പ്രധാന വിവരങ്ങൾ
- ദേശീയ സംരംഭകത്വ ദിനം നവംബർ ഒമ്പതിന് ആചരിക്കുന്നത് യുവാക്കളുടെ സംരംഭക സാധ്യതകൾ ഉയർത്തിക്കാട്ടാനാണ്.
- ഇന്ത്യയിൽ അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണം 2026 നവംബറോടെ 2.62 ലക്ഷം കടന്നു.
- രാജ്യത്തെ സ്റ്റാർട്ടപ്പുകൾ 2026 ഒക്ടോബർവരെ ആകെ 25 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
- അംഗീകൃത സ്റ്റാർട്ടപ്പുകളുടെ 52 ശതമാനവും മെട്രോ ഇതര നഗരങ്ങളിൽനിന്നാണ് വളർന്നുവന്നത്.
- വായ്പയും പരിശീലനവും മാർഗനിർദേശവും നൽകുന്ന സർക്കാർ പദ്ധതികൾ ഗ്രാമീണ വനിതകളുടെ സംരംഭങ്ങൾക്കും പിന്തുണയാകുന്നു
ന്യൂഡൽഹി / 2026 / നവംബർ 10
വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ യുവസംരംഭകരുടെ പങ്ക് ഉയർത്തിക്കാട്ടി നവംബർ ഒമ്പതിന് ദേശീയ സംരംഭകത്വ ദിനം ആചരിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ ധനസഹായവും പരിശീലനവും മാർഗനിർദേശവും നൽകി പുതിയ സംരംഭങ്ങൾക്ക് പിന്തുണ നൽകുന്നു. 2014 നവംബർ ഒമ്പതിന് നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം സ്ഥാപിച്ചതിന്റെ ഓർമയ്ക്കാണ് ഈ ദിനാചരണം. ജനസംഖ്യയുടെ ഏകദേശം 65 ശതമാനവും 35 വയസ്സിന് താഴെയുള്ള ഇന്ത്യയിൽ, യുവാക്കളുടെ കഴിവുകൾ സംരംഭകത്വം ഉൾപ്പെടെയുള്ള മേഖലകളിൽ പ്രയോജനപ്പെടുത്താനാണ് സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ യുവാക്കൾ പദ്ധതികളുടെ ഗുണഭോക്താക്കൾ എന്ന നിലയിൽനിന്ന് രാജ്യവികസനത്തിലെ സജീവ പങ്കാളികളായി മാറി. ആശയങ്ങളെ സംരംഭങ്ങളാക്കി തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും സൃഷ്ടിക്കുന്ന ഈ അമൃതതലമുറ വികസിത ഭാരതം എന്ന ലക്ഷ്യത്തിന് കരുത്താകുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് സംവിധാനമാണ് ഇന്ന് ഇന്ത്യയിലേത്. 2014ൽ അഞ്ഞൂറിൽ താഴെയായിരുന്ന സ്റ്റാർട്ടപ്പുകളുടെ സ്ഥാനത്ത്, 2026 നവംബറോടെ വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ അംഗീകാരമുള്ള 2.62 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളുണ്ട്. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ കൂടുതലായി പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് കടക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ആഗോള ശ്രദ്ധ നേടുകയും ചെയ്യുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്റ്റാർട്ടപ്പുകളുണ്ട്. 2026 മാർച്ച് 31ലെ കണക്കിൽ അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലും നേരിട്ടുള്ള തൊഴിൽ സൃഷ്ടിയിലും മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നിവ മുന്നിലാണ്. 2025–26 സാമ്പത്തിക വർഷം 55,200ലധികം സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം ലഭിച്ചു. 2016നുശേഷം ഒറ്റവർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന എണ്ണമാണിത്. മുൻ സാമ്പത്തിക വർഷത്തെക്കാൾ അംഗീകാരം ലഭിച്ച സ്റ്റാർട്ടപ്പുകളുടെ എണ്ണം 51.6 ശതമാനവും നേരിട്ടുള്ള തൊഴിൽ സൃഷ്ടി 36.1 ശതമാനവും വർധിച്ചു. 2026 ഒക്ടോബർവരെ സ്റ്റാർട്ടപ്പുകൾ 25 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 2026 മാർച്ചിലെ കണക്കുപ്രകാരം, 1.07 ലക്ഷത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകളിൽ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറോ പങ്കാളിയോ ഉണ്ട്. അന്നത്തെ അംഗീകൃത സ്റ്റാർട്ടപ്പുകളുടെ ഏകദേശം 48 ശതമാനമാണിത്.
ആശയം മുതൽ വളർച്ചവരെ കൈത്താങ്ങായി സ്റ്റാർട്ടപ്പ് ഇന്ത്യ
2016ൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ, നയപരമായ പിന്തുണ നൽകുന്ന സംവിധാനത്തിൽനിന്ന് ആശയരൂപീകരണം മുതൽ പ്രവർത്തനം വിപുലീകരിക്കുന്നതുവരെ സഹായിക്കുന്ന വേദിയായി വളർന്നു. ധനസഹായം, മാർഗനിർദേശം, വളർച്ച എന്നിവയ്ക്കായി വിവിധ പദ്ധതികളും ഡിജിറ്റൽ സംവിധാനങ്ങളും ഇതിന്റെ ഭാഗമായുണ്ട്. സ്റ്റാർട്ടപ്പ് ഇന്ത്യ കർമപദ്ധതിക്കു കീഴിലുള്ള ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ് വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ പ്രധാന പദ്ധതിയാണ്. ചെറുകിട വ്യവസായ വികസന ബാങ്കായ സിഡ്ബിയാണ് നടത്തിപ്പ്. 10,000 കോടി രൂപയുടെ ഈ നിധി സെബിയിൽ രജിസ്റ്റർ ചെയ്ത ബദൽ നിക്ഷേപ നിധികൾ വഴിയാണ് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നത്. രാജ്യത്തിനകത്തുനിന്നുള്ള റിസ്ക് മൂലധനം കൂടുതൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രത്യേകമായി 10,000 കോടി രൂപയുടെ നിധിയോടെ സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് രണ്ടാം പതിപ്പ് 2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്തു. അത്യാധുനിക സാങ്കേതികവിദ്യ, നൂതന ഉൽപ്പാദനം, വളർച്ചയുടെ ആദ്യഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കായി വെഞ്ചർ മൂലധനവും വളർച്ചാ മൂലധനവും സമാഹരിക്കുന്നതിനാണ് മുൻഗണന. 2026 ഒക്ടോബറിലെ കണക്കിൽ സിഡ്ബി 166 ബദൽ നിക്ഷേപ നിധികൾക്കായി 12,623 കോടി രൂപ നൽകാൻ പ്രതിബദ്ധത അറിയിച്ചു. ഈ നിധികൾ 1,475 സ്റ്റാർട്ടപ്പുകളിൽ 28,254 കോടി രൂപ നിക്ഷേപിച്ചു. 2023 ഏപ്രിൽ മുതൽ പ്രവർത്തിക്കുന്ന ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഫോർ സ്റ്റാർട്ടപ്പ്സ്, അർഹമായ ധനകാര്യ സ്ഥാപനങ്ങൾ വഴി യോഗ്യരായ സ്റ്റാർട്ടപ്പുകൾക്ക് ഈടില്ലാത്ത വായ്പ ലഭിക്കാൻ സഹായിക്കുന്നു. 2025–26ൽ ഓരോ വായ്പക്കാരനുമുള്ള ഗ്യാരന്റി പരിധി 10 കോടിയിൽനിന്ന് 20 കോടി രൂപയാക്കി. വ്യോമയാനവും പ്രതിരോധവും, ജൈവസാങ്കേതികവിദ്യ, റെയിൽവേ, വിനോദസഞ്ചാരവും ആതിഥേയ സേവനങ്ങളും, ധനകാര്യ സേവനങ്ങളും ഉൾപ്പെടെയുള്ള 27 മുൻഗണനാ മേഖലകൾക്ക് വാർഷിക ഗ്യാരന്റി ഫീസ് ഒരു ശതമാനമാക്കി കുറച്ചു. 2026 ഒക്ടോബർവരെ 1,662.71 കോടി രൂപയുടെ 532 വായ്പകൾക്ക് പദ്ധതി ഗ്യാരന്റി നൽകി. ഈ സ്റ്റാർട്ടപ്പുകളിൽ 41,637 പേർ ജോലി ചെയ്യുന്നു.
945 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം ആശയത്തിന്റെ പ്രായോഗികത തെളിയിക്കൽ, മാതൃക നിർമാണം, ഉൽപ്പന്ന പരീക്ഷണം, വിപണിപ്രവേശം, വാണിജ്യവൽക്കരണം എന്നിവയ്ക്ക് സഹായം നൽകുന്നു. വിദഗ്ധ ഉപദേശക സമിതിയാണ് നടത്തിപ്പും നിർവഹണവും നിരീക്ഷണവും മേൽനോട്ടം വഹിക്കുന്നത്. 244 ഇൻകുബേറ്ററുകൾ വഴി 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4,194 സ്റ്റാർട്ടപ്പുകൾക്ക് 775.67 കോടി രൂപ അനുവദിച്ചു. ഇവയിൽ 2,147 എണ്ണം വനിതകൾ നയിക്കുന്നവയും 2,356 എണ്ണം രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിൽനിന്നുള്ളവയുമാണ്. 2017ൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ ഓൺലൈൻ ഹബ് സംരംഭകർക്ക് നിക്ഷേപകരെയും മാർഗദർശകരെയും ഇൻകുബേറ്ററുകളെയും കണ്ടെത്താനും ബന്ധപ്പെടാനും സഹകരിക്കാനും അവസരമൊരുക്കുന്നു. നിക്ഷേപ നിധികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയെയും ഈ വേദി കൂട്ടിയിണക്കുന്നു. മെന്റർഷിപ്പ്, അഡ്വൈസറി, അസിസ്റ്റൻസ്, റെസിലിയൻസ് ആൻഡ് ഗ്രോത്ത് എന്നതിന്റെ ചുരുക്കപ്പേരായ മാർഗ് ദേശീയ മാർഗനിർദേശ പോർട്ടൽ പരിചയസമ്പന്നരായ മാർഗദർശകരുമായി സംരംഭകരെ ബന്ധിപ്പിക്കുന്നു. വിവിധ മേഖലകളിലും വളർച്ചാഘട്ടങ്ങളിലും പ്രദേശങ്ങളിലുമുള്ള സ്റ്റാർട്ടപ്പുകൾക്ക് തന്ത്രപരമായ ഉപദേശവും ബിസിനസ് വളർച്ചയ്ക്കുള്ള സഹായവും നൽകുകയാണ് ലക്ഷ്യം. സിഡ്ബിയുടെ സഹകരണത്തോടെ 2023ൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ ഇൻവെസ്റ്റർ കണക്ട് പോർട്ടൽ സ്റ്റാർട്ടപ്പുകളെയും വെഞ്ചർ മൂലധന നിധികളെയും നിക്ഷേപകരെയും ബന്ധിപ്പിക്കുന്നു. പ്രത്യേകിച്ച് ആദ്യഘട്ട സംരംഭങ്ങൾക്ക് സഹായകരമായ ഈ സംവിധാനത്തിൽ ഒറ്റ അപേക്ഷയിലൂടെ നിരവധി നിക്ഷേപകരെ സമീപിക്കാം. ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കുന്നതും ധനസഹായ സാധ്യതകൾ കണ്ടെത്തുന്നതും ഇതിലൂടെ എളുപ്പമാകുന്നു. 2026 നവംബർ ഒമ്പതുവരെ 11,582 സ്റ്റാർട്ടപ്പുകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പുതിയ സാങ്കേതികവിദ്യകൾക്ക് വഴിതുറന്ന് നവീകരണ പദ്ധതികൾ
സ്കൂളുകൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായ മേഖല എന്നിവിടങ്ങളിൽ നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ നീതി ആയോഗ് 2016ൽ അടൽ ഇന്നൊവേഷൻ മിഷൻ ആരംഭിച്ചു. നവീകരണ പരിപാടികൾ വികസിപ്പിക്കാനും പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനും സ്റ്റാർട്ടപ്പ് സംവിധാനത്തെ ശക്തിപ്പെടുത്താനും ഇത് സംയോജിത ചട്ടക്കൂട് നൽകുന്നു. 2024 നവംബറിൽ അംഗീകരിച്ച രണ്ടാം പതിപ്പിന് 2028 മാർച്ചുവരെ 2,750 കോടി രൂപയാണ് വകയിരുത്തിയത്. കൂടുതൽ ആളുകളുടെ പങ്കാളിത്തം, ശക്തമായ സ്റ്റാർട്ടപ്പ് പിന്തുണ, പ്രാദേശിക സഹകരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇലക്ട്രോണിക്സ് വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തിനു കീഴിൽ 2016ൽ സ്ഥാപിച്ച മെയ്റ്റി സ്റ്റാർട്ടപ്പ് ഹബ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇൻകുബേഷൻ കേന്ദ്രങ്ങൾ, പുതിയ സാങ്കേതികവിദ്യകളിലെ മികവിന്റെ കേന്ദ്രങ്ങൾ, മന്ത്രാലയം പിന്തുണയ്ക്കുന്ന മറ്റു പദ്ധതികൾ എന്നിവയെ ബന്ധിപ്പിക്കുന്ന കേന്ദ്രവേദിയാണിത്. 2026 നവംബർ ഒമ്പതിലെ കണക്കിൽ 6,149ലധികം സ്റ്റാർട്ടപ്പുകൾക്കും 518 ഇൻകുബേറ്ററുകൾക്കും 329ലധികം ലാബുകൾക്കും ഹബ് പിന്തുണ നൽകുന്നു. 2019ലെ ടെക്നോളജി ഇൻകുബേഷൻ ആൻഡ് ഡെവലപ്മെന്റ് ഓഫ് ഓൺട്രപ്രണേഴ്സ് രണ്ടാം പതിപ്പ്, അഥവാ ടൈഡ് രണ്ടാം പതിപ്പ്, വിവരവിനിമയ സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്ന ഇൻകുബേറ്ററുകളെ ശക്തിപ്പെടുത്തുന്നു. ഇന്റർനെറ്റ് ഓഫ് തിങ്സ്, നിർമിതബുദ്ധി, ബ്ലോക്ക്ചെയിൻ, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന സംരംഭങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഡിജിറ്റൽ പണമിടപാട് ഉൾപ്പെടെയുള്ള സാമ്പത്തിക ഉൾപ്പെടുത്തൽ, അടിസ്ഥാനസൗകര്യം, ഗതാഗതം, പരിസ്ഥിതി, ശുദ്ധ സാങ്കേതികവിദ്യ എന്നിവയിൽ സമഗ്ര പിന്തുണ നൽകുന്നു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ ഗവേഷണ സ്ഥാപനങ്ങളിലുമുള്ള 51 ഇൻകുബേറ്ററുകൾ വഴിയാണ് പ്രവർത്തനം.
രണ്ടാംനിര, മൂന്നാംനിര നഗരങ്ങൾക്ക് പ്രത്യേക പരിഗണന നൽകി ഏകദേശം 1,600 സാങ്കേതിക സ്റ്റാർട്ടപ്പുകളെ വളർത്തുകയാണ് ജെനസിസ് പദ്ധതിയുടെ ലക്ഷ്യം. 2022ൽ ആരംഭിച്ച ജെൻ നെക്സ്റ്റ് സപ്പോർട്ട് ഫോർ ഇന്നൊവേറ്റീവ് സ്റ്റാർട്ടപ്പ്സ് പദ്ധതിക്ക് അഞ്ചുവർഷത്തേക്ക് 490 കോടി രൂപയാണ് വകയിരുത്തിയത്. അത്യാധുനിക സാങ്കേതിക നവീകരണത്തിന് ധനസഹായവും പിന്തുണയും നൽകുന്നതിനൊപ്പം സ്റ്റാർട്ടപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ മേഖല, കമ്പനികൾ എന്നിവയുടെ സഹകരണവും ഉറപ്പാക്കുന്നു. 2026 ഓഗസ്റ്റിൽ ജെനസിസ് ഓൺട്രപ്രണർ ഇൻ റെസിഡൻസ് പദ്ധതിയുടെ മൂന്നാം ബാച്ച് ആരംഭിച്ചു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ, നൂതന ആശയങ്ങളുള്ളവർ, ഗവേഷകർ, വിദ്യാർഥികൾ, ആദ്യഘട്ട സ്റ്റാർട്ടപ്പ് സ്ഥാപകർ എന്നിവർക്ക് ആശയങ്ങളെ സാങ്കേതിക സംരംഭങ്ങളാക്കി മാറ്റാനുള്ള ദേശീയതല പരിപാടിയാണിത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ലക്ഷം രൂപവരെ ധനസഹായത്തിനൊപ്പം ഇൻകുബേഷൻ, മാർഗനിർദേശം, ഉൽപ്പന്ന വികസന സഹായം എന്നിവ ലഭിക്കും. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് 2016ൽ ആരംഭിച്ച നിധി പദ്ധതി അറിവും സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയ ആശയങ്ങളെ വിജയകരമായ സ്റ്റാർട്ടപ്പുകളാക്കി മാറ്റാൻ സഹായിക്കുന്നു. സമ്പത്തും തൊഴിലവസരങ്ങളും സൃഷ്ടിച്ച് സാമൂഹിക സാമ്പത്തിക വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം. 2026 ഒക്ടോബർ 11ലെ കണക്കിൽ 12,000ലധികം സ്റ്റാർട്ടപ്പുകൾക്കും 200ലധികം ടെക്നോളജി ബിസിനസ് ഇൻകുബേറ്ററുകൾക്കും പിന്തുണ നൽകി. 1.30 ലക്ഷത്തിലധികം തൊഴിലവസരങ്ങളും 1,150ലധികം ബൗദ്ധികസ്വത്തവകാശ ആസ്തികളും സൃഷ്ടിക്കുന്നതിനും പദ്ധതി സഹായിച്ചു.
ചെറുസംരംഭങ്ങൾക്കും തെരുവുകച്ചവടക്കാർക്കും വായ്പയും പിന്തുണയും
2015ൽ ആരംഭിച്ച പ്രധാനമന്ത്രി മുദ്ര യോജന, കമ്പനിരൂപത്തിലല്ലാത്തതും കാർഷികേതരവുമായ മേഖലകളിലെ വരുമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് സൂക്ഷ്മ, ചെറുസംരംഭങ്ങൾക്ക് ഈടില്ലാതെ 20 ലക്ഷം രൂപവരെ വായ്പ നൽകുന്നു. സംരംഭത്തിന്റെ വളർച്ചാഘട്ടവും പണത്തിന്റെ ആവശ്യവും അനുസരിച്ച് നാല് വിഭാഗങ്ങളുണ്ട്. ശിശു വിഭാഗത്തിൽ 50,000 രൂപവരെയും കിഷോർ വിഭാഗത്തിൽ 50,000 രൂപയ്ക്ക് മുകളിൽ അഞ്ചുലക്ഷം രൂപവരെയും ലഭിക്കും. തരുണിൽ അഞ്ചുലക്ഷത്തിന് മുകളിൽ പത്തുലക്ഷം രൂപവരെയും തരുണ് പ്ലസിൽ പത്തുലക്ഷത്തിന് മുകളിൽ 20 ലക്ഷം രൂപവരെയുമാണ് വായ്പ. ഉൽപ്പാദനം, വ്യാപാരം, സേവനം എന്നിവയ്ക്കൊപ്പം കോഴിവളർത്തൽ, ക്ഷീരോൽപ്പാദനം, തേനീച്ചവളർത്തൽ തുടങ്ങിയ കാർഷിക അനുബന്ധ പ്രവർത്തനങ്ങളുടെ കാലാവധി വായ്പയ്ക്കും പ്രവർത്തന മൂലധനത്തിനും ഇത് ഉപയോഗിക്കാം. 2026 ഒക്ടോബർ 30വരെ, 2026–27 സാമ്പത്തിക വർഷത്തിൽ 3.3 ലക്ഷം കോടി രൂപയിലധികം വരുന്ന 2.44 കോടിയിലധികം വായ്പകൾ അനുവദിച്ചു. ഗ്രാമങ്ങളിലും സേവനങ്ങൾ വേണ്ടത്ര ലഭിക്കാത്ത പ്രദേശങ്ങളിലും നവീകരണവും സംരംഭകത്വവും വളർത്തുന്ന ആസ്പയർ പദ്ധതി ഉപജീവന ബിസിനസ് ഇൻകുബേറ്ററുകൾ സ്ഥാപിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. സൂക്ഷ്മസംരംഭങ്ങൾ തുടങ്ങൽ, നൈപുണ്യ പരിശീലനം, പുനർപരിശീലനം, വ്യവസായ കൂട്ടായ്മകൾക്ക് ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കൽ എന്നിവയാണ് പ്രവർത്തനങ്ങൾ. 2026 ഒക്ടോബർവരെ 109 ഇൻകുബേറ്ററുകൾക്ക് അംഗീകാരം നൽകി. ഒരുലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് പരിശീലനം ലഭിച്ചു. പ്രധാനമന്ത്രിയുടെ തൊഴിൽസൃഷ്ടി പരിപാടി കാർഷികേതര മേഖലയിൽ പുതിയ സൂക്ഷ്മസംരംഭങ്ങൾ സ്ഥാപിച്ച് സ്വയംതൊഴിൽ കണ്ടെത്താൻ സഹായിക്കുന്നു. ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ച മാർജിൻ മണി സബ്സിഡിയാണ് നൽകുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിനു കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷനാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ പ്രദേശങ്ങളിലേക്കും അവസാനതല ഗുണഭോക്താക്കളിലേക്കും സഹായം എത്തിക്കുകയാണ് ലക്ഷ്യം. ഉൽപ്പാദന മേഖലയിൽ 50 ലക്ഷം രൂപവരെയും സേവന മേഖലയിൽ 20 ലക്ഷം രൂപവരെയും ചെലവുള്ള പദ്ധതികൾക്ക് പിന്തുണ ലഭിക്കും. പൊതുവിഭാഗത്തിന് ഗ്രാമങ്ങളിൽ പദ്ധതി ചെലവിന്റെ 25 ശതമാനവും നഗരങ്ങളിൽ 15 ശതമാനവുമാണ് സബ്സിഡി. പ്രത്യേക വിഭാഗത്തിന് ഗ്രാമങ്ങളിൽ 35 ശതമാനവും നഗരങ്ങളിൽ 25 ശതമാനവും ലഭിക്കും. പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, വനിതകൾ, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ അപേക്ഷകർ എന്നിവരും വടക്കുകിഴക്കൻ മേഖല, മലയോര പ്രദേശങ്ങൾ, അതിർത്തി പ്രദേശങ്ങൾ, വികസനത്തിന് പ്രത്യേക പരിഗണന നൽകുന്ന ജില്ലകൾ എന്നിവിടങ്ങളിലെ ഗുണഭോക്താക്കളും പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുന്നു.
തെരുവുകച്ചവടക്കാർക്കുള്ള ചെറുവായ്പാ പദ്ധതിയായ പ്രധാനമന്ത്രി സ്വനിധി 2020 ജൂണിലാണ് ആരംഭിച്ചത്. പ്രവർത്തന മൂലധനത്തിനായി ഈടില്ലാത്ത വായ്പ ഘട്ടംഘട്ടമായി 15,000 രൂപ, 25,000 രൂപ, 50,000 രൂപ എന്നിങ്ങനെ ലഭിക്കും. പലിശ സബ്സിഡിയും വായ്പാ ഗ്യാരന്റിയും ഇതിനൊപ്പമുണ്ട്. രണ്ടാം വായ്പ തിരിച്ചടയ്ക്കുന്നവർക്ക് 30,000 രൂപ പരിധിയുള്ള യു.പി.ഐയുമായി ബന്ധിപ്പിച്ച റുപേ ക്രെഡിറ്റ് കാർഡിനും അർഹത നേടാം. ചില്ലറ, മൊത്തവ്യാപാര ഡിജിറ്റൽ ഇടപാടുകൾക്ക് 1,600 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും. സ്വനിധി സേ സമൃദ്ധി പദ്ധതിയിൽ കച്ചവടക്കാരുടെയും കുടുംബങ്ങളുടെയും സാമൂഹിക സാമ്പത്തിക സ്ഥിതി വിലയിരുത്തി തിരഞ്ഞെടുത്ത എട്ട് കേന്ദ്ര ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു. 2026 നവംബർ ഒമ്പതുവരെ 80.7 ലക്ഷത്തിലധികം ഗുണഭോക്താക്കളിലേക്ക് പദ്ധതി എത്തി. 20,400 കോടി രൂപയിലധികം അനുവദിച്ചു. 2025ൽ ആരംഭിച്ച സ്വാവലംബിനി പദ്ധതി യുവതികൾക്ക് ബിസിനസ് ആശയം രൂപപ്പെടുത്തുന്നതുമുതൽ സംരംഭം തുടങ്ങുന്നതുവരെ പിന്തുണ നൽകുന്നു. സംരംഭകത്വ പരിശീലനം, സാമ്പത്തിക ഉപദേശം, വിപണിസംബന്ധമായ മാർഗനിർദേശം, നിയമസഹായം എന്നിവ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിലനിൽപ്പുള്ള സംരംഭങ്ങൾ വികസിപ്പിക്കാൻ 21 ആഴ്ചത്തെ മാർഗനിർദേശവും തുടർസഹായവുമുണ്ട്. സ്വാവലംബിനിയുടെ പരീക്ഷണഘട്ടത്തിലെ ലക്ഷ്യങ്ങൾ കൈവരിച്ചു.
വൻനഗരങ്ങൾക്കപ്പുറം വളരുന്ന സംരംഭക ഇന്ത്യ
ഇന്ത്യയുടെ സംരംഭക വളർച്ച പരമ്പരാഗത വൻനഗര കേന്ദ്രങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുകയാണ്. അംഗീകൃത സ്റ്റാർട്ടപ്പുകളുടെ 52 ശതമാനം മെട്രോ ഇതര നഗരങ്ങളിൽനിന്നാണ്. ചെലവുകുറവ്, നൈപുണ്യമുള്ള ജീവനക്കാർ, ശക്തമായ വ്യവസായ കൂട്ടായ്മകൾ, മെച്ചപ്പെടുന്ന അടിസ്ഥാനസൗകര്യങ്ങൾ എന്നിവ കാരണം കൂടുതൽ സ്ഥാപനങ്ങൾ രണ്ടാംനിര, മൂന്നാംനിര നഗരങ്ങൾ തിരഞ്ഞെടുക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നവീകരണം വ്യാപിക്കുമ്പോൾ വളർന്നുവരുന്ന നഗരങ്ങൾ സംരംഭകത്വത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും അടുത്ത ഘട്ടത്തിന് കരുത്താകുന്നു. ഉപജീവനത്തിനും സംരംഭ വികസനത്തിനുമുള്ള പ്രത്യേക പരിപാടികൾ ഗ്രാമീണ സംരംഭകത്വത്തിനും വേഗം നൽകുന്നു. ദീൻദയാൽ അന്ത്യോദയ യോജനയുടെ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനു കീഴിൽ 2026 ഓഗസ്റ്റിൽ ദേശീയ സംരംഭകത്വ പ്രചാരണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. നവംബർ 21വരെ മൂന്നുമാസത്തേക്കുള്ള ഈ പ്രചാരണം ഗ്രാമീണ വനിതകളുടെ സംരംഭകത്വം ശക്തിപ്പെടുത്താനും ആറുകോടി ലഖ്പതി ദീദിമാരെ സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിന് പിന്തുണ നൽകാനുമാണ്.
ഗ്രാമീണ കുടുംബങ്ങൾക്ക് പ്രാദേശിക സംരംഭങ്ങൾ തുടങ്ങാനും വളർത്താനും സഹായിക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് ഓൺട്രപ്രണർഷിപ്പ് പ്രോഗ്രാം 2026 ജൂണോടെ രാജ്യത്താകെ 4.32 ലക്ഷം ഗ്രാമീണ സംരംഭങ്ങൾക്ക് പിന്തുണ നൽകി. സാമൂഹിക ഉൾപ്പെടുത്തലിനും സംരംഭക അവസരങ്ങൾ തുല്യമായി ലഭ്യമാക്കുന്നതിനും പദ്ധതി പ്രാധാന്യം നൽകുന്നു. സംരംഭകരിൽ ഏകദേശം 86 ശതമാനവും പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ, മറ്റു പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ളവരാണ്. ഈ പദ്ധതികൾ പ്രാദേശിക സംരംഭങ്ങളുടെ രൂപീകരണവും ഉപജീവന അവസരങ്ങളും വർധിപ്പിച്ച് കൂടുതൽ പ്രദേശങ്ങളിലേക്ക് സാമ്പത്തിക വളർച്ച എത്തിക്കുന്നു. അതിവേഗ വ്യാപനത്തിൽനിന്ന് നിലനിൽപ്പുള്ള വളർച്ചയിലേക്കും യഥാർഥ സാമ്പത്തിക പ്രവർത്തനങ്ങളുമായുള്ള കൂടുതൽ അടുപ്പത്തിലേക്കുമാണ് ഇന്ത്യയുടെ സ്റ്റാർട്ടപ്പ് മേഖല നീങ്ങുന്നത്. 2030ഓടെ പ്രതീക്ഷിക്കുന്ന 7.3 ലക്ഷം കോടി ഡോളർ സമ്പദ്വ്യവസ്ഥയിലേക്കും വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കുമുള്ള യാത്രയിൽ നവീകരണത്തിനും തൊഴിൽ സൃഷ്ടിക്കും സാമ്പത്തിക വളർച്ചയ്ക്കും സ്റ്റാർട്ടപ്പുകൾ പ്രധാന പങ്കുവഹിക്കും. ദീർഘകാലവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിന് നൂതന സംരംഭങ്ങൾ നൽകുന്ന സാധ്യതകളാണ് ഈ വളർച്ച വ്യക്തമാക്കുന്നത്.
.

Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.


