തൃശൂര്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച അമേരിക്കക്കു പിന്നാലെ ഇന്ത്യയും കോവിഡ് ബാധയില്‍ മുന്നേറുന്നു. ലഭ്യമായ കണക്കനുസരിച്ച് ഇതുവരെ 42 ലക്ഷം പേര്‍ക്ക് ഇന്ത്യയില്‍ കോവിഡ് ബാധിച്ചു. അമേരിക്കയില്‍ 64 ലക്ഷം പേര്‍ക്കും കോവിഡിനെ നേരിടേണ്ടിവന്നു. പുതിയ കോവിഡ് കേസുകളും മരണങ്ങളും ഇന്ത്യയില്‍ മുന്നേറുകയാണ്.
അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യയുടെ ജനസംഖ്യ നാല് ഇരട്ടിയിലധികമാണ്. 33 കോടി ജനങ്ങളുള്ള അമേരിക്കയേക്കാള്‍ 138 കോടി ജനങ്ങളുള്ള ഇന്ത്യക്ക് അതിജീവനത്തിന്‍റെ കാര്യത്തില്‍ അനേകം പ്രതിസന്ധികളെ നേരിടാനുണ്ട്. ഒരു കിലോമീറ്റര്‍ വിസ്തൃതിയില്‍ 36 അമേരിക്കക്കാര്‍ എന്നതാണ് അവിടുത്തെ ജനസാന്ദ്രത എങ്കില്‍ ഇന്ത്യയില്‍ അത് 464 പേരാണ്. കോവിഡിന്‍റെ വ്യാപനത്തെ വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ വര്‍ദ്ധിച്ച ജനസാന്ദ്രത ഒരു ഘടകമാണ്. ഇന്ത്യയേക്കാള്‍ ജനസംഖ്യ കൂടുതലുള്ള ചൈന പുറത്തുവിട്ട കണക്കനുസരിച്ച് അവിടെ കോവിഡ് ബാധിച്ചവരുടെ സംഖ്യ 85,134 ല്‍ ഒതുങ്ങുന്നു എന്നത് ഇന്ത്യയെയും മറ്റു ലോകരാജ്യങ്ങളെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ചൈനയുടെ സ്ഥാനം 38 ആണ്.
കോവിഡ് ബാധയുടെ കണക്ക് ടെസ്റ്റുകളെ ആശ്രയിച്ചാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നതിനാല്‍ പല രാജ്യങ്ങളിലെയും യഥാര്‍ത്ഥ സ്ഥിതി അറിയുക പ്രയാസമാണ്. ലഭ്യമായ കണക്കനുസരിച്ച് ഒരു ലക്ഷത്തിലധികം പേര്‍ കോവിഡ് ബാധിതരായ 30 രാജ്യങ്ങളാണ് പട്ടികയിലുളളത്. ഓരോ രാജ്യവും സ്ഥലവിസ്തൃതിയിലും ജനസംഖ്യയിലും വ്യത്യസ്തമായതിനാല്‍ ആകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം നോക്കി വ്യാപനത്തിന്‍റെ തീവ്രത അറിയുക എളുപ്പമല്ല. ജനസംഖ്യാനുപാതികമായി, അതായത് ഓരോ പത്തുലക്ഷം പേരിലും കോവിഡ് ബാധിച്ചവര്‍ എത്ര എന്ന കണക്കില്‍ ആ 30 രാജ്യങ്ങളെ താരതമ്യം ചെയ്താല്‍ കോവിഡ്ബാധിതരുടെ കൂടിയ സാന്ദ്രത ഖത്തര്‍ എന്ന ചെറുരാജ്യത്ത് ഉണ്ടായി എന്ന് കാണാം.
കോവിഡ് മരണങ്ങളില്‍ മുക്കാല്‍ ലക്ഷത്തോളം പേരെ ഇന്ത്യക്കു നഷ്ടമായി. രണ്ട് ലക്ഷത്തോളം പേര്‍ അമേരിക്കയിലും ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ ബ്രസിലീലും മരണപ്പെട്ടു. ഒരു മില്യണ്‍ ജനസംഖ്യയില്‍ എത്ര മരണങ്ങള്‍ സംഭവിച്ചു എന്ന കണക്കു പരിശോധിച്ചാല്‍ ഇന്ത്യ വളരെ മെച്ചപ്പെട്ട നിലയില്‍ തന്നെയാണ് എന്നു കാണുവാന്‍ സാധിക്കും. അതായത് പത്തുലക്ഷം ആളുകളെ എടുത്താല്‍ അതില്‍ 52 പേര്‍ മാത്രമാണ് ഇന്ത്യയില്‍ കോവിഡ് മൂലം മരണപ്പെട്ടിട്ടുളളത്. എന്നാല്‍ ഇത് അമേരിക്കയില്‍ 583 പേരും ബ്രസീലില്‍ 595 പേരുമാണ്. യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലുമാണ് കോവിഡ് മരണങ്ങള്‍ ഏറിയ പങ്കും സംഭവിക്കുന്നത്. പതിനായിരത്തിനുമേല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 15 രാജ്യങ്ങളാണുള്ളത്. ഓരോ പത്തുലക്ഷം ജനസംഖ്യയിലും എത്രപേര്‍ മരിച്ചു എന്ന കണക്കില്‍ ആ 15 രാജ്യങ്ങളെ താരതമ്യം ചെയ്താല്‍ പെറു എന്ന ലാറ്റിനമേരിക്കന്‍ രാജ്യമായിരിക്കും അവയില്‍ ഒന്നാമത് നില്‍ക്കുക.
കോവിഡ് വ്യാപനത്തോടൊപ്പം തന്നെ കോവിഡ് സുഖപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട് എന്നതാണ് ഏറെ ആശാവഹമായിട്ടുള്ളത്. ലോകത്ത് ആകെ കോവിഡ് ബാധിതരില്‍ 70 ശതമാനം പേരും സുഖപ്പെട്ടു. 25 ശതമാനം പേര്‍ പോരാട്ടത്തിലാണ്. ഇന്ത്യയെ സംബന്ധിച്ച് ആകെ കോവിഡ് ബാധിതരില്‍ 77 ശതമാനം പേരും സുഖപ്പെട്ടു. ഖത്തറാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. കോവിഡ് ബാധിതരില്‍ 97% പേരും അവിടെ സുഖപ്പെട്ടു. യുറോപ്യന്‍ രാജ്യങ്ങളില്‍ ജര്‍മ്മനിയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ചിലിയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സൌത്ത് ആഫ്രിക്കയും വളരെ നല്ല നിലയില്‍ കോവിഡിനെ അതിജീവിച്ചുവരുന്നു.
തയ്യാറാക്കിയത് : സിജോ പി ജോസ്

