ന്യൂഡൽഹി / 2026 / ഒക്ടോബർ 01
ജൈവവിഭവങ്ങളുടെ ഉപയോഗത്തിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ സംരക്ഷണത്തിനും പ്രാദേശിക സമൂഹങ്ങൾക്കും എത്തിക്കുന്നതിൽ ശ്രദ്ധേയമായ പുരോഗതിയുമായി ദേശീയ ജൈവവൈവിധ്യ അതോറിറ്റി ഇന്ന് 23-ാം സ്ഥാപകദിനം ആചരിക്കുന്നു. ജൈവവിഭവങ്ങളിലേക്കുള്ള പ്രവേശനവും അവയുടെ ഉപയോഗത്തിൽനിന്നുള്ള നേട്ടങ്ങൾ പങ്കിടലും ഉറപ്പാക്കുന്ന എബിഎസ് സംവിധാനത്തിലൂടെ 2008 മുതൽ 278 കോടിയിലേറെ രൂപയാണ് അതോറിറ്റിക്ക് ലഭിച്ചത്. ഇതിൽ 200 കോടിയിലേറെ രൂപ ജൈവവൈവിധ്യ സംരക്ഷണത്തിനും രാജ്യത്തുടനീളമുള്ള സമൂഹങ്ങൾക്കും കർഷകർക്കും സ്ഥാപനങ്ങൾക്കും മറ്റ് അർഹരായ ഗുണഭോക്താക്കൾക്കുമായി വിതരണം ചെയ്തു. ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങളിലെ സ്ഥാപനങ്ങൾ ചേർന്നാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
ജൈവവിഭവങ്ങളുടെ ഉപയോഗത്തിൽനിന്നുള്ള നേട്ടം ജനങ്ങളിലേക്ക്
ജൈവവിഭവങ്ങളുടെ ഉപയോഗത്തെ അവയുടെ സംരക്ഷണവുമായും നേട്ടങ്ങളുടെ നീതിപൂർവമായ പങ്കിടലുമായും ബന്ധിപ്പിക്കാൻ ഇന്ത്യയുടെ എബിഎസ് സംവിധാനത്തിന് കഴിയുന്നുവെന്നാണ് ഈ പുരോഗതി വ്യക്തമാക്കുന്നത്. സംവിധാനം പ്രായോഗികമായി നടപ്പാക്കുന്നതിൽ ഇന്ത്യ മുൻനിരയിലെത്തിയിട്ടുണ്ട്. 2002-ലെ ജൈവവൈവിധ്യ നിയമപ്രകാരമുള്ള മൂന്നുതല സ്ഥാപനസംവിധാനമാണ് ഇതിന് പിന്തുണ നൽകുന്നത്. ദേശീയതലത്തിൽ ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംസ്ഥാനങ്ങളിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡുകളും കേന്ദ്രഭരണപ്രദേശങ്ങളിൽ ജൈവവൈവിധ്യ കൗൺസിലുകളും പ്രവർത്തിക്കുന്നു. പ്രാദേശികതലത്തിൽ ജൈവവൈവിധ്യ പരിപാലന സമിതികളാണ് പ്രവർത്തിക്കുന്നത്.
ജൈവവൈവിധ്യത്തിന്റെ മൂല്യം സംരക്ഷണപ്രവർത്തനങ്ങളായും സമൂഹങ്ങൾക്കുള്ള നേട്ടങ്ങളായും മാറ്റുന്ന പ്രധാന സംവിധാനമായി എബിഎസ് വളർന്നിട്ടുണ്ട്. അതോറിറ്റി വിതരണം ചെയ്ത 200 കോടിയിലേറെ രൂപയുടെ സഹായം 10,500-ലേറെ ജൈവവൈവിധ്യ പരിപാലന സമിതികൾക്കും 28 സംസ്ഥാന ജൈവവൈവിധ്യ ബോർഡുകൾക്കും ഏഴ് കേന്ദ്രഭരണപ്രദേശ ജൈവവൈവിധ്യ കൗൺസിലുകൾക്കും ലഭിച്ചു. ആറ് വനം വകുപ്പുകൾക്കും 58 ഗവേഷണ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും സഹായം നൽകി. ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര ഉപയോഗം, ഗവേഷണം, പ്രവർത്തനശേഷി വർധിപ്പിക്കൽ, സമൂഹങ്ങൾക്ക് പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിച്ചത്.
2025 സെപ്റ്റംബർ ഒന്നു മുതൽ 2026 ഓഗസ്റ്റ് 31 വരെ എബിഎസ് ഇനത്തിൽ അതോറിറ്റിക്ക് 12.93 കോടി രൂപ ലഭിച്ചു. ഇതേ കാലയളവിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും കർഷകർക്കും പ്രാദേശിക സമൂഹങ്ങൾക്കും തിരിച്ചറിഞ്ഞ മറ്റ് ഗുണഭോക്താക്കൾക്കുമായി 132.01 കോടി രൂപ അനുവദിച്ചു. മുൻവർഷങ്ങളിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന എബിഎസ് തുകയും ഇതിൽ ഉൾപ്പെടുന്നു. ഇതിലൂടെ കൂടുതൽ സംരക്ഷണ, ഉപജീവന പദ്ധതികൾക്ക് സഹായം നൽകാനായി.
വിത്തുകൾ മുതൽ ഔഷധങ്ങളും സൗന്ദര്യവർധക വസ്തുക്കളും വരെ
കാർഷിക, തോട്ടവിളകൾ, സസ്യങ്ങളുടെ ജനിതക വിഭവങ്ങൾ, ഔഷധസസ്യങ്ങൾ, സുഗന്ധസസ്യങ്ങൾ, കന്നുകാലികളുടെ ജനിതക വിഭവങ്ങൾ, രക്തചന്ദനം, സൂക്ഷ്മജീവികൾ തുടങ്ങി വിവിധ ജൈവവിഭവങ്ങൾ എബിഎസ് സംവിധാനത്തിന്റെ പരിധിയിലുണ്ട്. വിത്ത്, ആയുഷ്, മരുന്ന്, പോഷകപൂരക ഉൽപ്പന്നങ്ങൾ, ജൈവസാങ്കേതികവിദ്യ, സൗന്ദര്യവർധക വസ്തുക്കൾ, രാസവസ്തുക്കൾ, ജൈവഇന്ധനങ്ങൾ, ഭക്ഷണം, പാനീയങ്ങൾ എന്നീ മേഖലകളിൽനിന്ന് സംഭാവനകൾ ലഭിച്ചിട്ടുണ്ട്.
നുൻഹെംസ് ഇന്ത്യ, ഈസ്റ്റ് വെസ്റ്റ് സീഡ്സ് ഇന്ത്യ, പയനിയർ ഓവർസീസ് കോർപ്പറേഷൻ, ബേയർ ബയോസയൻസ്, ഹിമാലയ വെൽനെസ് കമ്പനി, ഡാബർ ഇന്ത്യ, ഓർഗാനിക് ഇന്ത്യ, ലോറസ് ലാബ്സ്, അകെയ് നാച്വറൽ ഇൻഗ്രീഡിയന്റ്സ്, നോവോസൈംസ് സൗത്ത് ഏഷ്യ, അഡ്വാൻസ്ഡ് എൻസൈംസ്, ലോറിയൽ ഇന്ത്യ തുടങ്ങിയ കമ്പനികൾ ബാധകമായ നിയമസംവിധാനപ്രകാരം എബിഎസിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
ഈ നേട്ടങ്ങൾ കൂടുതൽ വ്യാപകമായി പ്രാദേശികതലത്തിലേക്ക് എത്തുകയാണ്. ചോളം, നെല്ല്, മഞ്ഞൾ, നെല്ലിക്ക, കടുക്, പാവയ്ക്ക, പരുത്തി, വെണ്ട, മുളക് എന്നിവയുടെ സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനും സഹായം ലഭിക്കുന്നു. ഔഷധ, സുഗന്ധ വിഭവങ്ങളായ കാലമേഘ്, ഏലം, തുളസി, ഗുഗ്ഗുൽ പശ, വേപ്പ്, ഗാർസീനിയ, അശ്വഗന്ധ, കുരുമുളക്, ഗ്രാമ്പൂ എന്നിവയ്ക്കും പിന്തുണ നൽകുന്നു.
രക്തചന്ദന സംരക്ഷണത്തിന് ഏകദേശം 100 കോടി രൂപ
അടുത്തിടെ അനുവദിച്ച തുകകളിൽ 25,431 പരുത്തി ഇനങ്ങൾക്കായി 6.67 കോടി രൂപയും കടുകുമായി ബന്ധപ്പെട്ട സംരക്ഷണപ്രവർത്തനങ്ങൾക്ക് 15.52 കോടി രൂപയും ഉൾപ്പെടുന്നു. 139 വെണ്ട ഇനങ്ങൾക്കും 28 സങ്കരയിനങ്ങൾക്കുമായി 3.51 കോടി രൂപയും അനുവദിച്ചു.
ആന്ധ്രപ്രദേശ് വനം വകുപ്പും സംസ്ഥാന ജൈവവൈവിധ്യ ബോർഡും വഴി രക്തചന്ദനത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ഏകദേശം 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജൈവവിഭവങ്ങളിൽനിന്നുള്ള മൂല്യം വ്യക്തമായ സംരക്ഷണഫലങ്ങളാക്കി മാറ്റാൻ എബിഎസിന് കഴിയുന്നതിന്റെ ഉദാഹരണമാണിത്. ജൈവവിഭവങ്ങളുടെ വാണിജ്യ ഉപയോഗത്തിനായി നിയമത്തിലെ ഏഴാം വകുപ്പിന് കീഴിൽ വരുന്ന ഇന്ത്യൻ സ്ഥാപനങ്ങൾക്ക് സംസ്ഥാന ബോർഡുകളും കേന്ദ്രഭരണപ്രദേശ കൗൺസിലുകളും നൽകിയ എബിഎസ് അനുമതികളിലൂടെ 51 കോടിയിലേറെ രൂപയും ലഭിച്ചിട്ടുണ്ട്.
ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുകൾ തയ്യാറാക്കൽ, ആവാസവ്യവസ്ഥകളുടെ പുനരുദ്ധാരണം, പരമ്പരാഗത ഇനങ്ങളുടെ സംരക്ഷണം, ഔഷധസസ്യ സംരക്ഷണം, സമൂഹതലത്തിലുള്ള ജീൻ ബാങ്കുകൾ, പ്രവർത്തനശേഷി വർധിപ്പിക്കൽ, സുസ്ഥിര ഉപജീവന പ്രവർത്തനങ്ങൾ എന്നിവയ്ക്കും എബിഎസ് ഫണ്ട് ഉപയോഗിക്കുന്നു. വ്യക്തിഗത ഗുണഭോക്താക്കളെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യങ്ങളിൽ ജൈവവിഭവങ്ങൾ ലഭിക്കുന്ന പ്രദേശങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തിനായി തുക ഉപയോഗിക്കാൻ സംവിധാനത്തിൽ വ്യവസ്ഥയുണ്ട്.
അപേക്ഷകളും അനുമതികളും ഓൺലൈനിൽ; നടപടികൾ കൂടുതൽ ലളിതം
നിയന്ത്രണപരമായ പരിഷ്കാരങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും ബിസിനസ് നടത്തുന്നതും നിയമനിബന്ധനകൾ പാലിക്കുന്നതും എളുപ്പമാക്കി. ജൈവവൈവിധ്യ സംരക്ഷണവും നേട്ടങ്ങളുടെ ന്യായവും തുല്യവുമായ പങ്കിടലും ഉറപ്പാക്കിക്കൊണ്ടാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നത്. എബിഎസ് ഇ-ഫയലിങ് സംവിധാനം അപേക്ഷകളുടെ നടപടിക്രമം ലളിതമാക്കി. സുതാര്യതയും അപേക്ഷകളുടെ പുരോഗതി പിന്തുടരാനുള്ള സൗകര്യവും മെച്ചപ്പെട്ടു.
ഇതുവരെ അതോറിറ്റിക്ക് 11,273 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 6,074 കരാറുകൾ ഒപ്പിടുകയോ അനുമതികൾ നൽകുകയോ ചെയ്തു. 2,098 സർട്ടിഫിക്കറ്റുകളും നൽകി. മാതൃകാ കരാറുകൾ, ഏകീകൃത നടപടിക്രമങ്ങൾ, ഓൺലൈൻ സേവനങ്ങൾ എന്നിവയിലൂടെ നടപടികൾ കൂടുതൽ വ്യക്തവും ഉപയോക്താക്കൾക്ക് എളുപ്പമുള്ളതുമായി. അതോറിറ്റി ഒപ്പിടുന്ന കരാറുകളിൽ എബിഎസ് ബാധ്യതകൾ ഉൾപ്പെടുത്തുന്നുണ്ട്. ബാധകമായ എബിഎസ് ചട്ടങ്ങൾപ്രകാരം നേട്ടവിഹിതം നൽകുന്നതിനുള്ള വ്യക്തമായ അടിസ്ഥാനം ഇതിലൂടെ ലഭിക്കുന്നു.
ജൈവവൈവിധ്യ സംരക്ഷണത്തെ സുസ്ഥിര ഉപജീവനവുമായി ബന്ധിപ്പിക്കുന്നതിലൂടെ പ്രാദേശിക മൂല്യവർധനയ്ക്കും ജൈവവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനും സമൂഹങ്ങളുടെ പങ്കാളിത്തത്തിനും എബിഎസ് സഹായിക്കുന്നു. പ്രത്യേകിച്ച് ജൈവവൈവിധ്യ സമ്പന്നമായ ഗ്രാമീണ, ആദിവാസി മേഖലകളിൽ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് പിന്തുണ നൽകുന്നു.
ആദിവാസി ക്ഷേമത്തിനും ആഗോള സംരക്ഷണലക്ഷ്യങ്ങൾക്കും പിന്തുണ
വികസിത ഭാരതം 2047 എന്ന കാഴ്ചപ്പാടിനും എബിഎസ് സംഭാവന നൽകുന്നു. ആദിവാസി ക്ഷേമവും പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചുള്ള ഉപജീവനവും പ്രോത്സാഹിപ്പിക്കുന്ന പിഎം-ജൻമൻ, പ്രധാനമന്ത്രി ജനജാതീയ വികാസ് മിഷൻ, വൻ ധൻ തുടങ്ങിയ പദ്ധതികൾക്കും ഇത് അനുബന്ധ പിന്തുണ നൽകുന്നു.
നഗോയ പ്രോട്ടോക്കോളിന്റെ തത്വങ്ങൾ പ്രായോഗികമായി നടപ്പാക്കുന്നതിനും ഇന്ത്യയുടെ എബിഎസ് സംവിധാനം സഹായിക്കുന്നു. 2024–2030 കാലയളവിലെ ദേശീയ ജൈവവൈവിധ്യ തന്ത്രത്തിനും പ്രവർത്തനപദ്ധതിക്കും കീഴിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധതകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇത് പിന്തുണ നൽകുന്നു. കുൻമിങ്–മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂടിലെ ന്യായവും തുല്യവുമായ നേട്ടപങ്കിടൽ സംബന്ധിച്ച പതിമൂന്നാം ലക്ഷ്യത്തിനും സംവിധാനം സംഭാവന നൽകുന്നു. സംരക്ഷണം, സുസ്ഥിര ഉപയോഗം, സമൂഹങ്ങൾക്കുള്ള നേട്ടങ്ങൾ എന്നിവയിലൂടെ ഈ ചട്ടക്കൂടിലെ നാല്, അഞ്ച്, ഒൻപത് ലക്ഷ്യങ്ങൾക്കും പ്രസക്തമായ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും എബിഎസ് പിന്തുണ നൽകുന്നുണ്ട്. ഇതിലൂടെ ജൈവവൈവിധ്യവും ഉപജീവനവും സുസ്ഥിര വികസനവും തമ്മിലുള്ള ബന്ധം ശക്തമാകുന്നു.
2023-ൽ ഭേദഗതി ചെയ്ത 2002-ലെ ജൈവവൈവിധ്യ നിയമം, 2024-ലെ ജൈവവൈവിധ്യ ചട്ടങ്ങൾ, 2025-ലെ ജൈവവൈവിധ്യ പ്രവേശനവും നേട്ടപങ്കിടലും സംബന്ധിച്ച ചട്ടങ്ങൾ എന്നിവയിലൂടെ സുതാര്യവും വ്യക്തവും ഫലപ്രദവുമായ എബിഎസ് സംവിധാനം ഇന്ത്യ കൂടുതൽ ശക്തമാക്കുകയാണ്. നിയമാനുസൃതമായി ജൈവവിഭവങ്ങൾ ഉപയോഗിക്കുന്നതിനും നിബന്ധനകൾ പാലിക്കുന്നതിനും ഇത് സഹായിക്കുന്നു. അതേസമയം, ജൈവവിഭവങ്ങളുടെ ഉപയോഗത്തിൽനിന്നുള്ള നേട്ടങ്ങൾ സംരക്ഷണത്തിനും സമൂഹങ്ങളുടെ ക്ഷേമത്തിനും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
സ്ഥാപകദിനം ആചരിക്കുന്ന അതോറിറ്റി സംസ്ഥാന ബോർഡുകൾ, കേന്ദ്രഭരണപ്രദേശ കൗൺസിലുകൾ, പ്രാദേശിക സമിതികൾ, ബന്ധപ്പെട്ട വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായമേഖല, പ്രാദേശിക സമൂഹങ്ങൾ, മറ്റ് പങ്കാളികൾ എന്നിവരുമായി ചേർന്ന് എബിഎസ് നടപ്പാക്കൽ കൂടുതൽ ശക്തമാക്കും. ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര ഉപയോഗം, പുതുമകൾ, സമൂഹക്ഷേമം എന്നിവയെ ബന്ധിപ്പിക്കുന്ന പ്രായോഗിക പാലമായി എബിഎസിന് പ്രവർത്തിക്കാനാകുമെന്നാണ് ഇന്ത്യയുടെ അനുഭവം വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ ജൈവസമ്പത്തിൽനിന്ന് ലഭിക്കുന്ന മൂല്യം അതിന്റെ സംരക്ഷണത്തിനും അത് നിലനിർത്തുന്ന ജനങ്ങൾക്കും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.