കൊച്ചി: ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും സ്കൂള്‍ ഫീസടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി. കോവിഡ് പ്രതിസന്ധി മൂലമുള്ള ദുരിതങ്ങള്‍ വിലയിരുത്തിയാണ് കോടതിയുടെ ഇടപെടല്‍. ആലുവ മണലിമുക്ക് സെയിന്റ് ജോസഫ് പബ്ലിക് സ്കൂളിലെ ഏഴ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. 23-9-2020 ല്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ഫീസ് എപ്പോള്‍ അടയ്ക്കാന്‍ കഴിയുമെന്ന് പരാതിക്കാര്‍ അപ്പോള്‍ കോടതിയെ അറിയിക്കണം. ഇക്കാര്യത്തില്‍ കോടതി സ്കൂളിന്റെയും സി.ബി.എസ്.ഇ യുടെയും വിശദീകരണവും തേടി. സ്കൂള്‍ ഫീസിന് പുറമേ 5500 രൂപ അടയ്ക്കണമെന്നാണ് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നത്. തുക അടച്ചില്ലെങ്കില്‍ 530 കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും വിദ്യാര്‍ഥികളെ ഒഴിവാക്കുമെന്ന് നോട്ടീസും നല്‍കിയിരുന്നു. 13-9-2020 ന് ഫീസടയ്ക്കാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കള്‍ ഹര്‍ജി നല്‍കിയത്.
ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും സ്കൂള്‍ ഫീസടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കരുത്; ഹൈക്കോടതി
