ആലപ്പുഴ, 2026 നവംബർ 18 –
തുഴഞ്ഞുപോയ വള്ളങ്ങൾ, മീൻപിടിത്തക്കാരുടെ പാട്ടുകൾ, കക്ക വാരുന്ന തൊഴിലാളികൾ, പാടശേഖരങ്ങളിലേക്ക് നെല്ലും തേങ്ങയും കൊണ്ടുപോയിരുന്ന പത്തേമാരികൾ… ഒരുകാലത്ത് വേമ്പനാട് കായൽ അങ്ങനെയായിരുന്നു. ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതവും മത്സ്യങ്ങളുടെയും ദേശാടനപ്പക്ഷികളുടെയും ആവാസകേന്ദ്രവും ചേർന്നൊരു വലിയ ജൈവലോകം. എന്നാൽ ഇന്ന് അതേ കായൽ മലിനജലവും മാലിന്യങ്ങളും നിറഞ്ഞ് ശ്വാസംമുട്ടുകയാണ്. മനുഷ്യന്റെ അശാസ്ത്രീയ ഇടപെടലുകളും നീരൊഴുക്കിലെ തടസ്സങ്ങളും ജലമലിനീകരണവും ചേർന്നാണ് ഈ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.
കടലിനും കരയ്ക്കുമിടയിലെ അത്ഭുതലോകം
കേരളത്തിന്റെ പടിഞ്ഞാറൻ തീരത്ത് ആലപ്പുഴ മുതൽ വടക്ക് അഴീക്കോട് വരെ നീണ്ടുകിടക്കുന്ന വേമ്പനാട് കായൽ രാജ്യത്തെ പ്രധാന തണ്ണീർത്തടങ്ങളിലൊന്നാണ്. വീരൻപുഴ, കൊച്ചി കായൽ, കൈതപ്പുഴ, പുന്നമട, വൈക്കം കായൽ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ജലാശയത്തിലേക്ക് പെരിയാർ, മൂവാറ്റുപുഴ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പമ്പ എന്നീ ആറു നദികൾ ഒഴുകിയെത്തുന്നു. മഴക്കാലത്ത് നദികളിൽനിന്നുള്ള ശുദ്ധജലവും വേനൽക്കാലത്ത് കടലിൽനിന്നുള്ള ഉപ്പുവെള്ളവും മാറിമാറി എത്തുന്നതാണ് ഇവിടത്തെ പ്രത്യേകത.
വെള്ളപ്പൊക്കത്തെ തടഞ്ഞ പ്രകൃതിയുടെ കവചം
വെള്ളപ്പൊക്കത്തിലെ അധികജലം സംഭരിക്കാനും നിയന്ത്രിതമായി കടലിലേക്ക് ഒഴുക്കാനും വേമ്പനാടിന് കഴിവുണ്ട്. കായലിലെ കണ്ടൽക്കാടുകളും കൈതയും മറ്റ് സസ്യങ്ങളും പ്രകൃതിദത്ത സംരക്ഷണഭിത്തിയായി പ്രവർത്തിക്കുന്നു. മുന്നൂറിലേറെ സസ്യവർഗങ്ങളും നിരവധി മത്സ്യങ്ങളും ദേശാടനപ്പക്ഷികളും ഇവിടെ ജീവിക്കുന്നു. കൃഷി, മത്സ്യബന്ധനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലൂടെ അറുപതിനായിരത്തോളം കുടുംബങ്ങൾക്ക് ഈ തണ്ണീർത്തടം ഉപജീവനമാർഗം നൽകുന്നു. ഈ പ്രാധാന്യം പരിഗണിച്ചാണ് 2002ൽ വേമ്പനാട്-കോൾ പ്രദേശത്തിന് അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തട പദവി ലഭിച്ചത്.
തണ്ണീർമുക്കം ബണ്ട് മാറ്റിയ കായലിന്റെ താളം
കുട്ടനാട്ടിലെ നെൽകൃഷിയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനാണ് തണ്ണീർമുക്കം ബണ്ട് നിർമിച്ചത്. എന്നാൽ ബണ്ട് ദീർഘകാലം അടച്ചിടുന്നതും ശാസ്ത്രീയ പരിപാലനത്തിന്റെ കുറവും കായലിന്റെ സ്വാഭാവിക നീരൊഴുക്കിനെ ബാധിച്ചു. തെക്കൻ ഭാഗത്ത് എക്കലും പായലും ജൈവാവശിഷ്ടങ്ങളും അടിഞ്ഞുകൂടി. കായലിന്റെ വടക്കൻ ഭാഗവും തെക്കൻ ഭാഗവും തമ്മിലുള്ള സ്വാഭാവിക ജലവിനിമയത്തിലും മാറ്റമുണ്ടായി.
തോട്ടപ്പള്ളി സ്പിൽവേയും പ്രളയപ്രതിസന്ധിയും
കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കാനാണ് തോട്ടപ്പള്ളി സ്പിൽവേ നിർമിച്ചത്. എന്നാൽ കടൽ പ്രക്ഷുബ്ധമാകുന്ന സമയത്ത് ആവശ്യത്തിന് വെള്ളം പുറത്തേക്ക് ഒഴുക്കാൻ കഴിയാത്ത അവസ്ഥയും ചാനലിലെ മണൽനിക്ഷേപവും പ്രതിസന്ധി സൃഷ്ടിച്ചു. 2018ലെയും 2019ലെയും പ്രളയകാലത്ത് തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമായെന്ന വിമർശനവും ഉയർന്നു.
പാക്കേജ് പ്രഖ്യാപിച്ചു, പരിഹാരം എവിടെ?
2007ൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സമർപ്പിച്ച പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1,840 കോടി രൂപയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. ബണ്ടിലെ ഷട്ടറുകൾ ശാസ്ത്രീയമായി നിയന്ത്രിക്കുക, കായലിൽ അടിഞ്ഞുകൂടിയ എക്കലും മണ്ണും നീക്കുക, തോട്ടപ്പള്ളി സ്പിൽവേയുടെ ചാനൽ ആഴം കൂട്ടുക തുടങ്ങിയവയായിരുന്നു പ്രധാന നിർദേശങ്ങൾ. എന്നാൽ ഇവ പൂർണമായി നടപ്പാക്കാത്തത് കായലിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി .
മത്സ്യസമ്പത്ത് കുറഞ്ഞു, തൊഴിലാളികളുടെ ജീവിതവും തകർന്നു
1980കളിൽ പ്രതിവർഷം പതിനാറായിരം ടണ്ണായിരുന്ന കായലിലെ മത്സ്യബന്ധന ഉൽപാദനം 2012 ആയപ്പോഴേക്കും 4,387 ടണ്ണായി കുറഞ്ഞു. 1985ൽ കണ്ടെത്തിയ ഏകദേശം 150 മത്സ്യയിനങ്ങളിൽ 2019ൽ 88 ഇനങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. ആറ്റുകൊഞ്ചിന്റെയും കറുത്ത കക്കയുടെയും ലഭ്യതയിലും വലിയ ഇടിവുണ്ടായി. വിദേശ മത്സ്യയിനങ്ങളുടെ കടന്നുകയറ്റവും തദ്ദേശീയ മത്സ്യങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായി.
വേമ്പനാട് ഇല്ലാതായാൽ നഷ്ടമാകുന്നത് ഒരു കായൽ മാത്രമല്ല
നദികളിൽനിന്നുള്ള മാലിന്യങ്ങളും കായലിലെ മലിനജലവും ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. ജലജന്യരോഗങ്ങളെക്കുറിച്ചുള്ള ആശങ്കയും തീരഗ്രാമങ്ങളിൽ ശക്തമാണ്. കാലാവസ്ഥാ വ്യതിയാനവും പ്രളയവും കടൽക്ഷോഭവും സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. വേമ്പനാടിന്റെ തകർച്ച മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും ജീവിതത്തെ മാത്രമല്ല, കേരളത്തിന്റെ പരിസ്ഥിതിയെയും സംസ്കാരത്തെയും ബാധിക്കും.
കായലിനെ വീണ്ടെടുക്കണമെങ്കിൽ പ്രഖ്യാപനങ്ങൾക്കപ്പുറം ശാസ്ത്രീയമായ ജലനിയന്ത്രണം, നീരൊഴുക്ക് പുനഃസ്ഥാപിക്കൽ, മാലിന്യനിയന്ത്രണം, കുട്ടനാട് പാക്കേജിലെ നിർദേശങ്ങൾ നടപ്പാക്കൽ എന്നിവയ്ക്ക് മുൻഗണന നൽകണം. വേമ്പനാടിനെ സംരക്ഷിക്കുക എന്നത് ഒരു ജലാശയത്തെ സംരക്ഷിക്കുക മാത്രമല്ല, അതിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരുടെയും ജീവജാലങ്ങളുടെയും ഭാവി സംരക്ഷിക്കുക കൂടിയാണ്.
Sources
Ramsar Convention on Wetlands: Vembanad-Kol Wetland Information.
Centre for Earth Science Studies: Studies on Vembanad Wetland Ecosystem.
M. S. Swaminathan Research Foundation: Kuttanad Package Report, 2007.
Government of Kerala: Kuttanad Package and Wetland Conservation Records.