ന്യൂഡൽഹി, 2026 ജൂലൈ 22
രാജ്യത്ത് വളക്ഷാമം ഉണ്ടാകാതിരിക്കാൻ ആഭ്യന്തര ഉൽപ്പാദനവും വിതരണ സംവിധാനവും കേന്ദ്ര സർക്കാർ ശക്തമാക്കി. ആറ് പുതിയ യൂറിയ പ്ലാന്റുകൾ പ്രവർത്തനം തുടങ്ങിയതോടെ പ്രതിവർഷ ഉൽപ്പാദനശേഷി 76.2 ലക്ഷം മെട്രിക് ടൺ കൂടി. ആഗോള വിതരണ തടസ്സങ്ങൾക്കും വിലയിലെ മാറ്റങ്ങൾക്കും ഇടയിലും കർഷകർക്ക് വളം മുടങ്ങാതെ ലഭ്യമാക്കാനാണ് നടപടി. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, രാജ്യാന്തര വിലവർധന, സാങ്കേതിക കാരണങ്ങളാലുള്ള പ്ലാന്റ് അടച്ചിടൽ എന്നിവ മറികടക്കാൻ ഇറക്കുമതി ഉറവിടങ്ങളും വൈവിധ്യവത്കരിച്ചു.
ആഗോള ടെൻഡറിലൂടെ 42.7 ലക്ഷം ടൺ യൂറിയ
വിതരണ ശൃംഖല കൂടുതൽ സുരക്ഷിതമാക്കാൻ 2026 ഏപ്രിലിൽ 25 ലക്ഷം മെട്രിക് ടണ്ണും ജൂണിൽ 17.7 ലക്ഷം മെട്രിക് ടണ്ണും യൂറിയ ആഗോള ടെൻഡറിലൂടെ സർക്കാർ ഉറപ്പാക്കി. ഇതോടെ ആകെ 42.7 ലക്ഷം മെട്രിക് ടൺ യൂറിയയാണ് വിദേശ വിപണിയിൽനിന്ന് ലഭ്യമാക്കുന്നത്. അസംസ്കൃത വസ്തുക്കളുടെയും വളത്തിന്റെയും ഇറക്കുമതിക്ക് കൂടുതൽ രാജ്യങ്ങളെ ആശ്രയിക്കുന്ന രീതിയും സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ ആവശ്യം മുൻകൂട്ടി കണക്കാക്കും
ഓരോ കൃഷിക്കാലത്തും എത്ര വളം വേണമെന്ന് സംസ്ഥാന സർക്കാരുകളുമായി ചേർന്ന് കേന്ദ്ര കൃഷി-കർഷകക്ഷേമ വകുപ്പ് കണക്കാക്കും. അതനുസരിച്ച് വളം വകുപ്പ് പ്രതിമാസ വിതരണപദ്ധതി തയ്യാറാക്കും. സംയോജിത വളം നിയന്ത്രണ സംവിധാനത്തിലൂടെ വളത്തിന്റെ നീക്കം നിരീക്ഷിക്കും. സംസ്ഥാന ഉദ്യോഗസ്ഥരുമായി എല്ലാ ആഴ്ചയും അവലോകന യോഗം നടത്തുകയും ആവശ്യമായ വളം മുൻകൂട്ടി ഇറക്കുമതി ചെയ്യുകയും ചെയ്യും.
ആറ് പ്ലാന്റുകൾ കൂട്ടിയത് 76.2 ലക്ഷം ടൺ ശേഷി
2012-ലെ പുതിയ നിക്ഷേപനയത്തിന്റെ ഭാഗമായി പ്രതിവർഷം 12.7 ലക്ഷം മെട്രിക് ടൺ വീതം ശേഷിയുള്ള ആറ് യൂറിയ പ്ലാന്റുകളാണ് പ്രവർത്തനം തുടങ്ങിയത്. തെലങ്കാനയിലെ രാമഗുണ്ടം, ഉത്തർപ്രദേശിലെ ഗോരഖ്പുർ, ജാർഖണ്ഡിലെ സിന്ദ്രി, ബിഹാറിലെ ബറൗണി എന്നിവ സംയുക്ത സംരംഭങ്ങളാണ്. പശ്ചിമ ബംഗാളിലെ പാനാഗഢ്, രാജസ്ഥാനിലെ ഗഡേപാൻ മൂന്നാം യൂണിറ്റ് എന്നിവ സ്വകാര്യ കമ്പനികളാണ് സ്ഥാപിച്ചത്.
ഇതോടെ രാജ്യത്തെ യൂറിയ ഉൽപ്പാദനശേഷി 2014-15ലെ പ്രതിവർഷം 207.54 ലക്ഷം മെട്രിക് ടണ്ണിൽനിന്ന് 2026-27ൽ 269.42 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. ഒഡിഷയിലെ താൽച്ചർ വളം പദ്ധതി നടപ്പാക്കുകയാണ്. അസമിലെ നാംരൂപിൽ 12.7 ലക്ഷം മെട്രിക് ടൺ ശേഷിയുള്ള അമോണിയ-യൂറിയ സമുച്ചയത്തിനും അടുത്തിടെ അനുമതി നൽകി. അസം വാലി ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി എന്ന പേരിലാണ് പദ്ധതി വികസിപ്പിക്കുക.
യൂറിയ ഉൽപ്പാദനത്തിൽ വലിയ വർധന
നിലവിലുള്ള 25 വാതകാധിഷ്ഠിത യൂറിയ യൂണിറ്റുകളുടെ ഉൽപ്പാദനം പരമാവധി ഉയർത്താൻ 2015 മെയ് 25ന് പുതിയ യൂറിയ നയം പ്രഖ്യാപിച്ചിരുന്നു. ഈ നയത്തിലൂടെ 2014-15നെ അപേക്ഷിച്ച് ഓരോ വർഷവും 20 മുതൽ 25 ലക്ഷം മെട്രിക് ടൺ വരെ അധിക യൂറിയ ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞു.
രാജ്യത്തെ യൂറിയ ഉൽപ്പാദനം 2014-15ലെ 225 ലക്ഷം മെട്രിക് ടണ്ണിൽനിന്ന് 2023-24ൽ റെക്കോർഡ് നിലവാരമായ 314.07 ലക്ഷം മെട്രിക് ടണ്ണിലെത്തി. 2025-26ൽ 293.30 ലക്ഷം മെട്രിക് ടൺ യൂറിയ ഉൽപ്പാദിപ്പിച്ചു. ഈ മേഖലയിൽ പുതിയ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ 2026 ജൂലൈ 15ന് ദേശീയ യൂറിയ നിക്ഷേപനയത്തിനും കേന്ദ്ര സർക്കാർ അനുമതി നൽകി.
ഫോസ്ഫാറ്റിക്, പൊട്ടാസിക് വളങ്ങൾക്ക് 41,533.81 കോടി രൂപ
ഫോസ്ഫാറ്റിക്, പൊട്ടാസിക് വളങ്ങൾക്കായി 2010 ഏപ്രിൽ ഒന്നുമുതൽ പോഷകാധിഷ്ഠിത സബ്സിഡി പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ വളങ്ങൾ തുറന്ന പൊതു ലൈസൻസ് വിഭാഗത്തിലാണ്. അതിനാൽ കമ്പനികൾക്ക് വിപണിസാഹചര്യത്തിന് അനുസരിച്ച് വളം ഇറക്കുമതി ചെയ്യാനും ഉൽപ്പാദിപ്പിക്കാനും കഴിയും. 2026 ഖാരിഫ് കാലത്ത് ഇവയുടെ ലഭ്യത ഉറപ്പാക്കാൻ 41,533.81 കോടി രൂപയുടെ സബ്സിഡി നിരക്കുകൾ അംഗീകരിച്ചു.
ഫോസ്ഫാറ്റിക് വളങ്ങളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാൻ ആഭ്യന്തര ഉൽപ്പാദകർക്ക് ന്യായമായ ലാഭം ഉറപ്പാക്കുന്ന മാർഗനിർദേശങ്ങൾ 2024 ജനുവരി 18ന് പുറത്തിറക്കി. ഇറക്കുമതിക്കാർക്കും ഉൽപ്പാദകർക്കും എട്ട് മുതൽ പത്ത് ശതമാനം വരെയും സംയോജിത ഉൽപ്പാദകർക്ക് 12 ശതമാനവും ന്യായമായ ലാഭം അനുവദിച്ചു.
പുതിയ ഉൽപ്പാദന യൂണിറ്റുകളും നിലവിലുള്ള യൂണിറ്റുകളുടെ ശേഷിവർധനയും പോഷകാധിഷ്ഠിത സബ്സിഡി പദ്ധതിയിൽ ഉൾപ്പെടുത്തി. പദ്ധതിയിൽ ഉൾപ്പെടുന്ന ഫോസ്ഫാറ്റിക്, പൊട്ടാസിക് വളങ്ങളുടെ ഇനങ്ങൾ 2021ലെ 22ൽനിന്ന് 28 ആയി ഉയർത്തി. മണ്ണിന് ഫോസ്ഫറസ് പോഷകം നൽകുന്ന ആഭ്യന്തരമായി നിർമിക്കുന്ന സിംഗിൾ സൂപ്പർ ഫോസ്ഫേറ്റിന്റെ ഉപയോഗം കൂട്ടാൻ 2022 ഖാരിഫ് കാലം മുതൽ ചരക്കുകൂലി സബ്സിഡിയും നൽകുന്നുണ്ട്.