കാലിഫോർണിയ: ആഴ്ചകളായി അണയാതെ കത്തുകയാണ് കാലിഫോർണിയ. കനത്ത പുകയിൽ പലയിടത്തും ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഇതുവരെ 7 പേർ കാട്ടുതീയിൽ മരണപ്പെട്ടു. 2100 കെട്ടിടങ്ങളാണ് കത്തി നശിച്ചത്. രക്ഷാപ്രവർത്തനത്തിനും തീയണയ്ക്കാനുമായി മുപ്പതോളം ഫയർ യൂണിറ്റുകൾ രംഗത്തുണ്ട്.
ആഴ്ചകൾക്കു മുൻപുണ്ടായ ശക്തമായ ഇടിമിന്നലുകളാണ് പുൽമേടുകളിൽ തീപടരാൻ കാരണമായത്. മൂന്ന് ദിവസം കൊണ്ട് 11000 ഇടിമിന്നലുകൾ പ്രദേശത്തുണ്ടായി എന്നാണ് കാലാവസ്ഥാ നിരീക്ഷകർ കണക്കാക്കിയിരിക്കുന്നത്. നാനൂറിനടുത്ത് സ്ഥലങ്ങളിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ തീ പടർന്നു. തുടർച്ചയായി മൂന്നാമത്തെ വർഷമാണ് കാലിഫോർണിയയെ കാട്ടു തീ വലയ്ക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ഇടിമിന്നലുകളുടെ തീവ്രത വർദ്ധിക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.