ന്യൂഡൽഹി / 2026 / നവംബർ 18
2026–27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ 1,09,540 കോടി രൂപയുടെ അറ്റലാഭം നേടി. മുൻവർഷത്തെ ഇതേ കാലയളവിനെക്കാൾ 16.9 ശതമാനം കൂടുതലാണിത്. മൊത്തം ബിസിനസ് ആദ്യമായി 300 ലക്ഷം കോടി രൂപ കടന്നു. കിട്ടാക്കടത്തിന്റെ അനുപാതവും ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. കേന്ദ്രസർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങളും ബാങ്കുകളുടെ ഭരണനിലവാരം മെച്ചപ്പെട്ടതും ഈ നേട്ടങ്ങൾക്ക് സഹായകമായെന്ന് ഡൽഹിയിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വൈകിട്ട് 4.43ന് പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.
തുടർച്ചയായി അഞ്ചാം വർഷവും ലാഭം ഉയർന്നു
പൊതുമേഖലാ ബാങ്കുകളുടെ മൊത്തം അറ്റലാഭം ഏകദേശം 1.10 ലക്ഷം കോടി രൂപയാണ്. പ്രവർത്തനലാഭം 13.9 ശതമാനം ഉയർന്ന് 1.81 ലക്ഷം കോടി രൂപയായി. ആസ്തിയിൽ നിന്നുള്ള വരുമാനനിരക്ക് മുൻവർഷത്തെക്കാൾ 0.03 ശതമാന പോയിന്റ് ഉയർന്ന് 1.11 ശതമാനത്തിലെത്തി. അറ്റലാഭവും പ്രവർത്തനലാഭവും തുടർച്ചയായി അഞ്ചാം വർഷവും ഉയർന്നു. സർക്കാർ നടപ്പാക്കിയ വിപുലമായ പരിഷ്കാരങ്ങളുടെയും മെച്ചപ്പെട്ട ഭരണനിലവാരത്തിന്റെയും ഫലമാണിതെന്ന് അറിയിപ്പിൽ പറയുന്നു.

മൊത്തം ബിസിനസ് 300 ലക്ഷം കോടി കടന്നു
സെപ്റ്റംബർ 30ന് ബാങ്കുകളുടെ മൊത്തം ബിസിനസ് 301.6 ലക്ഷം കോടി രൂപയിലെത്തി. ഒരു വർഷത്തിനിടെ 15.5 ശതമാനമാണ് വളർച്ച. മൊത്തം നിക്ഷേപം 13.1 ശതമാനം ഉയർന്ന് 275 ലക്ഷം കോടി രൂപയായും മൊത്തം വായ്പ 18.8 ശതമാനം ഉയർന്ന് 136.4 ലക്ഷം കോടി രൂപയായും റിപ്പോർട്ടിൽ രേഖപ്പെടുത്തി. അതേസമയം, അറിയിപ്പിന്റെ തുടക്കത്തിലെ ചുരുക്കത്തിൽ മൊത്തം വായ്പയായി 127 ലക്ഷം കോടി രൂപയാണ് നൽകിയിരിക്കുന്നത്. അവിടെയും വളർച്ച 18.8 ശതമാനമാണ്. വ്യക്തിഗത വായ്പ 17 ശതമാനവും കാർഷിക വായ്പ 19.5 ശതമാനവും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പ 20.4 ശതമാനവും വളർന്നു. മൂന്നു മേഖലകളിലും വായ്പ ഉയർന്നത് പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും കൂടുതൽ പേരിലേക്ക് ബാങ്കിങ് സേവനം എത്തിക്കുന്നതിനും ബാങ്കുകൾ നൽകുന്ന പിന്തുണ വ്യക്തമാക്കുന്നു.

കിട്ടാക്കടം ഏറ്റവും താഴ്ന്ന നിലയിൽ
സെപ്റ്റംബർ 30ന് മൊത്തം നിഷ്ക്രിയ ആസ്തികളുടെ അനുപാതം 1.69 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തികളുടെ അനുപാതം 0.33 ശതമാനമായും കുറഞ്ഞു. പുതുതായി നിഷ്ക്രിയ ആസ്തികളായി മാറിയ വായ്പകളുടെ നിരക്ക് 0.62 ശതമാനമാണ്. വായ്പ അനുവദിക്കുന്നതിന് മുമ്പുള്ള വിലയിരുത്തൽ മെച്ചപ്പെട്ടതിന്റെ ഫലമാണിത്. കുടിശ്ശിക തിരിച്ചുപിടിക്കുന്നതിലും വായ്പകൾ സാധാരണ തിരിച്ചടവ് നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിലുമുള്ള പുരോഗതി സൂചിപ്പിക്കുന്ന നിരക്ക് 21.1 ശതമാനമായി. കിട്ടാക്കടം മൂലമുള്ള നഷ്ടം നേരിടാൻ എല്ലാ പൊതുമേഖലാ ബാങ്കുകളും നീക്കിവച്ച തുകയുടെ അനുപാതം 90 ശതമാനത്തിന് മുകളിലാണ്. ബാങ്കുകൾ കരുതലോടെ പ്രവർത്തിക്കുന്നതും സാമ്പത്തികമായി ആഘാതങ്ങളെ ചെറുക്കാൻ കഴിയുന്ന നിലയിലാണെന്നതും ഈ കണക്കുകൾ വ്യക്തമാക്കുന്നു.

മൂലധനം കൂടി, വരുമാനത്തോടുള്ള ചെലവിന്റെ അനുപാതം കുറഞ്ഞു
ലാഭത്തിൽ കൂടുതൽ തുക ബാങ്കുകളിൽ തന്നെ നിലനിർത്തിയും കൂടുതൽ മൂലധനം സമാഹരിച്ചും പൊതുമേഖലാ ബാങ്കുകൾ ചട്ടപ്രകാരം വേണ്ട കുറഞ്ഞ പരിധിക്കു മുകളിൽ മൂലധന കരുതൽ നിലനിർത്തി. വായ്പ വർധിപ്പിക്കാനും ബാങ്കിങ് മേഖലയെ ബാധിക്കുന്ന ആഘാതങ്ങൾ നേരിടാനും ഇത് സഹായിക്കും. സെപ്റ്റംബർ 30ന് മൂലധന പര്യാപ്തതാ അനുപാതം 16.89 ശതമാനമായിരുന്നു. മുൻവർഷത്തെക്കാൾ 0.93 ശതമാന പോയിന്റ് കൂടുതലാണിത്. റിസ്ക് കണക്കിലെടുത്ത് നിർണയിക്കുന്ന ആസ്തികളുടെ അനുപാതം 0.94 ശതമാന പോയിന്റ് കുറഞ്ഞ് 47.9 ശതമാനമായതും ഇതിന് സഹായിച്ചു. സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ വരുമാനത്തോടുള്ള ചെലവിന്റെ അനുപാതം 1.91 ശതമാന പോയിന്റ് കുറഞ്ഞ് 47.38 ശതമാനമായി. ആസ്തിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള ചെലവ് 0.14 ശതമാന പോയിന്റ് കുറഞ്ഞ് 1.60 ശതമാനമായതും ഈ നേട്ടത്തിന് സഹായിച്ചു. സാങ്കേതികവിദ്യയിലും ഡിജിറ്റൽ മാറ്റങ്ങളിലും നടത്തിയ നിക്ഷേപം പ്രവർത്തനം കാര്യക്ഷമമാക്കാനും ചെലവ് നിയന്ത്രിക്കാനും സഹായിച്ചതായി അറിയിപ്പിൽ പറയുന്നു.
ബാങ്കുകളുടെ പ്രവർത്തനത്തിൽ മാറ്റം കൊണ്ടുവന്ന പരിഷ്കാരങ്ങൾ
ലാഭം, ബിസിനസ് വളർച്ച, ആസ്തികളുടെ ഗുണനിലവാരം, മൂലധനസ്ഥിതി എന്നിവയിൽ തുടർച്ചയായ പുരോഗതിയാണ് പൊതുമേഖലാ ബാങ്കുകളുടെ മൊത്തം പ്രവർത്തനത്തിൽ വന്ന മാറ്റം കാണിക്കുന്നത്. സാങ്കേതികവിദ്യയും മെച്ചപ്പെട്ട ഭരണനിലവാരവും ഉപയോഗിച്ച് വായ്പാ അപേക്ഷകൾ കൂടുതൽ കൃത്യമായി വിലയിരുത്താനും ആവശ്യത്തിന് വായ്പ ലഭ്യമാക്കാനും ബാങ്കുകൾക്ക് കഴിയുന്നു. ഭരണനിലവാരവും പ്രവർത്തനക്ഷമതയും ഉയർത്തുക, ബാങ്കിങ് ഇടപാടുകളിൽ കൂടുതൽ കരുതൽ പുലർത്തുക, റിസ്ക് കൈകാര്യം ചെയ്യാനുള്ള ശേഷി മെച്ചപ്പെടുത്തുക, സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തനം പുതുക്കുക എന്നിവയാണ് സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ലക്ഷ്യം. സാമ്പത്തികമായി ശക്തമായ പൊതുമേഖലാ ബാങ്കുകൾ ഉറപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധതയുടെ ഫലമാണ് ഈ പ്രകടനമെന്നും 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ വളർച്ചയ്ക്ക് ഈ നടപടികൾ പിന്തുണ നൽകുമെന്നും അറിയിപ്പിൽ പറയുന്നു.

.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.