ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 24
റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം തുടർച്ചയായി ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ പ്രത്യേക ശുചീകരണ യജ്ഞം തുടങ്ങി. രാജ്യത്തെ റെയിൽവേ ശൃംഖലയിലുടനീളം കുടിവെള്ള ടാങ്കുകളും ജലശുദ്ധീകരണ സംവിധാനങ്ങളും വൃത്തിയാക്കി അണുനശീകരണം നടത്തും. സോണൽ റെയിൽവേകൾ ജലസ്രോതസ്സുകൾ മുതൽ യാത്രക്കാർ വെള്ളം എടുക്കുന്ന ഇടങ്ങൾ വരെ പരിശോധിക്കും. കണ്ടെത്തുന്ന കുറവുകളും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും സ്റ്റേഷൻ അടിസ്ഥാനത്തിൽ നിരീക്ഷിക്കും.
ജലസ്രോതസ്സ് മുതൽ ടാപ്പ് വരെ പരിശോധന
ഇന്ത്യൻ റെയിൽവേയിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം കൂടുതൽ ശക്തമായി ഉറപ്പാക്കാനുള്ള വിപുലമായ പ്രവർത്തനപദ്ധതിയുടെ ഭാഗമായാണ് നടപടി. കുടിവെള്ള വിതരണ സംവിധാനത്തിന്റെ എല്ലാ ഭാഗങ്ങളും ഇടയ്ക്കിടെ പരിശോധിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യും. ജലവിതരണത്തിന്റെ അവസാന ഘട്ടത്തിൽ മാത്രം പരിശോധന നടത്തുന്നതിന് പകരം ജലസ്രോതസ്സിലും ആളുകൾ ഉപയോഗിക്കുന്ന സ്ഥലത്തും വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നാണ് പദ്ധതിയിലെ നിർദേശം.
ജലസ്രോതസ്സുകൾ, ജലശുദ്ധീകരണ പ്ലാന്റുകൾ, ഫിൽട്ടറേഷൻ സംവിധാനങ്ങൾ, ഭൂഗർഭ ടാങ്കുകൾ, മേൽത്തട്ട് ടാങ്കുകൾ, പി.വി.സി. ടാങ്കുകൾ, വാട്ടർ ബൂത്തുകൾ, ടാപ്പുകൾ, വെള്ളം വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ എന്നിവ സോണൽ റെയിൽവേകൾ സമഗ്രമായി പരിശോധിക്കും. എല്ലാ കുടിവെള്ള ടാങ്കുകളിലെയും വെള്ളം ഒഴിച്ചശേഷം അടിഞ്ഞുകൂടിയ മാലിന്യം നീക്കി നന്നായി ഉരച്ച് വൃത്തിയാക്കി അണുനശീകരണം നടത്തും. ടാങ്കുകൾക്ക് ഉറപ്പുള്ള മൂടികൾ ഉണ്ടെന്ന് ഉറപ്പാക്കും. വായുസഞ്ചാര ദ്വാരങ്ങളിലും വെള്ളം കവിഞ്ഞൊഴുകുന്ന ഭാഗങ്ങളിലും പക്ഷികൾ, മൃഗങ്ങൾ, പായൽ എന്നിവ മൂലം മലിനീകരണം ഉണ്ടാകാതിരിക്കാനും സംരക്ഷണം ഒരുക്കും.
തകരാറുള്ള ടാങ്കും പൈപ്പും ഫിൽട്ടറും മാറ്റും
പ്രത്യേക യജ്ഞത്തിനിടെ പരിഹരിക്കേണ്ട തകരാറുകളും കണ്ടെത്തും. കേടായ ടാങ്കുകൾ, പൈപ്പ് ലൈനുകൾ, ഫിൽട്ടറുകൾ എന്നിവ ആവശ്യമായിടത്ത് അറ്റകുറ്റപ്പണി നടത്തുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യും. കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെയും കുടിക്കാൻ ഉപയോഗിക്കാത്ത വെള്ളത്തിന്റെയും വിതരണ സംവിധാനങ്ങൾ തമ്മിൽ തെറ്റായ ബന്ധം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കും.
കുടിവെള്ള വിതരണ സംവിധാനത്തിലെ എല്ലാ പൈപ്പുകളിലും ചോർച്ചയുണ്ടോ എന്നും പരിശോധിക്കും. വെള്ളം പാഴാകുന്നത് തടയാൻ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കും. ഹാൻഡ് പമ്പുകളും കുഴൽക്കിണറുകളും ഉപയോഗിച്ച് കുടിവെള്ളം എടുക്കുന്ന സ്ഥലങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകും. ഇത്തരം സംവിധാനങ്ങളിൽ നിന്നുള്ള വെള്ളം മലിനമാകാതെ കുടിക്കാൻ സുരക്ഷിതമായി തുടരുന്നുവെന്ന് സോണൽ റെയിൽവേകൾ ഉറപ്പാക്കും.
വാട്ടർ കൂളറുകളും ശുദ്ധീകരണ സംവിധാനങ്ങളും പരിശോധിക്കും
കുടിവെള്ള ഗുണനിലവാര നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി വാട്ടർ കൂളറുകളും ജലശുദ്ധീകരണ സംവിധാനങ്ങളും സമഗ്രമായി പരിശോധിക്കാൻ റെയിൽവേ ബോർഡ് സോണൽ റെയിൽവേകൾക്ക് നിർദേശം നൽകി. വാട്ടർ കൂളറുകളിലെ ടാങ്കുകൾ നന്നായി വൃത്തിയാക്കും. കൂളറുകളിലും പൈപ്പുകളിലും ടാപ്പുകളിലും ചോർച്ചയുണ്ടെങ്കിൽ ഉടൻ പരിഹരിക്കും. വെള്ളം വിതരണം ചെയ്യുന്ന കൂളർ പരിസരങ്ങളിൽ നൂറുശതമാനം ശുചിത്വം ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.
വാട്ടർ കൂളറുകളിലെ യു.വി., ആർ.ഒ. ശുദ്ധീകരണ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ആവശ്യമായിടത്ത് ഇത്തരം സംവിധാനങ്ങൾ സ്ഥാപിക്കും. നിശ്ചിത സമയക്രമത്തിലുള്ള അറ്റകുറ്റപ്പണി, സർവീസിങ്, സമഗ്ര പരിശോധന എന്നിവ നടത്തും. കാലാവധി പൂർത്തിയായ ഫിൽട്ടർ കാൻഡിലുകളും മറ്റു ഘടകങ്ങളും സമയബന്ധിതമായി മാറ്റും. നിലവിലെ അവസ്ഥയും ആവശ്യകതയും കണക്കിലെടുത്ത് പുതിയ യു.വി., ആർ.ഒ. സംവിധാനങ്ങൾ സ്ഥാപിക്കുന്നതും പഴയവ മാറ്റുന്നതും പ്രത്യേക ദൗത്യമായി നടപ്പാക്കും.
വാട്ടർ വെൻഡിങ് മെഷീനുകൾക്കും ഇതേ വൃത്തിയാക്കൽ, ശുദ്ധീകരണം, ഗുണനിലവാര പരിശോധന നടപടികൾ ബാധകമാകും. ഇത്തരം സംവിധാനങ്ങളിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളം നിശ്ചിത സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
വെള്ളത്തിന്റെ രാസ-ബാക്ടീരിയ പരിശോധനയും ദിവസേന ക്ലോറിൻ നിരീക്ഷണവും
തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ഭൗതിക, രാസ, ബാക്ടീരിയ പരിശോധനകൾ നടത്തും. ജലസ്രോതസ്സുകൾ, ശുദ്ധീകരണത്തിന് ശേഷമുള്ള പുറന്തള്ളൽ കേന്ദ്രങ്ങൾ, ടാങ്കുകൾ, കൂളറുകൾ, വാട്ടർ വെൻഡിങ് മെഷീനുകൾ, തിരഞ്ഞെടുക്കപ്പെട്ട ടാപ്പുകൾ, വാട്ടർ ബൂത്തുകൾ എന്നിവിടങ്ങളിൽ സാധ്യമായിടത്തോളം പരിശോധന നടത്തും.
വെള്ളത്തിലെ ശേഷിക്കുന്ന ക്ലോറിൻ അളവ് ദിവസേന പരിശോധിക്കും. ആവശ്യമായ അളവിൽ ക്ലോറിൻ ഇല്ലെന്ന് കണ്ടെത്തിയാൽ ഉടൻ വീണ്ടും ക്ലോറിനേഷൻ നടത്തുകയോ മറ്റ് പരിഹാര നടപടികൾ സ്വീകരിക്കുകയോ ചെയ്യും.
സ്റ്റേഷൻ അടിസ്ഥാനത്തിൽ കുറവുകളും പരിഹാരവും നിരീക്ഷിക്കും
പുതിയ മേൽത്തട്ട്, ഭൂഗർഭ ജലടാങ്കുകൾ നിർമിക്കുന്നതിനും പഴയവ മാറ്റിസ്ഥാപിക്കുന്നതിനുമായി ഇതിനകം അനുമതി ലഭിച്ച പദ്ധതികളുടെ പുരോഗതി നിരീക്ഷിച്ച് വേഗത്തിലാക്കാൻ റെയിൽവേ ബോർഡ് സോണൽ റെയിൽവേകൾക്ക് നിർദേശം നൽകി. ഇത്തരം അംഗീകൃത പ്രവൃത്തികളുടെ സംഗ്രഹവും തയ്യാറാക്കും. പുതുതായി അനുമതി ആവശ്യമുള്ള പദ്ധതികൾ അതിനനുസരിച്ച് നടപടിക്രമങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോകും.
വ്യത്യസ്ത സാഹചര്യങ്ങൾക്ക് അനുയോജ്യമായ ജലഫിൽട്ടറേഷൻ, ശുദ്ധീകരണ സംവിധാനങ്ങളും തയ്യാറാക്കിവരികയാണ്. ജലസ്രോതസ്സിൽ തന്നെയുള്ള ഫിൽട്ടറേഷനും ടാപ്പിലെത്തുന്ന ഘട്ടത്തിലുള്ള ഫിൽട്ടറേഷനും ഉൾപ്പെടെയുള്ള മാർഗങ്ങളാണ് പരിഗണിക്കുന്നത്. കുടിവെള്ള വിതരണ ശൃംഖലയുടെ വിവിധ ഘട്ടങ്ങളിൽ മലിനീകരണം എവിടെ ഉണ്ടാകാം എന്ന് കണ്ടെത്തി അത് തടയുകയാണ് ലക്ഷ്യം.
പരിശോധനയിൽ കണ്ടെത്തുന്ന കുറവുകളും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും ഓരോ സ്റ്റേഷനും പ്രത്യേകം സോണൽ റെയിൽവേകൾ സമർപ്പിക്കും. ഇതിലൂടെ കുറവുകൾ ക്രമബദ്ധമായി നിരീക്ഷിക്കാനും പ്രത്യേക യജ്ഞത്തിനിടെ കണ്ടെത്തുന്ന പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാനും കഴിയും.
റെയിൽവേ കോളനികളിലെയും ജോലിസ്ഥലങ്ങളിലെയും കുടിവെള്ള സംവിധാനങ്ങളിലും സമാന നടപടികൾ നടപ്പാക്കാനാണ് പ്രവർത്തനപദ്ധതി ലക്ഷ്യമിടുന്നത്. അതോടെ യാത്രക്കാരുടെ മേഖലകളിൽ മാത്രം ഒതുങ്ങാതെ റെയിൽവേ ജീവനക്കാർക്കും സുരക്ഷിതവും ശുചിത്വമുള്ളതുമായ കുടിവെള്ളം ഉറപ്പാക്കാനുള്ള നടപടി വ്യാപിപ്പിക്കും.
പ്രതിരോധ പരിശോധന, അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനം, വൃത്തിയാക്കൽ, അണുനശീകരണം, ജലഗുണനിലവാര പരിശോധന, സമയബന്ധിത പരിഹാര നടപടി എന്നിവ ഏകോപിപ്പിച്ചാണ് ഇന്ത്യൻ റെയിൽവേ കുടിവെള്ള വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നത്. യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും സുരക്ഷിതവും ശുദ്ധവും ശുചിത്വമുള്ളതുമായ കുടിവെള്ളം തുടർച്ചയായി ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.