ന്യൂഡൽഹി / 2026 / നവംബർ 13
ഇന്ത്യയുടെ സർഗാത്മക സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള സഹകരണ മാതൃകകൾ ചർച്ച ചെയ്യാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സമ്മേളനം സംഘടിപ്പിച്ചു. ‘ക്രിയേറ്റീവ് ഇന്ത്യ: കളക്ടീവ് പോസിബിലിറ്റീസ്’ എന്ന പേരിൽ നവംബർ 13ന് നടന്ന സമ്മേളനം കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സാംസ്കാരിക സമ്പത്ത് സാമ്പത്തിക വളർച്ചയ്ക്കും ഉപജീവനത്തിനും ആഗോളതലത്തിലെ രാജ്യത്തിന്റെ സ്ഥാനത്തിനും കൂടുതൽ പ്രയോജനപ്പെടുത്താനുള്ള വഴികളാണ് സമ്മേളനം പരിശോധിച്ചത്.
കേന്ദ്ര–സംസ്ഥാന സർക്കാരുകൾ, സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങൾ, വ്യവസായ മേഖല, ജീവകാരുണ്യ മേഖല, കലാ–സർഗാത്മക രംഗം എന്നിവയുടെ പ്രതിനിധികളും അന്താരാഷ്ട്ര പങ്കാളികളും സമ്മേളനത്തിൽ പങ്കെടുത്തു.

സർഗശേഷിയാണ് ഇന്ത്യയുടെ യഥാർഥ ശക്തിയെന്ന് മന്ത്രി
ഇന്ത്യയുടെ സർഗാത്മക ശക്തിയാണ് രാജ്യത്തിന്റെ യഥാർഥ ശക്തിയെന്ന് ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞു. ഓരോ പ്രദേശത്തിനും ഓരോ തലമുറയ്ക്കും പങ്കുള്ള സർഗാത്മകതയുമായി മുന്നോട്ടുപോകുന്ന സജീവമായ നാഗരികതയാണ് ഇന്ത്യയുടേത്. ആശയങ്ങൾക്കും ഭാവനയ്ക്കും പ്രാധാന്യമുള്ള സമ്പദ്വ്യവസ്ഥയിലേക്ക് ലോകം മാറുമ്പോൾ, ഈ കഴിവുകളെ അവസരങ്ങളുമായി ബന്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതിലൂടെ ഇന്ത്യയുടെ സംസ്കാരം രാജ്യത്തിന്റെ സമൃദ്ധിക്കും ലോകവേദിയിലെ ശബ്ദത്തിനും അടിത്തറയാകണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പങ്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുകയാണെന്ന് സാംസ്കാരിക മന്ത്രാലയ സെക്രട്ടറി വിവേക് അഗർവാൾ പറഞ്ഞു. മന്ത്രാലയം വഴിതുറക്കുകയും പങ്കാളികൾ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുമ്പോൾ പൈതൃകം സമൂഹങ്ങൾക്കും കലാകാരന്മാർക്കും സംരംഭങ്ങൾക്കും പ്രയോജനപ്പെടുന്ന സജീവ വിഭവമായി മാറും. ഇത്തരം പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനാണ് സർഗാത്മക സമ്പദ്വ്യവസ്ഥാ വിഭാഗം സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പൈതൃക സ്ഥാപനങ്ങൾ സർഗാത്മക വളർച്ചയുടെ അടിത്തറ
കാശി കൾച്ചർ പാത്ത്വേ മുതൽ വികസിത ഭാരതം എന്ന കാഴ്ചപ്പാട് വരെ ഇന്ത്യയുടെ വികസന അജൻഡയുടെ കേന്ദ്രസ്ഥാനത്ത് സംസ്കാരമുണ്ടെന്ന് സർഗാത്മക സമ്പദ്വ്യവസ്ഥാ വിഭാഗം ജോയിന്റ് സെക്രട്ടറി ഇന്ദർജീത് സിങ് പറഞ്ഞു. സമ്മേളനത്തിന്റെ പശ്ചാത്തലം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രാലയത്തിന്റെ 43 സ്ഥാപനങ്ങളും അവയുടെ പരിധിയിലുള്ള 3,600ലധികം സംരക്ഷിത സ്മാരകങ്ങളും മ്യൂസിയങ്ങളും രേഖാശേഖരങ്ങളും അക്കാദമികളും മേഖലാ സാംസ്കാരിക കേന്ദ്രങ്ങളും ഇന്ത്യയുടെ സർഗാത്മക സമ്പദ്വ്യവസ്ഥയുടെ പൊതു അടിസ്ഥാനസൗകര്യങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന്റെ പൈതൃകം, ശേഖരങ്ങൾ, ഇന്നും തുടരുന്ന പാരമ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്ന മന്ത്രാലയം, ഇന്ത്യൻ സംസ്കാരത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന വിവിധ മേഖലകൾക്കും സംരംഭങ്ങൾക്കും സൃഷ്ടാക്കൾക്കും ഒത്തുചേരാനുള്ള സ്വാഭാവിക വേദിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്മാരകസംരക്ഷണം മുതൽ ആഗോള പ്രദർശനം വരെ പങ്കാളിത്തം
വിവിധ മേഖലകളിൽ സഹകരണ പ്രവർത്തനങ്ങൾ ഇതിനകം പുരോഗമിക്കുന്നുണ്ട്. ദേശീയ സാംസ്കാരിക നിധി 1996 മുതൽ 39 പങ്കാളികളുമായി ചേർന്ന് 66 പദ്ധതികൾ പൂർത്തിയാക്കി. ‘അഡോപ്റ്റ് എ ഹെറിറ്റേജ്’ പദ്ധതിയിലൂടെ 66 സ്മാരകങ്ങളിൽ പങ്കാളികളുടെ സഹകരണമുണ്ട്. ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിലൂടെയാണ് വിശുദ്ധ പിപ്രഹ്വ തിരുശേഷിപ്പുകൾ രാജ്യത്ത് തിരിച്ചെത്തിച്ചത്. സഭ്യത ഫൗണ്ടേഷന്റെ സഹകരണത്തോടെ പുരാന ഖിലയിൽ സാംസ്കാരിക സായാഹ്നങ്ങളും സംഘടിപ്പിച്ചു.
വെനീസ് 2026ലെ ഇന്ത്യ പവിലിയൻ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെയും സെറൻഡിപിറ്റി ആർട്സ് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ഒരുക്കിയത്. ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചറുമായുള്ള പുതിയ ധാരണാപത്രം ഇന്ത്യയുടെ പൈതൃകം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കും.

സംസ്കാരത്തിലേക്കുള്ള നിക്ഷേപത്തിന് പൊതുചട്ടക്കൂട്
സംസ്കാരത്തിലെ നിക്ഷേപം, സംസ്കാരത്തെ കേന്ദ്രീകരിച്ച ഇടങ്ങൾ, സാംസ്കാരിക സംരംഭകർ, സാങ്കേതികവിദ്യയും ആശയവിനിമയവും എന്നീ നാല് വിഷയങ്ങളിൽ ചർച്ചകൾ നടന്നു. കലാ–സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവർ, നിക്ഷേപകർ, പൈതൃക മേഖലയിൽ പ്രവർത്തിക്കുന്നവർ, രൂപകൽപ്പനാ വിദഗ്ധർ, സംരംഭകർ, സാങ്കേതിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. ജീവകാരുണ്യ സഹായവും സ്വകാര്യ മൂലധനവും എത്തിക്കാനുള്ള വിശ്വസനീയ മാർഗങ്ങൾ ചർച്ചയായി. സ്മാരകങ്ങൾ, മ്യൂസിയങ്ങൾ, ഉത്സവങ്ങൾ എന്നിവയെ സജീവ സന്ദർശനകേന്ദ്രങ്ങളാക്കുന്നതും കരകൗശല തൊഴിലാളികളെയും രൂപകൽപ്പനാ വിദഗ്ധരെയും ഉപജീവനത്തിൽനിന്ന് സംരംഭങ്ങളിലേക്ക് വളർത്തുന്നതും പരിഗണിച്ചു. ഇന്ത്യയുടെ അറിവും കഥകളും രാജ്യത്തിന്റെ സ്വന്തം കാഴ്ചപ്പാടിൽ ലോകത്തെത്തിക്കാനുള്ള പുതിയ മാർഗങ്ങളും പരിശോധിച്ചു.
സമ്മേളനത്തിലെ നിർദേശങ്ങൾ ഇന്ത്യയിലെയും വിദേശത്തെയും സംസ്ഥാനങ്ങൾ, സ്ഥാപനങ്ങൾ, പങ്കാളികൾ എന്നിവരുമായുള്ള മന്ത്രാലയത്തിന്റെ തുടർപ്രവർത്തനങ്ങൾക്ക് വഴികാട്ടും. അളക്കാനാകുന്ന ഫലങ്ങൾ, ലളിതമായ സഹായനടപടികൾ, സംസ്കാരത്തിലേക്ക് മൂലധനം എത്തിക്കാനുള്ള ക്രമബദ്ധമായ മാർഗങ്ങൾ എന്നിവ അടിസ്ഥാനമാക്കി വികസിച്ചുകൊണ്ടിരിക്കുന്ന പൊതുചട്ടക്കൂടാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പങ്കാളികളെ ഒരുമിച്ചുകൊണ്ടുവരുക, പ്രവർത്തനം സുഗമമാക്കുക, ആവശ്യമായ അവസരങ്ങൾ ഒരുക്കുക എന്നിവയാണ് ഇതിന്റെ അടിസ്ഥാനതത്വങ്ങൾ. ഈ ചട്ടക്കൂട് രൂപപ്പെടുത്താനും മന്ത്രാലയ സ്ഥാപനങ്ങളുമായി ചേർന്ന് പൈതൃകത്തെയും സജീവ പാരമ്പര്യങ്ങളെയും സ്ഥിരമായ ഉപജീവനമാർഗങ്ങളായും സംരംഭങ്ങളായും ആഗോള സാന്നിധ്യമായും വളർത്താനും സംസ്ഥാന സർക്കാരുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, വ്യവസായ–ജീവകാരുണ്യ മേഖലകൾ, സൃഷ്ടാക്കൾ, അന്താരാഷ്ട്ര സമൂഹം എന്നിവരെ മന്ത്രാലയം ക്ഷണിച്ചു.
