ന്യൂഡൽഹി / 2026 / ഒക്ടോബർ 10
തലമുറകളായി കപ്പലുകൾക്ക് വഴികാട്ടിയ ഇന്ത്യയിലെ വിളക്കുമാടങ്ങൾ ഇനി വിനോദസഞ്ചാര കേന്ദ്രങ്ങളായും മാറുന്നു. 11,000 കിലോമീറ്ററിലേറെ നീളമുള്ള തീരപ്രദേശത്ത് നിലകൊള്ളുന്ന 205 വിളക്കുമാടങ്ങളുടെ ചരിത്രവും വാസ്തുശില്പവും സംരക്ഷിച്ചുകൊണ്ടാണ് ഈ മാറ്റം. കടലിലെ അപകടകരമായ തീരഭാഗങ്ങൾ തിരിച്ചറിയാനും ഇരുട്ടിൽ കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനും സഹായിക്കുന്നതാണ് ഇവയുടെ പ്രധാന ചുമതല. ആ ദൗത്യം തുടരുന്നതിനൊപ്പം വിളക്കുമാടങ്ങൾ നവീകരിച്ച് പൊതുജനങ്ങൾക്കായി തുറക്കുകയാണ്. ഒരുകാലത്ത് ആളുകൾ ദൂരെനിന്നു മാത്രം കണ്ടിരുന്ന ഇവയുടെ വെളിച്ചം നാവികർക്കും ഗോപുരങ്ങൾ തീരക്കാഴ്ചകൾക്കും സ്വന്തമായിരുന്നു. ഇപ്പോൾ അവയുടെ കടൽയാത്രാ കഥകൾ മ്യൂസിയങ്ങളിലൂടെ ജനങ്ങളിലേക്കെത്തുന്നു. ചുറ്റുപാടുകളിൽ നടപ്പാതകൾ, ഉദ്യാനങ്ങൾ, തുറന്ന വേദികൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നു. വിളക്കുകൾ വിശ്വസനീയമായി പ്രവർത്തിക്കാൻ ആധുനിക സംവിധാനങ്ങളും സ്ഥാപിക്കുന്നു. വിളക്കുമാടങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണം 2014-ലെ ഏകദേശം നാലുലക്ഷത്തിൽ നിന്ന് 2024–25-ൽ 18.63 ലക്ഷമായി ഉയർന്നു. രാജ്യത്ത് 75 വിളക്കുമാടങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ മാണ്ഡ്വി, ദ്വാരക, കർണാടകയിലെ തദ്രി, തമിഴ്നാട്ടിലെ പാമ്പൻ, കേരളത്തിലെ വിഴിഞ്ഞം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലൈറ്റ്ഹൗസസ് ആൻഡ് ലൈറ്റ്ഷിപ്സ് ഡയറക്ടറേറ്റ് ജനറലിന്റെ കീഴിൽ ഡിജിറ്റൽ ടിക്കറ്റിങ് പോർട്ടലും ആരംഭിച്ചു. സന്ദർശകസേവനങ്ങൾ ഇതിലൂടെ പൊതുവായ ഡിജിറ്റൽ സംവിധാനത്തിലേക്ക് എത്തുകയാണ്. ഇന്ത്യയുടെ സമുദ്രപൈതൃകം അവതരിപ്പിക്കാൻ പുതിയ ഇടങ്ങൾ തുറക്കുന്ന ഈ വികസനം സമീപത്തെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, വിനോദസഞ്ചാര സേവനദാതാക്കൾ, ഗതാഗത സേവനങ്ങൾ, പ്രാദേശിക കടകൾ, കരകൗശല തൊഴിലാളികൾ എന്നിവർക്കും തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
തീയും എണ്ണയും മാറി; വെളിച്ചത്തിന് കരുത്തായി സൂര്യൻ
ദൂരെനിന്നു നോക്കുമ്പോൾ വിളക്കുമാടങ്ങൾക്ക് വലിയ മാറ്റമില്ലെന്ന് തോന്നാം. എന്നാൽ അവയുടെ പരിചിതമായ പ്രകാശത്തിന് പിന്നിലെ സാങ്കേതികവിദ്യ ഏറെ മാറിക്കഴിഞ്ഞു. ഒരുകാലത്ത് തീയും എണ്ണയും ആശ്രയിച്ചിരുന്ന വിളക്കുകൾ ഇന്ന് സൗരോർജത്തിലും ആധുനിക സാങ്കേതികവിദ്യയിലുമാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ എല്ലാ വിളക്കുമാടങ്ങളും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. ഇതോടെ കപ്പലുകൾക്ക് വഴികാട്ടുന്ന അടിസ്ഥാനസൗകര്യത്തിന്റെ ഭാഗമായിരിക്കുകയാണ് പുനരുപയോഗ ഊർജം. ഗുജറാത്തിലെ സമിയാനി ദ്വീപിലെ വിളക്കുമാടത്തിൽ എണ്ണവിളക്കിന് പകരം സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഫ്ലാഷർ സ്ഥാപിച്ചു. പിന്നീട് 2016-ൽ എൽഇഡി വിളക്കിലേക്ക് മാറി. ജോഡിയയിൽ ആദ്യം സൗരോർജത്തിൽ പ്രവർത്തിക്കുന്ന മിന്നുന്ന വിളക്ക് സ്ഥാപിക്കുകയും 2021-ൽ കൂടുതൽ പ്രകാശശക്തിയുള്ള എൽഇഡി വിളക്കായി നവീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ വിശാലമായ സമുദ്ര വിവരശൃംഖലയുടെയും ഭാഗമാണ് ഇപ്പോൾ വിളക്കുമാടങ്ങൾ. തീരത്തെ വിളക്കുമാടങ്ങളിൽ 87 ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം കരനിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കപ്പലുകളിലും കരയിലും നിന്ന് വിവരങ്ങൾ പ്രക്ഷേപണം ചെയ്യുന്ന സംവിധാനമാണിത്. കടലിലെ ജീവസുരക്ഷയ്ക്കായുള്ള അന്താരാഷ്ട്ര കൺവെൻഷനായ സോളാസിന് അനുസൃതമായാണ് ഇത് പ്രവർത്തിക്കുന്നത്. ചുറ്റുമുള്ള കപ്പലുകളുടെയും സാഹചര്യങ്ങളുടെയും വിവരം മനസ്സിലാക്കാൻ സഹായിക്കുന്ന ഈ സംവിധാനം സുരക്ഷിതമായ കപ്പൽഗതാഗതത്തിനും ഗതാഗതനിയന്ത്രണത്തിന്റെ കാര്യക്ഷമതയ്ക്കും കരുത്തേകുന്നു. വിശ്വസനീയവും സാഹചര്യങ്ങളോട് പ്രതികരിക്കാൻ സജ്ജവുമായ വഴികാട്ടൽ സംവിധാനമായി വിളക്കുമാടങ്ങളെ നിലനിർത്തുകയാണ് ഇത്തരം മാറ്റങ്ങളുടെ ലക്ഷ്യം.


കടൽയാത്രയുടെ പഴയ കഥകൾ പറയാൻ മ്യൂസിയങ്ങൾ
സാങ്കേതികവിദ്യ വിളക്കുമാടങ്ങളുടെ പ്രവർത്തനത്തിന് കരുത്തേകുമ്പോൾ അവയുടെ പഴയ കഥകൾക്ക് മ്യൂസിയങ്ങളിലൂടെ പുതിയ ഇടം ലഭിക്കുന്നു. ചെന്നൈ, മഹാബലിപുരം, ആലപ്പുഴ, കണ്ണൂർ, മുട്ടം, ദ്വാരക, ഗോപനാഥ് എന്നിവിടങ്ങളിൽ പ്രത്യേക വിളക്കുമാട മ്യൂസിയങ്ങളുണ്ട്. മാമല്ലപുരം എന്നും അറിയപ്പെടുന്ന മഹാബലിപുരത്തിന് തമിഴ്നാട് തീരത്തെ നൂറ്റാണ്ടുകളുടെ കടൽയാത്രാ ചരിത്രം പറയാനുണ്ട്. ക്രിസ്തുവർഷം ഏഴാം നൂറ്റാണ്ടിൽ തെക്കുകിഴക്കൻ ഏഷ്യയിലെയും മെഡിറ്ററേനിയൻ മേഖലയിലെയും രാജ്യങ്ങളുമായി കടൽവ്യാപാരം നടത്തുന്നതിനുള്ള പ്രധാന തുറമുഖമായി പല്ലവർ ഈ പ്രദേശത്തെ വികസിപ്പിച്ചു. തീരത്തേക്ക് വരുന്ന കപ്പലുകൾക്ക് വഴികാട്ടാൻ ഒരുകാലത്ത് വിറക് കത്തിച്ചുള്ള തീയാണ് ഉപയോഗിച്ചിരുന്നത്. 1887-ൽ ഒളക്കണേശ്വര ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ നാലാം ക്രമത്തിലുള്ള പ്രകാശസംവിധാനവും വിളക്കുകൂടും ഒരുക്കി അതിനുള്ളിൽ തിരിവിളക്ക് സ്ഥാപിച്ചതോടെയാണ് ആദ്യ പരമ്പരാഗത വിളക്കുമാടം നിലവിൽ വന്നത്. 2004-ൽ പ്രധാന വിളക്കും അടിയന്തര വെളിച്ചസംവിധാനവും 150 വാട്ടും 230 വോൾട്ടും ശേഷിയുള്ള മൂന്ന് മെറ്റൽ ഹാലൈഡ് വിളക്കുകളുടെ കൂട്ടമായി മാറ്റി. ഇപ്പോഴത്തെ വിളക്കുമാടം കല്ലുകൊണ്ട് നിർമിച്ച 26 മീറ്റർ ഉയരമുള്ള വൃത്താകൃതിയിലുള്ള ഗോപുരമാണ്. 2020-ൽ ഇതിന്റെ പ്രധാന വിളക്ക് 236 വാട്ട് എൽഇഡി നിരയായി നവീകരിച്ചു. ഇത്തരത്തിലുള്ള ആദ്യ സംവിധാനമായിരുന്നു അത്. പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയും നിലനിൽക്കുന്ന പൈതൃകവും ഇവിടെ ഒന്നിക്കുന്നു. ആകർഷകമായ പ്രദർശനങ്ങളും അപൂർവ വസ്തുക്കളും വിളക്കുമാടങ്ങളുടെ ചരിത്രം സന്ദർശകർക്ക് പരിചയപ്പെടുത്തുന്നു. ഇവിടത്തെ ദേശീയ പൈതൃക–സമുദ്ര മ്യൂസിയം പ്രദേശത്തിന്റെ ഭൂതകാലത്തെയും സന്ദർശകാനുഭവത്തിന്റെ ഭാഗമാക്കുന്നു. മ്യൂസിയങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ സമീപനം വലിയ പദ്ധതികളിലേക്കും വ്യാപിക്കുകയാണ്. ഗുജറാത്തിലെ ലോഥലിൽ ദേശീയ സമുദ്ര പൈതൃക സമുച്ചയത്തിന്റെ ഭാഗമായി 77 മീറ്റർ ഉയരമുള്ള വിളക്കുമാട മ്യൂസിയം ഒരുങ്ങും. 266.11 കോടി രൂപയാണ് ഇതിന്റെ പ്രതീക്ഷിക്കുന്ന ചെലവ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള വിളക്കുമാട മ്യൂസിയമായും ഏറ്റവും വലിയ സമുദ്ര മ്യൂസിയങ്ങളിലൊന്നായും ഇത് ആസൂത്രണം ചെയ്തിട്ടുണ്ട്. അയ്യായിരത്തിലേറെ വർഷം നീളുന്ന ഇന്ത്യയുടെ സമുദ്രപൈതൃകം പുനരുജ്ജീവിപ്പിച്ച് അവതരിപ്പിക്കുന്ന പ്രധാന സാംസ്കാരിക–സമുദ്ര പദ്ധതിയാണ് ഈ സമുച്ചയം. അഞ്ചുമാന ഡോം തിയേറ്റർ, തീരദേശ സംസ്ഥാനങ്ങളുടെ പവലിയൻ, മ്യൂസിയവും ഹോട്ടലും ചേർന്ന മ്യൂസിയോട്ടെൽ, പരിസ്ഥിതി സൗഹൃദ റിസോർട്ട് എന്നിവയും ഇവിടെ ഉണ്ടാകും. ഇന്ത്യൻ മാരിടൈം സർവകലാശാലയുമായി ചേർന്ന് സമുദ്ര ഗവേഷണ സ്ഥാപനവും വികസിപ്പിക്കുന്നു. വിളക്കുമാട മ്യൂസിയത്തിൽ നിന്ന് സമുച്ചയത്തിന്റെ വിശാലമായ കാഴ്ച ആസ്വദിക്കാനാകും. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വിളക്കുമാടങ്ങളിലൊന്നായ മഹാബലിപുരം വിളക്കുമാടത്തിൽ നിന്നാണ് രൂപകല്പനയ്ക്ക് പ്രചോദനം. കല്ല് വ്യാപകമായി ഉപയോഗിച്ച് അതിന്റെ പ്രത്യേക വാസ്തുശില്പസ്വഭാവം നിലനിർത്തും. വെർച്വൽ റിയാലിറ്റി വഴിയുള്ള ദൃശ്യസഞ്ചാരങ്ങൾ ഇന്ത്യയുടെ വിശാലമായ തീരത്തെ വിളക്കുമാടങ്ങളുടെ ചരിത്രം പരിചയപ്പെടുത്തും. പ്രൊജക്ഷൻ മാപ്പിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആധുനിക ശബ്ദ–വെളിച്ച പ്രദർശനവും ഉണ്ടാകും. പുരാതന കടൽവ്യാപാരവുമായി ബന്ധപ്പെട്ട രാജ്യത്തെ പ്രധാന പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ് ലോഥൽ. അവിടത്തെ മ്യൂസിയം പഴയ കടൽയാത്രാ പാരമ്പര്യത്തെയും ആധുനിക വഴികാട്ടൽ സംവിധാനങ്ങളുടെ വളർച്ചയെയും ബന്ധിപ്പിക്കും. കിഴക്കൻ തീരത്തും ഈ പ്രവർത്തനം വ്യാപിക്കുകയാണ്. വിശാഖപട്ടണത്തെ പഴയ വിളക്കുമാട മേഖലയിലെ പുതിയ മ്യൂസിയത്തിനായി 3,156 ചതുരശ്ര മീറ്റർ ഭൂമി നീക്കിവെച്ചിട്ടുണ്ട്.
വിളക്കുമാടത്തിന് ചുറ്റും ഉത്സവവും ജനപങ്കാളിത്തവും
വിളക്കുമാടങ്ങളുടെ മാറ്റം വികസനപദ്ധതികളിൽ മാത്രം ഒതുങ്ങുന്നില്ല. അവയെ കേന്ദ്രീകരിച്ചുള്ള ഉത്സവങ്ങളും രൂപപ്പെട്ടു. ആദ്യ ഇന്ത്യൻ വിളക്കുമാട ഉത്സവം 2023-ൽ ഗോവയിലെ ഫോർട്ട് അഗ്വാഡയിലാണ് നടന്നത്. രണ്ടാം പതിപ്പ് 2024-ൽ ഒഡിഷയിലെ പുരിയിലും മൂന്നാം പതിപ്പ് 2026-ൽ വിശാഖപട്ടണത്തും നടന്നു. വിളക്കുമാടങ്ങളെ വിശാലമായ സാംസ്കാരിക പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ഈ ഉത്സവങ്ങൾ. ആദ്യ ഉത്സവത്തിൽ സാംസ്കാരിക പ്രദർശനങ്ങൾ, സമുദ്രചരിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ, ശാസ്ത്രീയ കലാപ്രകടനങ്ങൾ, പ്രശസ്ത ഗായകരുടെ സംഗീതസന്ധ്യകൾ, തീരദേശ ഭക്ഷണവിഭവങ്ങൾ എന്നിവയിലൂടെ സമുദ്രപൈതൃകം ജനങ്ങളിലേക്കെത്തിച്ചു. രണ്ടാം പതിപ്പിൽ സമൂഹപങ്കാളിത്തത്തിന് പ്രത്യേക പ്രാധാന്യം ലഭിച്ചു. പുരിയിലെ പരിപാടിയിൽ വിളക്കുമാടങ്ങളുടെ പൈതൃകത്തിനൊപ്പം മണൽശില്പം, വള്ളങ്ങളിലെ കലാവിഷ്കാരം, യോഗ, നാടൻ നൃത്തം, സംഗീതം എന്നിവയും ഉൾപ്പെടുത്തി. വിനോദസഞ്ചാരത്തിനായി വികസിപ്പിച്ച ഒഡിഷയിലെ ഗോപാൽപുർ, പുരി, ചന്ദ്രഭാഗ, പാരാദീപ്, ഫാൾസ് പോയിന്റ് എന്നീ അഞ്ച് വിളക്കുമാടങ്ങളും പരിപാടിയിൽ ശ്രദ്ധ നേടി. വിളക്കുമാട കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തീരദേശ സമൂഹങ്ങളെ പങ്കാളികളാക്കാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. വിശാഖപട്ടണത്ത് നടന്ന മൂന്നാം പതിപ്പിൽ തീരദേശത്തിന്റെ തനിമ ആഘോഷിക്കുന്ന വിപുലമായ വേദിയായി വിളക്കുമാടം മാറി. പ്രാദേശിക കരകൗശല ഉൽപ്പന്നങ്ങളും തീരദേശ ഭക്ഷണവും രാത്രിയിലെ ദീപാലങ്കാരവും പരിപാടിക്ക് നിറം പകർന്നു. കുടുംബങ്ങൾ, യുവാക്കൾ, കലാകാരന്മാർ, സംരംഭകർ, വിദ്യാർഥികൾ, സന്ദർശകർ എന്നിവരുടെ ആവേശകരമായ പങ്കാളിത്തം ആഘോഷത്തെ കൂടുതൽ സജീവവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാക്കി. വിളക്കുമാടത്തിന് ചുറ്റുമുള്ള സമൂഹങ്ങളുമായി ഉത്സവം കൂടുതൽ അടുത്തു. ഗോവയിലെ അഗ്വാഡയിൽ ഈ സമീപനത്തിന് ആധുനിക രൂപവും ലഭിച്ചു. ചരിത്രപ്രസിദ്ധമായ വിളക്കുമാടത്തിന്റെ ഗോപുരത്തെ ദൃശ്യാവിഷ്കാരത്തിനുള്ള പ്രതലമാക്കി ശബ്ദ–വെളിച്ച പ്രൊജക്ഷൻ മാപ്പിങ് പ്രദർശനം ആരംഭിച്ചിട്ടുണ്ട്. പഴയൊരു അടയാളത്തിന് ചുറ്റും പുതിയ കഥ പറയുകയാണ് ഈ അവതരണം.

ബ്രഹ്മപുത്രയിലും തെളിയും പുതിയ വഴികാട്ടി വിളക്കുകൾ
വിളക്കുമാടങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുന്ന ആശയം തീരദേശ ഗോപുരങ്ങൾക്കപ്പുറത്തേക്കും എത്തുകയാണ്. നിലവിലുള്ള കേന്ദ്രങ്ങൾക്ക് പൊതുജീവിതത്തിൽ കൂടുതൽ വലിയ പങ്കും ലഭിക്കുന്നു. സന്ദർശകർക്കായി വികസിപ്പിച്ച 75 കേന്ദ്രങ്ങൾക്ക് പുറമേ 25 വിളക്കുമാടങ്ങൾ കൂടി വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാൻ നിർദേശിച്ചിട്ടുണ്ട്. ബ്രഹ്മപുത്ര നദിയിലെ പാണ്ഡു, ബോഗിബീൽ, സിൽഘട്ട്, ബിശ്വനാഥ് ഘട്ട് എന്നിവിടങ്ങളിൽ നാല് വിളക്കുമാടങ്ങൾ സ്ഥാപിക്കും. ഉൾനാടൻ ജലപാതയിലെ ഇന്ത്യയുടെ ആദ്യ വിളക്കുമാട അടിസ്ഥാനസൗകര്യമാകും ഇത്. ഏകദേശം 84 കോടി രൂപയാണ് ആകെ ചെലവ്. ഓരോ വിളക്കുമാടത്തിനും 20 മീറ്റർ ഉയരമുണ്ടാകും. സൗരോർജവും കാലാവസ്ഥ നിരീക്ഷിക്കുന്ന സെൻസറുകളും വഴികാട്ടൽ സംവിധാനത്തിന് ആധുനിക ശേഷി നൽകും. ജലഗതാഗതത്തിന് വഴികാട്ടുന്നതിനപ്പുറമുള്ള ഉപയോഗങ്ങളും കണക്കിലെടുത്താണ് ഇവ രൂപകല്പന ചെയ്യുന്നത്. ഓരോ കേന്ദ്രത്തിലും മ്യൂസിയം, തുറന്ന വേദി, ഭക്ഷണശാല, കുട്ടികളുടെ കളിസ്ഥലം, ഓർമവസ്തുക്കൾ വിൽക്കുന്ന കട, ഭംഗിയായി ഒരുക്കിയ പൊതുഇടങ്ങൾ എന്നിവ ഉണ്ടാകും. ദൂരെനിന്ന് കപ്പലിന്റെ വഴി അടയാളപ്പെടുത്തുന്ന ഒന്നായി മാത്രം വിളക്കുമാടം നിലനിൽക്കേണ്ടതില്ലെന്നതാണ് ഈ ആശയം. ജലാശയത്തെയും അതിന്റെ ചരിത്രത്തെയും മാറുന്ന സാധ്യതകളെയും ജനങ്ങൾക്ക് അടുത്തറിയാനുള്ള ഇടമായും അത് മാറും. തലമുറകളായി നിലകൊള്ളുന്ന തീരദേശ ഗോപുരങ്ങൾ മുതൽ ബ്രഹ്മപുത്രയിൽ ഉയരുന്ന പുതിയ വിളക്കുകൾ വരെ ഇന്ത്യയുടെ വിളക്കുമാടങ്ങളുടെ കഥ പുതിയ വഴികളിലേക്ക് നീങ്ങുകയാണ്. വെളിച്ചം അതിന്റെ ദൗത്യം തുടരുമ്പോൾ വിളക്കുമാടം തന്നെ സന്ദർശിക്കാനുള്ള കേന്ദ്രമായും മാറുന്നു.
