ന്യൂഡൽഹി / 2026 / നവംബർ 16
ഇന്ത്യയുടെ അയ്യായിരത്തിലേറെ വർഷത്തെ നാഗരിക പൈതൃകം വരുംതലമുറകൾക്കായി സംരക്ഷിക്കാനും ജനങ്ങൾക്ക് പരിചയപ്പെടുത്താനും ന്യൂഡൽഹിയിൽ യുഗ യുഗീൻ ഭാരത് മ്യൂസിയം ഒരുങ്ങുന്നു. ചരിത്രപ്രസിദ്ധമായ നോർത്ത് ബ്ലോക്കിലും സൗത്ത് ബ്ലോക്കിലുമായി കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. 3,230 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 2026 നവംബർ 11ന് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 മേയ് 18നാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. നൂറ്റാണ്ടുകളിലൂടെ വളർന്നുവന്ന ഇന്ത്യയുടെ കല, വാസ്തുവിദ്യ, വിജ്ഞാനപാരമ്പര്യം, ആചാരങ്ങൾ, സാംസ്കാരിക രീതികൾ എന്നിവ ഇവിടെ അവതരിപ്പിക്കും. വസ്തുരൂപത്തിലുള്ള പൈതൃകത്തിനൊപ്പം ആചാരങ്ങളും അറിവുകളും പോലുള്ള അമൂർത്ത പൈതൃകവും ഒരുമിച്ച് പരിചയപ്പെടുത്തും. ഇന്ത്യയുടെ നാഗരിക യാത്രയുടെ തുടർച്ചയും വൈവിധ്യവും സമ്പന്നതയും വ്യക്തമാക്കുന്ന ജനങ്ങളുടെ മ്യൂസിയമാണ് ലക്ഷ്യം. ചരിത്രശേഖരങ്ങൾ, വിഷയാധിഷ്ഠിത ഗാലറികൾ, ആധുനിക പ്രദർശന സാങ്കേതികവിദ്യകൾ എന്നിവ ഇതിന്റെ ഭാഗമാകും. ഇന്ത്യക്കാരും വിദേശസന്ദർശകരും ഗവേഷകരും ഉൾപ്പെടെയുള്ളവർക്ക് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം അടുത്തറിയാൻ ഇതിലൂടെ അവസരമൊരുങ്ങും.

ചരിത്രം നിലനിർത്തി കെട്ടിടങ്ങൾക്ക് പുതിയ ദൗത്യം
സൗത്ത് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് ഏകദേശം 95 വർഷം പിന്നിട്ടപ്പോൾ, 2026 ഫെബ്രുവരി 13 വരെയും നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും സർക്കാർ ഭരണത്തിന്റെ കേന്ദ്രങ്ങളായി പ്രവർത്തിച്ചു. സ്വാതന്ത്ര്യലബ്ധി മുതൽ പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്കിലായിരുന്നു. 16 പ്രധാനമന്ത്രിമാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗങ്ങൾക്കും ഈ കെട്ടിടങ്ങൾ വേദിയായി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാ തീർഥിലേക്കും കർത്തവ്യ ഭവനുകളിലേക്കും സർക്കാർ ഓഫീസുകൾ മാറ്റിയതോടെയാണ് ഇവ മ്യൂസിയമാക്കി മാറ്റുന്നത്. നിലവിലുള്ള കെട്ടിടങ്ങളെ പുതിയ ആവശ്യത്തിന് അനുയോജ്യമാക്കുന്ന രീതിയിലാണ് വികസനം. ചരിത്രസ്വഭാവവും പുറംമുഖങ്ങളും വാസ്തുവിദ്യയുടെ തനിമയും നിലനിർത്താൻ ആവശ്യമായ ഏറ്റവും കുറഞ്ഞ മാറ്റങ്ങൾ മാത്രമേ വരുത്തൂ. നടുമുറ്റങ്ങളും ഇടനാഴികളും മുറികളും ഗാലറികളും പ്രദർശനമേഖലകളുമായി മാറ്റും. ഇവയെ പരസ്പരം ബന്ധപ്പെടുത്തി ഏകീകൃത മ്യൂസിയം അനുഭവം ഒരുക്കും. പൈതൃകസംരക്ഷണത്തിനൊപ്പം ആധുനിക പ്രദർശനസൗകര്യങ്ങളും സന്ദർശകസൗകര്യങ്ങളും സജ്ജമാക്കും. വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനും എല്ലാവർക്കും ഉപയോഗിക്കാവുന്ന സൗകര്യങ്ങൾക്കും മുൻഗണന നൽകും. പൈതൃകവും ആധുനിക മ്യൂസിയം സംവിധാനങ്ങളും ഒത്തുചേരുന്ന പ്രധാന സാംസ്കാരിക കേന്ദ്രമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഒരു ലക്ഷം ചതുരശ്ര മീറ്ററിലേറെ പ്രദർശനസ്ഥലം
നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും ഉൾപ്പെടുന്ന സമുച്ചയത്തിൽ ഏകദേശം 1,78,509 ചതുരശ്ര മീറ്റർ നിർമിത വിസ്തീർണമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒരു ലക്ഷം ചതുരശ്ര മീറ്ററിലേറെ പ്രദർശനത്തിനായി ഒരുക്കാനാണ് ലക്ഷ്യം. പദ്ധതി യാഥാർഥ്യമാകുമ്പോൾ പ്രദർശനവിസ്തൃതിയിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാകുമെന്നാണ് വിഭാവനം. ലൂവ്ര് മ്യൂസിയത്തിലെ 73,000 ചതുരശ്ര മീറ്റർ, ബ്രിട്ടീഷ് മ്യൂസിയത്തിലെ 70,000 ചതുരശ്ര മീറ്റർ, ഹെർമിറ്റേജ് മ്യൂസിയത്തിലെ 66,800 ചതുരശ്ര മീറ്റർ എന്നീ പ്രദർശനവിസ്തൃതികളെ ഇത് മറികടക്കും. പ്രതിദിനം 30,000 പേരെയും പ്രതിവർഷം ഒരു കോടി പേരെയും സ്വീകരിക്കാൻ കഴിയുന്ന സൗകര്യങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. നിശ്ചിത സമയക്രമത്തിലുള്ള പ്രവേശനവും തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും. സന്ദർശകർക്ക് മ്യൂസിയത്തിലൂടെ സൗകര്യപ്രദമായി സഞ്ചരിക്കാനാണ് ഇത്. കുട്ടികൾക്കുള്ള പ്രത്യേക ഇടങ്ങൾ, ഭക്ഷണശാലകൾ, ഓർമവസ്തുക്കൾ വിൽക്കുന്ന കടകൾ, കലാപരിപാടികൾക്കുള്ള വേദികൾ, എല്ലാവർക്കും ഉപയോഗിക്കാവുന്ന പൊതുഇടങ്ങൾ എന്നിവയും പദ്ധതിയിലുണ്ട്. ചരിത്രപ്രധാനമായ രണ്ട് കെട്ടിടങ്ങളുടെ സംരക്ഷണത്തിനൊപ്പം ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള സന്ദർശകർക്ക് ഉപയോഗിക്കാവുന്ന വലിയ സാംസ്കാരിക സ്ഥാപനമാണ് ഇതിലൂടെ രൂപപ്പെടുക.
ആദ്യ ഗാലറി 2027ൽ; പ്രദർശനത്തിനായി കണ്ടെത്തിയത് 18 ലക്ഷം വസ്തുക്കൾ
2026–27 സാമ്പത്തികവർഷം മുതൽ 2030–31 വരെയാണ് പദ്ധതി നടപ്പാക്കാനുള്ള കാലയളവ്. ഗാലറികളും പ്രദർശനങ്ങളും ഘട്ടംഘട്ടമായി തുറക്കും. അലങ്കാരത്തെ ആസ്പദമാക്കിയ ആദ്യ ഗാലറിയായ അഡോൺമെന്റ് ഗാലറി 2027ന്റെ അവസാനഘട്ടത്തിൽ നോർത്ത് ബ്ലോക്കിൽ പൊതുജനങ്ങൾക്കായി തുറക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് കൂടുതൽ വിഷയാധിഷ്ഠിത ഗാലറികൾ ഓരോന്നായി കൂട്ടിച്ചേർക്കുന്ന രീതിയാണ് തയ്യാറാക്കുന്നത്. ഏകോപിത പദ്ധതിനിർവഹണം, രൂപകൽപ്പനയുടെയും സാങ്കേതികപ്രവർത്തനങ്ങളുടെയും മേൽനോട്ടം, ഗുണനിലവാരം ഉറപ്പാക്കൽ, ഇടവിട്ടുള്ള പുരോഗതി വിലയിരുത്തൽ എന്നിവ നടപ്പാക്കലിന്റെ ഭാഗമാകും. വാസ്തുവിദ്യയും നഗരദൃശ്യങ്ങളും, ഗണിതവും ജ്യോതിശാസ്ത്രവും, ഭാഷകളും ലിപികളും, വിശ്വാസവും ആത്മീയതയും, വ്യാപാരത്തിലൂടെയും ആശയങ്ങളിലൂടെയും ഭാരതം സ്ഥാപിച്ച ബന്ധങ്ങൾ എന്നിവ ഗാലറികളുടെ വിഷയങ്ങളിൽ ഉൾപ്പെടും. ഇവയ്ക്കുപുറമേ കൂടുതൽ ഗാലറികളും പിന്നീട് കൂട്ടിച്ചേർക്കും. ചരിത്രശേഖരങ്ങളും സന്ദർശകരെ അനുഭവത്തിന്റെ ഭാഗമാക്കുന്ന അവതരണങ്ങളും വഴി ഇന്ത്യയുടെ നാഗരിക യാത്ര പരിചയപ്പെടുത്തും. പ്രദർശനത്തിന് പരിഗണിക്കാവുന്ന ഏകദേശം 18 ലക്ഷം വസ്തുക്കൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ദേശീയ മ്യൂസിയം, സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള മറ്റു മ്യൂസിയങ്ങൾ, ഇന്ത്യൻ പുരാവസ്തു സർവേയുടെ 52 പുരാവസ്തുസ്ഥല മ്യൂസിയങ്ങൾ, വിവിധ സംസ്ഥാന മ്യൂസിയങ്ങൾ, സ്വകാര്യ ശേഖരങ്ങൾ എന്നിവയിൽനിന്നുള്ള വസ്തുക്കളാണിവ. ഇവ പ്രദർശനങ്ങളിൽ എങ്ങനെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കാൻ ഉള്ളടക്കവും ശേഖരങ്ങളും പരിശോധിച്ചുവരുന്നു. പൈതൃകവസ്തുക്കൾ സൂക്ഷിക്കാനും സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേക സംഭരണ, സംരക്ഷണസൗകര്യങ്ങളും ഒരുക്കും. സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷണവും പൊതുജനങ്ങൾക്കുള്ള അവതരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം വിദ്യാഭ്യാസം, ഗവേഷണം, സാംസ്കാരിക പങ്കാളിത്തം, വിനോദസഞ്ചാരം എന്നിവയ്ക്കും പദ്ധതി അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ.
ആധുനിക സാങ്കേതികവിദ്യയും തൊഴിൽ അവസരങ്ങളും
പ്രദർശനങ്ങൾ കൂടുതൽ ആകർഷകവും എളുപ്പം മനസ്സിലാക്കാവുന്നതുമാക്കാൻ ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, നിർമിതബുദ്ധി എന്നിവ ഉപയോഗിക്കാനാണ് പദ്ധതി. സന്ദർശകർക്ക് ഇടപെട്ട് മനസ്സിലാക്കാവുന്ന അവതരണങ്ങൾക്കും കഥപറച്ചിലിനും ഇവ സഹായിക്കും. 2026 നവംബർ അഞ്ചിന് പ്രഖ്യാപിച്ച സാംസ്കാരിക മന്ത്രാലയത്തിന്റെയും ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചറിന്റെയും സഹകരണത്തിൽ മ്യൂസിയത്തിന്റെ ചരിത്രകെട്ടിടങ്ങളും ശേഖരങ്ങളും ഡിജിറ്റൽ രൂപത്തിൽ രേഖപ്പെടുത്തുന്ന പ്രവർത്തനങ്ങളും ഉൾപ്പെടുന്നു. മ്യൂസിയത്തിന്റെ പ്രവർത്തനത്തിനും സന്ദർശക അനുഭവത്തിനുമായി ബുദ്ധിപരമായ കെട്ടിടനിയന്ത്രണ സംവിധാനങ്ങൾ, പ്രദർശന സാങ്കേതികവിദ്യകൾ, സംരക്ഷണസൗകര്യങ്ങൾ എന്നിവ സംയോജിപ്പിക്കും. വിദ്യാർഥികൾ, ഗവേഷകർ, പണ്ഡിതർ, സാംസ്കാരിക പ്രവർത്തകർ, പൊതുജനങ്ങൾ, ആഭ്യന്തര–വിദേശ വിനോദസഞ്ചാരികൾ എന്നിവർക്ക് ഇന്ത്യയുടെ വൈവിധ്യമാർന്ന പൈതൃകം അറിയാനും ആസ്വദിക്കാനും അവസരം ലഭിക്കും. നിർമാണഘട്ടത്തിലും പ്രവർത്തനഘട്ടത്തിലും നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പരമ്പരാഗത കലാകാരന്മാർ, കരകൗശല തൊഴിലാളികൾ, ഗവേഷകർ, മ്യൂസിയശാസ്ത്ര വിദഗ്ധർ, രൂപകൽപ്പനക്കാർ, അവതരണകലാകാരന്മാർ, മറ്റു സർഗാത്മക മേഖലകളിലെ വിദഗ്ധർ എന്നിവർക്ക് അവസരമുണ്ടാകും. ആതിഥേയ സേവന, വിനോദസഞ്ചാര മേഖലകളിലെ ഉപജീവനത്തിനും പദ്ധതി പിന്തുണ നൽകും. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ലോകനിലവാരമുള്ള മ്യൂസിയം സാമഗ്രികളും ഉൽപ്പന്നങ്ങളും രാജ്യത്തിനുള്ളിൽ നിർമിക്കാൻ പ്രോത്സാഹനം നൽകും. ഇതിനായി വിതരണക്കാരെ ആസൂത്രിതമായി വളർത്തിയെടുക്കും. ഇന്ത്യൻ കരകൗശല തൊഴിലാളികൾ, നിർമാതാക്കൾ, സംരക്ഷണ വിദഗ്ധർ, സാങ്കേതികവിദ്യാ സേവനദാതാക്കൾ എന്നിവർക്ക് ഇതിലൂടെ അവസരമൊരുങ്ങും. പ്രവേശനടിക്കറ്റുകൾ, ഭക്ഷണ–പാനീയ സൗകര്യങ്ങൾ, പരിപാടികൾ, വേദികൾ വാടകയ്ക്ക് നൽകൽ, ഡിജിറ്റൽ അനുഭവങ്ങൾ, വഴികാട്ടിയോടൊപ്പമുള്ള സന്ദർശനം, വിൽപ്പനശാലകൾ, മറ്റു സന്ദർശകസേവനങ്ങൾ എന്നിവയിലൂടെ തുടർച്ചയായ വരുമാനവും പ്രതീക്ഷിക്കുന്നു. വർഷത്തിൽ ഒരു കോടി പേരെ വരെ സ്വീകരിക്കാനുള്ള സംവിധാനങ്ങളിലൂടെ ദീർഘകാല പൈതൃകസംരക്ഷണം, പൊതുജനപ്രവേശനം, വരുമാനം ലഭിക്കുന്ന സന്ദർശകസേവനങ്ങൾ എന്നിവ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ വിദ്യാഭ്യാസ, സാംസ്കാരിക, വിനോദസഞ്ചാര നേട്ടങ്ങൾ ഇന്ത്യയിലും വിദേശത്തുമുള്ള സന്ദർശകർക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
.
.