുടെ നിയമസാധുതയോടെ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ചെയ്യണം.

ഉടമ്പടി സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കുന്നതിനുള്ള സംവിധാനവും നിയമത്തിൽ പറയുന്നുണ്ട്. തർക്കങ്ങൾ പരിഹരിക്കുന്നതിന് ഇരുകൂട്ടരുടെയും അനുരഞ്ജനം ഉണ്ടാക്കാനുള്ള അധികാരം സബ് ഡിവിഷണൽ മജിസ്ട്രേറ്റിനാണ്. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അനുരഞ്ജനം ഉണ്ടാക്കുന്നതിനുവേണ്ടി ഒരു സമിതിയെ നിയോഗിക്കാം.
തർക്കം ലഭിച്ച് 30 ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാക്കണം. എല്ലാ പക്ഷത്തെയും കേട്ടതിനു ശേഷം മാത്രമേ തീരുമാനമെടുക്കാൻ പാടുള്ളൂ.

കർഷകന് ലഭിക്കാനുള്ള കുടിശിക യഥാസമയം കൊടുത്തില്ല എങ്കിൽ സ്പോൺസർ കുടിശ്ശിക തുകയുടെ 50 ശതമാനം കൂടി കൂടുതല്‍ നൽകണം.
സബ് ഡിവിഷനൽ അധികാരിയുടെ തീരുമാനത്തിൽ വിയോജിപ്പുള്ളവർക്ക് കളക്ടറോ അഡിഷണൽ കളക്ടറോ അധികാരി ആയിട്ടുള്ള അപ്പീൽ ചുമതലക്കാരെ സമീപിക്കാം. അപ്പീൽ കേൾക്കുന്നതിന് വേണ്ട സമിതിയെ ഇവർ രൂപീകരിക്കും. എല്ലാ അപ്പീൽ തീരുമാനങ്ങൾക്കും സിവിൽ കോടതിയുടെ ഉത്തരവിന്റെ നിയമപ്രാബല്യം ഉണ്ട് .

ബന്ധപ്പെട്ട കക്ഷികളെയോ സാക്ഷികളേയോ സമൻസ് അയച്ച് വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തി തീരുമാനം എടുക്കുവാൻ കഴിയും.
ഏതെങ്കിലും വിധത്തിലുള്ള കുടിശ്ശികയുടെ പേരിൽ കർഷകരുടെ ഭൂമിയിൽ ഒരുവിധത്തിലുള്ള ഈടാക്കൽ നടപടി നടത്താൻ പാടില്ല.

നിയമത്തിൻറെ നടപ്പാക്കൽ അനുസരിച്ച് കാലാകാലങ്ങളിൽ കേന്ദ്രസർക്കാർ വേണ്ട മാർഗ്ഗനിർദ്ദേശങ്ങളോ മാനദണ്ഡങ്ങളോ കൊണ്ടുവരും. അതിനുള്ള അധികാരം കേന്ദ്രസർക്കാരിനുണ്ട് .

ഇതിൽ ഉൾപ്പെട്ടിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥന്മാർ അവരുടെ മുമ്പിൽ വന്ന തെളിവുകളുടെയും കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ എടുക്കുന്ന ഏതു തീരുമാനത്തിന്റെയും പേരിൽ അവർക്കെതിരെ നടപടികൾ എടുക്കുവാൻ പാടില്ലാത്തതാണ്. സിവിൽ കോടതികൾക്ക് ഈ ഉടമ്പടിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഇടപെടാൻ അധികാരമില്ല. സ്റ്റോക്ക് എക്സ്ചേഞ്ച് പോലെയുള്ള മേഖലകളിലെ വിനിമയ പ്രവർത്തനങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരികയില്ല. കേന്ദ്രസർക്കാരിന് ഇതുസംബന്ധിച്ച് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും പുതിയവ രൂപീകരിക്കുന്നതിനും അധികാരമുണ്ട്. അവ ഗസറ്റിൽ പ്രസിദ്ധീകരിക്കും.

ഈ നിയമത്തിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് സർക്കാർ സംസ്ഥാന സർക്കാരിനും അധികാരമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *