ന്യൂഡൽഹി / 2026 / നവംബർ 10
ദ്വീപുകളിലെ മത്സ്യസമ്പത്ത് പ്രയോജനപ്പെടുത്താൻ കേന്ദ്രംലക്ഷദ്വീപിനെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളെയും ഇന്ത്യയുടെ നീല സമ്പദ്വ്യവസ്ഥയുടെ പ്രധാന കേന്ദ്രങ്ങളാക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സർക്കാർ. ചൂര മത്സ്യബന്ധനം, കടൽപ്പായൽ കൃഷി, അലങ്കാര മത്സ്യമേഖല എന്നിവ വികസിപ്പിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും വിപണിബന്ധങ്ങളും ശക്തമാക്കുകയാണ് ലക്ഷ്യം. നവംബർ പത്തിന് പുറത്തുവിട്ട വിവരങ്ങളിൽ, പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനും പ്രാധാന്യം നൽകിയാണ് ദ്വീപുകളിലെ മത്സ്യസമ്പത്ത് പ്രയോജനപ്പെടുത്തുകയെന്ന് സർക്കാർ വ്യക്തമാക്കി.
പ്രധാനമന്ത്രി മത്സ്യസമ്പദാ യോജനയ്ക്കു കീഴിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 218 കോടി രൂപയുടെയും ലക്ഷദ്വീപിൽ 175 കോടി രൂപയുടെയും നിക്ഷേപമാണ് വകയിരുത്തിയിരിക്കുന്നത്. സമുദ്രപരമായി തന്ത്രപ്രധാനമായ ഈ പ്രദേശങ്ങളിലെ മത്സ്യമേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് നിക്ഷേപം. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിലെയും അന്താരാഷ്ട്ര സമുദ്രഭാഗങ്ങളിലെയും മത്സ്യവിഭവങ്ങൾ സുസ്ഥിരമായി ഉപയോഗിക്കാനുള്ള സംവിധാനത്തിന് 2025–26 കേന്ദ്ര ബജറ്റും രൂപരേഖ നൽകിയിരുന്നു. ലക്ഷദ്വീപിനും ആൻഡമാൻ നിക്കോബാറിനും ഇതിൽ പ്രത്യേക പരിഗണനയുണ്ട്.

അമ്പത് ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ആശ്രയമായ മേഖല
ഏകദേശം 11,099 കിലോമീറ്റർ തീരപ്രദേശവും 24 ലക്ഷം ചതുരശ്ര കിലോമീറ്ററോളം പ്രത്യേക സാമ്പത്തിക മേഖലയുമുള്ള ഇന്ത്യയ്ക്ക് വിപുലവും വൈവിധ്യമാർന്നതുമായ സമുദ്രവിഭവങ്ങളുണ്ട്. ഈ സമുദ്രമേഖലയിൽ 58.6 ലക്ഷം മെട്രിക് ടൺ കടൽമത്സ്യ ഉൽപ്പാദന സാധ്യതയുണ്ടെന്നാണ് കണക്ക്. അമ്പത് ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഈ മേഖല തുണയാകുന്നു. ഭക്ഷ്യസുരക്ഷ, പോഷകാഹാരം, തൊഴിൽ, വരുമാനം, കയറ്റുമതി വരുമാനം എന്നിവയിലും വലിയ പങ്കുവഹിക്കുന്നു.
മത്സ്യോൽപ്പാദനത്തിലും ജലകൃഷിയിലും ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2025–26 സാമ്പത്തിക വർഷത്തിൽ സമുദ്രോൽപ്പന്ന കയറ്റുമതിയുടെ മൂല്യം ഏകദേശം 73,890 കോടി രൂപയായിരുന്നു. ദേശീയ സമ്പദ്വ്യവസ്ഥയിലും ആഗോള സമുദ്രോൽപ്പന്ന വ്യാപാരത്തിലും മേഖലയുടെ പ്രാധാന്യം വർധിക്കുന്നതിന്റെ സൂചനയാണിത്. ഉൽപ്പാദനത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന മത്സ്യമേഖല ഇപ്പോൾ സാങ്കേതികവിദ്യയ്ക്കും മൂല്യവർധനയ്ക്കും പ്രാധാന്യം നൽകുന്ന മേഖലയായി മാറുകയാണ്. 2015 മുതൽ പ്രധാന പദ്ധതികളിലൂടെയും പരിപാടികളിലൂടെയും 39,272 കോടി രൂപയുടെ പൊതുനിക്ഷേപത്തിന് കേന്ദ്ര സർക്കാർ പ്രതിബദ്ധത അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സമുദ്രസാമ്പത്തിക മേഖലയിൽ നാൽപ്പത് ശതമാനത്തോളം ദ്വീപുകൾക്കൊപ്പം
ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയുടെ ഏകദേശം നാൽപ്പത് ശതമാനവും ലക്ഷദ്വീപും ആൻഡമാൻ നിക്കോബാറും ചേർന്നുള്ളതാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇന്ത്യയുടെ സമുദ്രസാന്നിധ്യം വ്യാപിപ്പിക്കുന്ന ഈ ദ്വീപുകൾക്ക് സമ്പന്നമായ ആഴക്കടൽ മത്സ്യബന്ധന മേഖലകളിലേക്കും ചൂരകളുടെ പ്രധാന ദേശാടനപാതകളിലേക്കും പ്രവേശനമുണ്ട്. ഇന്ത്യൻ സമുദ്രമേഖലയിലും സമീപത്തെ അന്താരാഷ്ട്ര സമുദ്രഭാഗങ്ങളിലും വേണ്ടത്ര ഉപയോഗിക്കാത്ത മത്സ്യവിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഇവയ്ക്ക് തന്ത്രപ്രധാന പങ്കുണ്ട്.
ലക്ഷദ്വീപിലെ ലഗൂണുകൾ, പവിഴപ്പുറ്റുകൾ, ചുറ്റുമുള്ള ആഴക്കടൽ എന്നിവ ചൂര മത്സ്യബന്ധനത്തിനും കടൽപ്പായൽ കൃഷിക്കും പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട ഉപജീവനമാർഗങ്ങൾക്കും അനുയോജ്യമാണ്. ആൻഡമാൻ നിക്കോബാറിലെ നീണ്ട തീരപ്രദേശം, വൈവിധ്യമാർന്ന സമുദ്ര ആവാസവ്യവസ്ഥകൾ, തെക്കുകിഴക്കൻ ഏഷ്യൻ സമുദ്രപാതകളുമായുള്ള സാമീപ്യം എന്നിവയും അവസരങ്ങളൊരുക്കുന്നു. സുസ്ഥിര മത്സ്യബന്ധനം, കടലിലെ ജലകൃഷി, മൂല്യവർധിത സമുദ്രോൽപ്പന്ന നിർമാണം എന്നിവ വികസിപ്പിക്കാനാകും. ഈ ജൈവസമ്പത്തും ഭൂമിശാസ്ത്രപരമായ സ്ഥാനവും വൈവിധ്യമാർന്ന സമുദ്രാധിഷ്ഠിത മത്സ്യസമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ദ്വീപുകളെ പ്രധാനമാക്കുന്നു.
ലക്ഷദ്വീപിലെ ചൂര ഉൽപ്പാദനം അമ്പതിനായിരം ടണ്ണാക്കാൻ പദ്ധതി
ഉയർന്ന മൂല്യമുള്ള കടൽമത്സ്യമേഖല വികസിപ്പിക്കുന്നതിനുള്ള സർക്കാർ രൂപരേഖയിൽ ചൂരയ്ക്കാണ് മുഖ്യസ്ഥാനം. ലക്ഷദ്വീപിനും ആൻഡമാൻ നിക്കോബാറിനും ചുറ്റുമുള്ള കടലിൽ യെല്ലോഫിൻ, സ്കിപ്ജാക്ക്, ബിഗ്ഐ ഇനങ്ങളിൽപ്പെട്ട ചൂരകളുടെ വലിയ ശേഖരം വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല. സുസ്ഥിരവും കയറ്റുമതി ലക്ഷ്യമിട്ടുള്ളതുമായ മത്സ്യബന്ധനത്തിന് ഇത് സാധ്യതയൊരുക്കുന്നു. ആധുനിക ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ, കൊളുത്തും നൂലും ഉപയോഗിച്ചുള്ള മത്സ്യബന്ധനം, വടിയും നൂലും ഉപയോഗിച്ചുള്ള മത്സ്യബന്ധനം തുടങ്ങിയ തിരഞ്ഞെടുത്ത പിടിത്തരീതികൾ എന്നിവ ഉൾപ്പെടുത്തിയ ശാസ്ത്രീയ സമീപനമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
യാനങ്ങളിൽ മത്സ്യം കൈകാര്യം ചെയ്യുന്ന രീതി മെച്ചപ്പെടുത്തൽ, ശീതശൃംഖല വിപുലീകരണം, സംസ്കരണവും ടിന്നിലടയ്ക്കലും, കാര്യക്ഷമമായ കയറ്റുമതിബന്ധങ്ങൾ എന്നിവയും പദ്ധതിയിലുണ്ട്. ലക്ഷദ്വീപിലെ ചൂര ഉൽപ്പാദനം അഞ്ചുവർഷത്തിനുള്ളിൽ ഇരട്ടിയാക്കി 50,000 ടണ്ണിലെത്തിക്കാനാണ് ലക്ഷ്യം. ആഴക്കടൽ യാനങ്ങളും അനുബന്ധ യാനങ്ങൾക്ക് പിന്തുണ നൽകുന്ന മദർ വെസലുകളും ഇതിനായി എത്തിക്കും. ദ്വീപിലെ പരമ്പരാഗതവും പരിസ്ഥിതിക്ക് അനുയോജ്യവുമായ വടിയും നൂലും ഉപയോഗിച്ചുള്ള മത്സ്യബന്ധനവും പ്രയോജനപ്പെടുത്തും. ആൻഡമാൻ നിക്കോബാറിൽ പ്രധാനമന്ത്രി മത്സ്യസമ്പദാ യോജനയ്ക്കു കീഴിലുള്ള പ്രത്യേക ചൂര ക്ലസ്റ്റർ വഴി പുതിയ യാനങ്ങൾ, നിലവിലുള്ള യാനങ്ങളുടെ നവീകരണം, ശീതസംഭരണ ശേഷിവർധന എന്നിവ നടപ്പാക്കുന്നു. സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ സാന്നിധ്യം ശക്തമാക്കുന്നത് വിപണിപ്രവേശനവും ദ്വീപുകളിൽനിന്നുള്ള നേരിട്ടുള്ള കയറ്റുമതിയും മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
കടൽപ്പായലിലും അലങ്കാര മത്സ്യങ്ങളിലും പുതിയ വരുമാനവഴികൾ
ചൂരയുടെ മൂല്യശൃംഖല വികസനത്തിനൊപ്പം കടൽപ്പായലിനെയും അലങ്കാര മത്സ്യമേഖലയെയും ദ്വീപ് സമ്പദ്വ്യവസ്ഥയുടെ അനുബന്ധ തൂണുകളാക്കുകയാണ് സർക്കാർ. മത്സ്യങ്ങളെ പിടിക്കുന്നതിൽ മാത്രം ഒതുങ്ങാത്ത വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലക്ഷദ്വീപിലെ ശുദ്ധമായ ലഗൂണുകളും ആൻഡമാൻ നിക്കോബാറിലെ പവിഴസമ്പന്നമായ ആവാസവ്യവസ്ഥകളും സുസ്ഥിര കടൽപ്പായൽ കൃഷിക്ക് അനുയോജ്യമാണ്. ഭക്ഷണം, പോഷകപൂരക ഉൽപ്പന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, മരുന്നുകൾ, ജൈവ വ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയിൽ കടൽപ്പായൽ ഉപയോഗിക്കാനാകും. പ്രത്യേക കടൽപ്പായൽ ക്ലസ്റ്ററായി പ്രഖ്യാപിച്ച ലക്ഷദ്വീപിൽ വ്യാപക കൃഷി, വിത്തുബാങ്കുകൾ, ഹാച്ചറികൾ, പരിശീലനവും ശേഷിവികസനവും ഉൾപ്പെടുന്ന വിശ്വസനീയമായ മൂല്യശൃംഖലയാണ് വിഭാവനം ചെയ്യുന്നത്. പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട മുന്നൂറിലധികം അലങ്കാര മത്സ്യയിനങ്ങളുള്ള ലക്ഷദ്വീപിൽ ഇടത്തരം വളർത്തൽ യൂണിറ്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന നിയന്ത്രിത ശേഖരണവും സുസ്ഥിരമായി ലഭ്യമാക്കുന്ന അക്വേറിയം മത്സ്യങ്ങൾക്ക് മെച്ചപ്പെട്ട വിപണിയും ഉറപ്പാക്കും. ദുർബലമായ സമുദ്ര ആവാസവ്യവസ്ഥകളെ സംരക്ഷിച്ചുകൊണ്ട് ദ്വീപുവാസികൾക്ക് വൈവിധ്യമാർന്ന ഉപജീവനമാർഗങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.

ഈ മേഖലകളുടെ വളർച്ചയ്ക്കായി മത്സ്യ ഇറക്കുകേന്ദ്രങ്ങൾ, ഐസ് നിർമാണശാലകൾ, ശീതശൃംഖലകൾ, യാനങ്ങളിലെ സംരക്ഷണസംവിധാനങ്ങൾ, മത്സ്യങ്ങളെ ഒരിടത്ത് കൂട്ടാനുപയോഗിക്കുന്ന ഉപകരണങ്ങൾ, ബോട്ട് നിർമാണശാലകൾ, മൂല്യവർധിത ഉൽപ്പന്ന യൂണിറ്റുകൾ, കയറ്റുമതി സഹായസംവിധാനങ്ങൾ എന്നിവയിൽ നിക്ഷേപം നടത്തുന്നു. പ്രാദേശിക ശേഷി വർധിപ്പിക്കാനും മത്സ്യം പിടിച്ചതിനുശേഷമുള്ള നഷ്ടം കുറയ്ക്കാനും ആഭ്യന്തര–കയറ്റുമതി വിപണികളിലേക്ക് എത്താനുള്ള സജ്ജത മെച്ചപ്പെടുത്താനും ഇവ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ചൂര, കടൽപ്പായൽ, അലങ്കാര മത്സ്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണപിന്തുണ, വിപണിപ്രവേശനം എന്നിവ ബന്ധിപ്പിച്ച് ദ്വീപുകൾക്കുള്ളിൽത്തന്നെ മൂല്യവർധന സൃഷ്ടിക്കാനുള്ള ദീർഘകാല ശ്രമമാണിത്. ഉൽപ്പാദനവളർച്ചയ്ക്കൊപ്പം പരിസ്ഥിതിസുരക്ഷ ഉറപ്പാക്കുന്നതും മത്സ്യത്തൊഴിലാളികൾക്കും പ്രാദേശിക സംരംഭങ്ങൾക്കും ദ്വീപുസമൂഹങ്ങൾക്കും ആഭ്യന്തര–കയറ്റുമതി മൂല്യശൃംഖലകളിൽ ഫലപ്രദമായി പങ്കാളികളാകാൻ കഴിയുന്നതുമാണ് പദ്ധതിയുടെ വിജയത്തിൽ നിർണായകം.