ദേവ്ഘർ (ഝാർഖണ്ഡ്)/ 2026 / ഒക്ടോബർ 10
സൈനികരും അവരുടെ കുടുംബങ്ങളും രാജ്യത്തിനായി നടത്തുന്ന ത്യാഗങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. ഝാർഖണ്ഡിലെ ദേവ്ഘറിൽ ഒക്ടോബർ പത്തിന് ‘സൈന്യ സമ്പർക്ക മേള – സദൈവ് ആപ്കെ സാഥ്’ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാന്താൾ പർഗാന മേഖലയിലെ വിമുക്തഭടന്മാർക്കും വീരനാരികൾക്കും ആശ്രിതർക്കും ക്ഷേമസേവനങ്ങളും പരാതിപരിഹാര സൗകര്യങ്ങളും ലഭ്യമാക്കാൻ ഇന്ത്യൻ സൈന്യവും ദേവ്ഘർ ജില്ലാ ഭരണകൂടവും ചേർന്നാണ് മേള സംഘടിപ്പിച്ചത്. നമ്മുടെ സൈനികർ എന്നും രാജ്യത്തിനൊപ്പം നിന്നിട്ടുണ്ടെന്നും അവർക്കും കുടുംബങ്ങൾക്കും ഒപ്പം രാജ്യം എന്നും നിലകൊള്ളണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

സൈനികരുടെ ത്യാഗത്തിൽ കുടുംബങ്ങളും പങ്കാളികൾ
രാജ്യത്തിനായി വിലമതിക്കാനാവാത്ത ത്യാഗങ്ങളും സംഭാവനകളും നൽകിയ വിമുക്തഭടന്മാർക്കും വീരനാരികൾക്കും ഉപരാഷ്ട്രപതി ആദരമർപ്പിച്ചു. വിമുക്തഭടന്മാർ രാജ്യത്തിന്റെ പ്രധാന സമ്പത്താണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ അനുഭവങ്ങൾ യുവാക്കൾക്ക് വഴികാട്ടും. അവരുടെ നേതൃപാടവത്തിന് രാഷ്ട്രനിർമാണത്തിൽ വലിയ സംഭാവന നൽകാനുമാകും. അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന ഓരോ സൈനികന്റെയും പിന്നിൽ സൈനികസേവനത്തിന്റെ ത്യാഗങ്ങളും ഉത്തരവാദിത്വങ്ങളും പങ്കിടുന്ന ഒരു കുടുംബമുണ്ടെന്ന് വീരനാരികളെ അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം ഓർമിപ്പിച്ചു. സൈനികരും കുടുംബങ്ങളും നടത്തിയ ത്യാഗങ്ങൾ രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും വ്യക്തമാക്കി.
ഝാർഖണ്ഡിന് സേവനത്തിന്റെയും ത്യാഗത്തിന്റെയും പാരമ്പര്യം
ഝാർഖണ്ഡ് ഗവർണറായിരുന്ന കാലം ഓർമിച്ച ഉപരാഷ്ട്രപതി, രാജ്യസേവനത്തിൽ സംസ്ഥാനത്തിനുള്ള അഭിമാനകരമായ പാരമ്പര്യം എടുത്തുപറഞ്ഞു. പരമവീര ചക്ര ജേതാവ് ലാൻസ് നായിക് ആൽബർട്ട് എക്കയ്ക്ക് അദ്ദേഹം ആദരമർപ്പിച്ചു. ആദിവാസി സ്വാതന്ത്ര്യസമരസേനാനികളായ ഭഗവാൻ ബിർസ മുണ്ട, തിൽക മാഞ്ചി, സിദ്ധു, കാൻഹു, നീലാംബർ, പീതാംബർ എന്നിവരുടെ സംഭാവനകളും അനുസ്മരിച്ചു. രാജ്യസ്നേഹവും രാഷ്ട്രസേവനത്തിനുള്ള മനോഭാവവും ഝാർഖണ്ഡിലെ ജനങ്ങൾക്ക് ഇന്നും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.

പെൻഷനും ചികിത്സയും പരാതിപരിഹാരവും ഒരിടത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ‘ഒരു റാങ്ക്, ഒരു പെൻഷൻ’ എന്ന ദീർഘകാല ആവശ്യം നടപ്പാക്കിയ കാര്യം ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. വിമുക്തഭടന്മാർക്കും വീരനാരികൾക്കുമായി നടപ്പാക്കിയ വിവിധ ക്ഷേമപദ്ധതികളും അദ്ദേഹം പരാമർശിച്ചു. പെൻഷൻ സഹായം, ചികിത്സാസൗകര്യങ്ങൾ, രേഖകളുമായി ബന്ധപ്പെട്ട സേവനങ്ങൾ, പരാതിപരിഹാരം എന്നിവ ഒരേ വേദിയിൽ ലഭ്യമാക്കിയ മേളയിലെ ഏകജാലക സംവിധാനത്തെ അദ്ദേഹം അഭിനന്ദിച്ചു. സേവനങ്ങൾ അവസാനത്തെ ഗുണഭോക്താവിലേക്കും എത്തിക്കുന്നതിന്റെ അർഥവത്തായ ഉദാഹരണമാണിതെന്ന് പറഞ്ഞു. സായുധസേന, സിവിൽ ഭരണകൂടം, ധനകാര്യ സ്ഥാപനങ്ങൾ, ആരോഗ്യസേവന ദാതാക്കൾ, ക്ഷേമ ഏജൻസികൾ എന്നിവയുടെ പങ്കാളിത്തം രാജ്യത്തെ സേവിച്ചവരെ തിരികെ സേവിക്കാനുള്ള കൂട്ടായ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും വ്യക്തമാക്കി. ‘സദൈവ് ആപ്കെ സാഥ്’, അഥവാ ‘എപ്പോഴും നിങ്ങൾക്കൊപ്പം’ എന്ന ആശയം തുടർച്ചയായ ദേശീയ പ്രതിബദ്ധതയായി മാറണം. വിമുക്തഭടന്മാർക്കും കുടുംബങ്ങൾക്കും എന്നും ആദരവും പിന്തുണയും കരുതലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്റ്റാളുകൾ സന്ദർശിച്ചു; ഗുണഭോക്താക്കളുമായി സംസാരിച്ചു
മേളയിലെ വിവിധ സ്റ്റാളുകൾ ഉപരാഷ്ട്രപതി സന്ദർശിച്ചു. ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും പ്രദർശനം, ദുരന്തനിവാരണ സൗകര്യങ്ങൾ, വിമുക്തഭടന്മാരുടെ പങ്കാളിത്ത ആരോഗ്യപദ്ധതിയായ ഇ.സി.എച്ച്.എസ്. സേവനങ്ങൾ, ആരോഗ്യപരിശോധനയും രക്തദാന ക്യാമ്പുകളും, സ്ത്രീകളുടെ ആരോഗ്യബോധവത്കരണ പരിപാടികൾ, എൻ.സി.സി. പ്രവർത്തനങ്ങൾ, പെൻഷൻ സേവനങ്ങൾ എന്നിവ അദ്ദേഹം കണ്ടു. വിമുക്തഭടന്മാരുമായും ഗുണഭോക്താക്കളുമായും മേളയിലെത്തിയ മറ്റുള്ളവരുമായും സംസാരിച്ചു. ഈ സംരംഭം സംഘടിപ്പിച്ച ഇന്ത്യൻ സൈന്യത്തെയും ദേവ്ഘർ ജില്ലാ ഭരണകൂടത്തെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു. പാർലമെന്റ് അംഗം ഡോ. നിശികാന്ത് ദുബെയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും സായുധസേനാ സമൂഹത്തിന്റെ ക്ഷേമത്തിനായി സംഭാവന നൽകിയ സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും നന്ദി അറിയിക്കുകയും ചെയ്തു.
ഗവർണറും കേന്ദ്ര സഹമന്ത്രിയും പങ്കെടുത്തു
ഝാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗംഗ്വാർ, കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്റാവു ജാധവ്, പാർലമെന്റ് അംഗങ്ങളായ ഡോ. നിശികാന്ത് ദുബെ, ആദിത്യ സാഹു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. നൂറ്റിപ്പതിനൊന്നാം ഏരിയയുടെ ജനറൽ ഓഫീസർ കമാൻഡിങ് ലെഫ്റ്റനന്റ് ജനറൽ പവൻ ചദ്ദ, ബാബ ബൈദ്യനാഥ് മെഡിക്കൽ ട്രസ്റ്റ് അധ്യക്ഷ അനാമിക ഗൗതം എന്നിവരും സന്നിഹിതരായിരുന്നു. ഇന്ത്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സിവിൽ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ, വിമുക്തഭടന്മാർ, വീരനാരികൾ, അവരുടെ കുടുംബങ്ങൾ എന്നിവരും മേളയിൽ പങ്കെടുത്തു.
