ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 24
ഒഡീഷയിലെ തലബിര രണ്ട്, മൂന്ന് തുറന്ന കൽക്കരി ഖനികൾ 2025-26 സാമ്പത്തിക വർഷത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വാർഷിക ഉൽപ്പാദനം രേഖപ്പെടുത്തി. 19.14 ദശലക്ഷം ടൺ കൽക്കരിയാണ് ഉൽപ്പാദിപ്പിച്ചത്. മുൻ വർഷത്തെക്കാൾ 11.28 ശതമാനം വളർച്ചയാണിത്. സംബൽപുർ, ഝാർസുഗുഡ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഖനി എൻഎൽസി ഇന്ത്യ ലിമിറ്റഡിനാണ് അനുവദിച്ചിരിക്കുന്നത്. 2015-ലെ കൽക്കരി ഖനി പ്രത്യേക വ്യവസ്ഥ നിയമത്തിലെ ഷെഡ്യൂൾ മൂന്ന് പ്രകാരം 2016 മെയ് രണ്ടിനാണ് ഖനി അനുവദിച്ചത്. കേന്ദ്ര സർക്കാരിന്റെ നോമിനേറ്റഡ് അതോറിറ്റി സംവിധാനത്തിന് കീഴിലുള്ള ഈ ഖനി ആഭ്യന്തര കൽക്കരി ലഭ്യതയും ഊർജസുരക്ഷയും ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി കൽക്കരി മന്ത്രാലയം അറിയിച്ചു.
ഉൽപ്പാദനത്തിലും വിതരണത്തിലും പുതിയ റെക്കോർഡ്
2026 മാർച്ച് 21-ന് 1,26,138.07 ടൺ കൽക്കരി ഉൽപ്പാദിപ്പിച്ച് ഖനി ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന ഉൽപ്പാദനവും രേഖപ്പെടുത്തി. 2026 മാർച്ചിൽ 3.39 ദശലക്ഷം ടൺ ഉൽപ്പാദിപ്പിച്ച് ഏറ്റവും ഉയർന്ന പ്രതിമാസ ഉൽപ്പാദനവും നേടി.
2025-26 സാമ്പത്തിക വർഷത്തിൽ 17.69 ദശലക്ഷം ടൺ കൽക്കരിയാണ് ഖനിയിൽനിന്ന് വിതരണം ചെയ്തത്. ഇതും ഇതുവരെയുള്ള ഏറ്റവും ഉയർന്ന വാർഷിക വിതരണമാണ്. ഇതിൽ ഏകദേശം 10.72 ദശലക്ഷം ടൺ വൈദ്യുതി മേഖലയ്ക്കും 6.97 ദശലക്ഷം ടൺ നിയന്ത്രണമില്ലാത്ത മേഖലയ്ക്കുമാണ് നൽകിയത്.
തലബിര രണ്ട്, മൂന്ന് ഖനികളിൽനിന്നുള്ള കൽക്കരി എൻടിപിസിയുടെ ദർലിപാലി, ഗദർവാര, ഖാർഗോൺ, കുഡ്ഗി നിലയങ്ങൾ ഉൾപ്പെടെയുള്ള വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങൾക്ക് ലഭിക്കുന്നു. ഒഡീഷ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ മറ്റ് വൈദ്യുതി നിലയങ്ങൾക്കും ഇവിടെനിന്ന് കൽക്കരി നൽകുന്നുണ്ട്.
ഉൽപ്പാദനം ആരംഭിച്ചതുമുതൽ ഖനി തുടർച്ചയായ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2026 ഓഗസ്റ്റ് 14 വരെ ആകെ ഉൽപ്പാദനം 72.23 ദശലക്ഷം ടണ്ണിലെത്തി. ആകെ വിതരണം 70.89 ദശലക്ഷം ടണ്ണാണ്. കേന്ദ്ര സർക്കാരിന്റെ കൽക്കരി ബ്ലോക്ക് അനുവദിക്കൽ സംവിധാനത്തിലൂടെ പ്രവർത്തനക്ഷമമാക്കിയ ഖനികൾക്ക് കൈവരിക്കാനാകുന്ന നേട്ടമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ സംവിധാനത്തിലൂടെ പ്രവർത്തനം വേഗത്തിലാക്കി
ഖനിയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിൽ സാങ്കേതികവിദ്യയ്ക്ക് പ്രധാന പങ്കുണ്ട്. കൽക്കരി ഗതാഗതവും വിതരണവും തുടക്കം മുതൽ അവസാനം വരെ ഡിജിറ്റലായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഡിജിറ്റൽ ലോജിസ്റ്റിക്സ് മാനേജ്മെന്റ് സംവിധാനം ഉപയോഗിക്കുന്നു.
ആർഎഫ്ഐഡി അടിസ്ഥാനത്തിലുള്ള വാഹന പരിശോധന, നിർമിതബുദ്ധി സജ്ജീകരിച്ച ക്യാമറകൾ, സാങ്കേതിക സംവിധാനമുള്ള പ്രവേശന-പുറത്തിറക്കൽ കവാടങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. സംവിധാനം നടപ്പാക്കിയതോടെ ഒരു വാഹനത്തിന്റെ ശരാശരി പ്രവേശന കവാട പരിശോധനാസമയം 1.42 മിനിറ്റിൽനിന്ന് 0.54 മിനിറ്റായി കുറഞ്ഞു. ഒഴിഞ്ഞ വാഹനത്തിന്റെ ഭാരം അളക്കുന്നതിനുള്ള സമയം 1.34 മിനിറ്റിൽനിന്ന് 0.48 മിനിറ്റായും കുറഞ്ഞു.
പൊടി നിയന്ത്രണ സംവിധാനമുള്ള സർഫേസ് മൈനറുകൾ, ജിപിഎസ് അടിസ്ഥാനത്തിലുള്ള വാഹനവ്യൂഹ നിയന്ത്രണം, ജിയോ ഫെൻസിങ്, ജിഎൻഎസ്എസ് റിസീവറുകളോടെയുള്ള ത്രിമാന ടെറസ്ട്രിയൽ ലേസർ സ്കാനിങ്, ഡ്രോൺ സർവേ, യന്ത്രവത്കൃത ട്രക്ക് ലോഡിങ് എന്നിവയും ഉപയോഗിക്കുന്നുണ്ട്. തുടർച്ചയായ അന്തരീക്ഷ വായുഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളും സിസിടിവി നിരീക്ഷണവും ഖനിയിൽ ഒരുക്കിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനും സുരക്ഷയ്ക്കും നടപടികൾ
ഉത്തരവാദിത്തമുള്ളതും പരിസ്ഥിതി സൗഹൃദവുമായ ഖനനത്തിനായി വിവിധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഖനി പാട്ടമേഖലയ്ക്കുള്ളിൽ 23.43 ഹെക്ടറിൽ 64,288 ചെടികൾ നട്ടു. പാട്ടമേഖലയ്ക്ക് പുറത്ത് 29.48 ഹെക്ടറിൽ 65,202 ചെടികളും നട്ടിട്ടുണ്ട്.
11.68 കിലോവാട്ട് സൗരോർജ ശേഷിയും സ്ഥാപിച്ചു. സമീപ ഗ്രാമങ്ങളിലെ സൗരോർജ തെരുവുവിളക്കുകളും ഖനി അടിസ്ഥാനസൗകര്യങ്ങളിലെ സൗരോർജ വിളക്കുകളും ഇതിൽ ഉൾപ്പെടുന്നു. വെറ്റ് ഡ്രില്ലിങ്, വെള്ളം തളിക്കൽ, ഫോഗ് കാനണുകൾ, സ്ഥിരം സ്പ്രിങ്ക്ളർ സംവിധാനങ്ങൾ, കാറ്റുതടയണകൾ, ട്രക്ക് കഴുകൽ സംവിധാനങ്ങൾ, യന്ത്രവത്കൃത റോഡ് വൃത്തിയാക്കൽ എന്നിവയിലൂടെയാണ് പൊടി നിയന്ത്രിക്കുന്നത്.
ഖനി പ്രവർത്തനം ആരംഭിച്ചതുമുതൽ മാരക അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ മാനേജ്മെന്റ് പദ്ധതി, മെച്ചപ്പെട്ട ഹാൾ റോഡ്-ഗതാഗത നിയന്ത്രണം, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ നിർബന്ധിത ഉപയോഗം, ശക്തിപ്പെടുത്തിയ സ്ഫോടന നടപടികൾ, സുരക്ഷാ പരിശീലനം എന്നിവ നടപ്പാക്കിയിട്ടുണ്ട്. അപകടസാധ്യതയുണ്ടായെങ്കിലും അപകടം ഒഴിവായ സംഭവങ്ങൾ അരാൻ സേഫ്റ്റി ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാനും സംവിധാനമുണ്ട്.
വാർഷിക ഖനി സുരക്ഷാ പക്ഷാചരണത്തിന്റെ ഭാഗമായി ഖനിക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൽക്കരി മന്ത്രാലയത്തിന്റെ സ്റ്റാർ റേറ്റിങ് വിലയിരുത്തലിൽ 2020-21 മുതൽ 2024-25 വരെ തുടർച്ചയായി ഫൈവ് സ്റ്റാർ റേറ്റിങ്ങും ഖനി നേടി.
3,277 തൊഴിലവസരങ്ങൾ, നൈപുണ്യ പരിശീലനവും
ഉൽപ്പാദനത്തിനും ഊർജവിതരണത്തിനും പുറമെ തൊഴിൽ മേഖലയിലും ഖനി സംഭാവന നൽകുന്നു. ആകെ 3,277 തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. ഇതിൽ 1,277 നേരിട്ടുള്ള തൊഴിലവസരങ്ങളും ഗതാഗതം ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങളിലൂടെ ഏകദേശം 2,000 പരോക്ഷ തൊഴിലവസരങ്ങളുമാണ്.
പദ്ധതി ബാധിതരായ അഞ്ചുപേർക്ക് ഭുവനേശ്വറിലെ സ്കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നൈപുണ്യ വികസന പരിശീലനം നൽകി. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന സ്ഥാപനങ്ങളിലൂടെയും പ്രധാനമന്ത്രി കൗശൽ വികാസ് യോജന കേന്ദ്രങ്ങളിലൂടെയും 101 ഗ്രാമീണ യുവാക്കൾക്കും സ്ത്രീകൾക്കും സുസ്ഥിര ഉപജീവന മാർഗങ്ങളിൽ പരിശീലനം നൽകി.
സാമൂഹിക വികസനത്തിന് കോടികളുടെ ചെലവ്
സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളും പദ്ധതിയുടെ പ്രധാന ഭാഗമാണ്. 2025-26 സാമ്പത്തിക വർഷത്തിൽ 5.32 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആരോഗ്യസംരക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം, സ്കൂൾ ഗതാഗതം, ഗ്രാമീണ അടിസ്ഥാനസൗകര്യം, കായിക-സാംസ്കാരിക പ്രവർത്തനങ്ങൾ, സൗരോർജ വിളക്കുകൾ എന്നിവയ്ക്ക് ഈ തുക വിനിയോഗിച്ചു.
ആരോഗ്യ-രക്തദാന ക്യാമ്പുകളിലൂടെ ഏകദേശം 1,500 പേർക്ക് പ്രയോജനം ലഭിച്ചു. ടാങ്കറുകളിലൂടെയുള്ള കുടിവെള്ള വിതരണം ഏകദേശം 10,000 പേർക്ക് സഹായമായി. 2026-27 സാമ്പത്തിക വർഷത്തിൽ ജൂലൈ വരെ 4.20 കോടി രൂപ കൂടി ചെലവഴിച്ചു. കുടിവെള്ള വിതരണം, ആരോഗ്യ സഹായം, സൗരോർജ വിളക്കുകൾ, സ്കൂൾ-അങ്കണവാടി അടിസ്ഥാനസൗകര്യങ്ങൾ, ഗ്രാമീണ റോഡുകൾ, സാമൂഹിക സൗകര്യങ്ങൾ, ജലാശയ പുനരുജ്ജീവനം എന്നിവയ്ക്കാണ് തുക വിനിയോഗിച്ചത്.
2016-ൽ ഖനി അനുവദിച്ചതുമുതൽ ഉയർന്ന ശേഷിയിലുള്ള ഉൽപ്പാദനം വരെ കൈവരിച്ച തലബിര രണ്ട്, മൂന്ന് ഖനികൾ ആഭ്യന്തര കൽക്കരി ഉൽപ്പാദനം, ഊർജസുരക്ഷ, സാങ്കേതികവിദ്യ അധിഷ്ഠിത ഖനനം, സുരക്ഷ, പരിസ്ഥിതി സംരക്ഷണം, തൊഴിൽ സൃഷ്ടി, പ്രാദേശിക വികസനം എന്നിവയ്ക്ക് പ്രവർത്തനക്ഷമമായ കൽക്കരി വിഭവങ്ങൾ എങ്ങനെ സംഭാവന നൽകാമെന്നതിന്റെ ഉദാഹരണമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
2025-26-ലെ റെക്കോർഡ് ഉൽപ്പാദനവും വിതരണവും, 72.23 ദശലക്ഷം ടൺ ആകെ ഉൽപ്പാദനവും 70.89 ദശലക്ഷം ടൺ ആകെ വിതരണവും സാമൂഹിക-സാമ്പത്തിക, പരിസ്ഥിതി മേഖലകളിലെ നേട്ടങ്ങളും രാജ്യത്തിന്റെ ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ഖനിയുടെ പങ്ക് വ്യക്തമാക്കുന്നതായും മന്ത്രാലയം അറിയിച്ചു. ആത്മനിർഭർ ഭാരത്, വികസിത് ഭാരത് ലക്ഷ്യങ്ങൾക്കും പദ്ധതി പിന്തുണ നൽകുന്നതായാണ് വിലയിരുത്തൽ.