6 സെപ്തംബർ 2026
ഒരു ഗുളിക രോഗിക്ക് വേണ്ടിവന്നില്ല. മറ്റൊന്ന് ഡോക്ടർ മരുന്ന് മാറ്റിയതോടെ ബാക്കിവന്നു. കുറച്ച് ദിവസത്തിന് ശേഷം അതെല്ലാം അലമാരയിൽ നിന്ന് ചവറ്റുകുട്ടയിലേക്ക്. അവിടെനിന്ന് മാലിന്യക്കൂമ്പാരത്തിലേക്ക്.
ഓരോ വീട്ടിൽ നിന്നും ഓരോ മാസവും ഇതുപോലെ മാലിന്യ ശേഖരത്തിലൂടെ പുറത്തേക്ക് എത്തപ്പെടുന്ന മരുന്നുകൾ ഇന്ത്യയിൽ ഒട്ടാകെ കണക്കെടുത്താൽ ടൺ കണക്കിനാണ്.മഹാനഗരങ്ങൾ പട്ടണ പ്രദേശങ്ങൾ കേരളം പഞ്ചാബ് പോലെയുള്ള ജനസാന്ദ്രമായ സംസ്ഥാനങ്ങൾ ഇവിടങ്ങളിൽ എല്ലാം മരുന്നിന്റെ ഉപയോഗവും മിച്ചം വന്ന മരുന്ന് മാലിന്യമായി വലിച്ചെറിയുന്ന രീതിയിൽ വ്യാപകമാണെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.ഗുരുതരമായ പ്രതിസന്ധിയാണ് ഈ ഔഷധങ്ങൾ പ്രകൃതിയിൽ എത്തുമ്പോൾ സൃഷ്ടിക്കുന്നത്.രോഗാണുക്കൾ അടക്കം സൂക്ഷ്മ ജീവികളുടെ സ്വഭാവത്തിലും ജനിതകഘടനയിലും ഈ മരുന്നുകൾ മാറ്റം വരുത്തും.ശരീരത്തിൽ വച്ച് രോഗാണുവിനെ കൊന്നു തീർക്കുവാൻ ഉപയോഗിക്കുന്ന മരുന്ന് പ്രകൃതിയിൽ മണ്ണിൽ കലർന്ന രോഗാണുക്കളിൽ എത്തുമ്പോൾ പ്രത്യേകമായി പ്രതിരോധം നേടിയ രോഗാണുക്കളായി അവ മാറും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നിലവിലുള്ള മരുന്നിനെ പ്രതിരോധിക്കാൻ കഴിവുള്ള രോഗാണുക്കൾ ആയിട്ടായിരിക്കും അവ പിന്നീട് മനുഷ്യരിലും മൃഗങ്ങളിലും പ്രവർത്തിക്കുക.
മരുന്നുകൾ വലിച്ചെറിയുമ്പോൾ ഓർക്കേണ്ട ഒരു മാനുഷിക പ്രശ്നവും രാജ്യത്തുണ്ട്.നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സാധാരണക്കാർക്ക് ചികിത്സ ലഭിക്കുന്ന സർക്കാർ ആശുപത്രികളിൽ മിക്കയിടത്തും ആവശ്യത്തിന് മരുന്നില്ല. ചില സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ 20% മാത്രമാണ് ആവശ്യമുള്ള മരുന്നിന്റെ ലഭ്യത എന്നാണ് കണക്ക്.വലിച്ചെറിയുന്നവ ശേഖരിച്ച് സർക്കാർ ആശുപത്രികളിൽ എത്തിക്കുവാൻ കഴിഞ്ഞാൽ സാധാരണക്കാരുടെ മരുന്ന് ക്ഷാമത്തിന് ഒരളവു വരെ പരിഹാരവുമാകും.
മിച്ചം വരുന്ന മരുന്നിന്റെ അളവും മലിനീകരണവും ചെറുതല്ല
നഗരജീവിതത്തിൽ മരുന്നിന്റെ ഉപയോഗം കൂടുതലാണ്. അതിനൊപ്പം ഫാർമസ്യൂട്ടിക്കൽ വേസ്റ്റ്ും കൂടുതലാണ്.രാജ്യ വ്യാപകമായി ഉള്ള മുഴുവൻ വിവരവും ലഭ്യമല്ല.ആ നിലയിൽ സർക്കാരോ ഏജൻസികളോ പഠനങ്ങളും നടത്തിയിട്ടില്ല.പക്ഷേ വിവിധ സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട പഠനങ്ങൾ നടത്തിയിട്ടുണ്ട്.അതിലെ വിവരങ്ങൾ ചേർത്ത് വായിച്ചാൽ രാജ്യത്ത് മുഴുവൻ ഉള്ള അവസ്ഥ മനസ്സിലാവും.
ഗുജറാത്തിലെ 800 വീടുകളിൽ നടത്തിയ പഠനത്തിൽ ഡോക്ടർ നിർദേശിച്ച മരുന്നുകളിൽ 20.39 ശതമാനവും, ഡോക്ടറുടെ നിർദേശം ഇല്ലാതെ വാങ്ങിയ മരുന്നുകളിൽ 13.37 ശതമാനവും മിച്ചമായി കണ്ടെത്തി.
കേരളത്തിലെ പെരിന്തൽമണ്ണ മേഖലയിൽ
കേരളത്തിലെ പെരിന്തൽമണ്ണ മേഖലയിൽ 350 വീടുകളിൽ നടത്തിയ പഠനത്തിൽ ഉപയോഗിക്കാതെ ശേഷിച്ച മരുന്നുകളുടെ സാമ്പത്തിക ഭാരം ₹72,195.38 ആയി കണക്കാക്കി. ശരാശരി ഓരോ വീട്ടിലും ₹260യുടെ മരുന്നുകൾ ഉപയോഗിക്കാതെ ശേഷിച്ചു. 70.6 ശതമാനം പേരും അവ ഉപേക്ഷിച്ചിരുന്നത് വലിച്ചെറിഞ്ഞാണ്. ഭുവനേശ്വറിൽ 385 പേരെ ഉൾപ്പെടുത്തിയ പഠനത്തിൽ 82.1 ശതമാനം പേർ ഉപയോഗിക്കാത്ത മരുന്നുകൾ ചവറ്റുകുട്ടയിൽ ഇട്ടപ്പോൾ ഫാർമസിയിലേക്ക് തിരിച്ചുനൽകിയത് വെറും 2.6 ശതമാനം മാത്രമായിരുന്നു
ഡൽഹി-എൻസിആറിൽ 956 പേരെ ഉൾപ്പെടുത്തിയ പഠനത്തിൽ 87% പേർക്ക് വാങ്ങിയ മരുന്നുകളിൽ ചിലത് ഉപയോഗിക്കാതെ വീട്ടിൽ ശേഷിച്ചിരുന്നതായി കണ്ടെത്തി. ഭുവനേശ്വറിൽ 385 പേരെ ഉൾപ്പെടുത്തിയ പഠനത്തിലും 82.1% പേർ ഉപയോഗിക്കാതെ ശേഷിച്ച മരുന്നുകൾ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചതായി കണ്ടെത്തി.
ഇന്ത്യയിലെ വിവിധ പ്രാദേശിക പഠനങ്ങളിൽ പകുതിയിലധികം മുതൽ 87% വരെ കുടുംബങ്ങൾക്കും ഉപഭോക്താക്കൾക്കും ഉപയോഗിക്കാതെ ശേഷിച്ച മരുന്നുകൾ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്;
മലിനീകരണവും ഒപ്പം പ്രകൃതിയിൽ പുതിയ രോഗാണുക്കളെ വളർത്തലും ഫലം
വലിച്ചെറിയുന്ന മരുന്നുകൾ വലിയ മലിനീകരണമാണ് സൃഷ്ടിക്കുന്നത്.അതിനെക്കാൾ ഭയം ജനിപ്പിക്കുന്നത് മറ്റൊരുവശമാണ്.രോഗാണുക്കൾക്ക് പുതിയ രൂപവും മാരക ശക്തിയും നൽകുന്ന ആൻറി മൈക്രോബിയൽ പ്രതിരോധം എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു.അതാണ് പ്രധാന കാര്യം.
ലോകാരോഗ്യ സംഘടനയുടെ പഠനങ്ങളും മാർഗനിർദേശങ്ങളും പറയുന്നത്, ഉപയോഗിക്കാത്ത മരുന്നുകളും ആന്റിബയോട്ടിക്കുകളും തെറ്റായി സംസ്കരിക്കുമ്പോൾ അവ മണ്ണിലേക്കും ഉപരിതലജലത്തിലേക്കും ഭൂഗർഭജലത്തിലേക്കും എത്താൻ സാധ്യതയുണ്ടെന്നാണ്; ചില മരുന്നുകൾ മലിനജല ശുദ്ധീകരണത്തിലൂടെ പൂർണമായി നീക്കം ചെയ്യപ്പെടാതെയും വരാം. പ്രത്യേകിച്ച് ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ പരിസ്ഥിതിയിൽ എത്തുന്നത് ആന്റിമൈക്രോബിയൽ പ്രതിരോധം (Antimicrobial Resistance, AMR) വളരാൻ സഹായിക്കാമെന്നതാണ് ഏറ്റവും ഗുരുതരമായ ആശങ്ക. യുനെപ് ചൂണ്ടിക്കാണിക്കുന്നത് മരുന്നുകളുടെ അവശിഷ്ടങ്ങൾ ജലജീവികളിൽ വിഷപ്രഭാവം, ഹോർമോൺ സംവിധാനത്തിലെ മാറ്റങ്ങൾ, സൂക്ഷ്മജീവ സമൂഹത്തിലെ വ്യതിയാനം, ആന്റിമൈക്രോബിയൽ പ്രതിരോധം എന്നിവയ്ക്ക് കാരണമാകാമെന്നാണ്. കൂടാതെ ആന്റിബയോട്ടിക് മലിനീകരണം ജലാശയങ്ങളിൽ ഉയർന്ന തോതിൽ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു
സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾ പോലും ആവശ്യത്തിന് ഇല്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ 2024-25 വാർഷിക റിപ്പോർട്ടിൽ പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന അവശ്യ മരുന്നുകളുടെ എണ്ണം സബ് സെന്ററിൽ 106, പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 172, സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 300, സബ്-ഡിസ്ട്രിക്ട് ആശുപത്രിയിൽ 318, ജില്ലാ ആശുപത്രിയിൽ 381 എന്നിങ്ങനെയാണ്. എന്നാൽ 2025ലെ ദേശീയ പൊതുജനാരോഗ്യ അവലോകനത്തിൽ സന്ദർശിച്ച സ്ഥാപനങ്ങളിൽ യഥാക്രമം 35/106, 105/172, 157/300, 212/318, 253/381 മരുന്നുകൾ മാത്രമാണ് അന്ന് ലഭ്യമായിരുന്നത്. അതായത് ഈ സന്ദർശനങ്ങളിൽ ലഭ്യത ഏകദേശം 33%, 61%, 52%, 67%, 66% എന്നിങ്ങനെയായിരുന്നു. ഇത് രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളുടെയും ശരാശരിയല്ല, സന്ദർശിച്ച സ്ഥാപനങ്ങളുടെ അവസ്ഥ മാത്രമാണ്. ചില സംസ്ഥാനങ്ങളിൽ അതിലും വലിയ കുറവ് രേഖപ്പെടുത്തി: മധ്യപ്രദേശിൽ സന്ദർശിച്ച സ്ഥാപനങ്ങളിൽ ഏകദേശം 80% അവശ്യ മരുന്നുകളുടെ ലഭ്യതയുണ്ടായിരുന്നെങ്കിലും ചില പ്രധാന മരുന്നുകൾ സ്റ്റോക്ക് തീർന്നിരുന്നു; പശ്ചിമ ബംഗാളിലെ ചില ദ്വിതീയതല സ്ഥാപനങ്ങളിൽ അവശ്യ മരുന്നുകളുടെ ലഭ്യത 33% മുതൽ 73% വരെയായിരുന്നു.
സർക്കാർ ആശുപത്രികളിൽ എത്ര ശതമാനം മരുന്നുകൾ ലഭ്യമല്ല, എത്ര പേർക്ക് മരുന്ന് കിട്ടുന്നില്ല എന്ന രീതിയിലുള്ള പ്രത്യേക ദേശീയ കണക്ക് കേന്ദ്രസർക്കാരിന്റെ ലഭ്യമായ പഠനങ്ങളിൽ കാണുന്നില്ല. എന്നാൽ ദേശീയ സ്ഥിതി മനസ്സിലാക്കാൻ ഏറ്റവും പ്രയോജനപ്പെടുന്ന സർക്കാർ പഠനം ദേശീയ സ്ഥിതിവിവര ഓഫിസിന്റെ എൻ.എസ്.എസ്. 75-ാം റൗണ്ട് ആരോഗ്യ സർവേ (2017-18) ആണ്. ഇതിൽ ദരിദ്ര കുടുംബങ്ങൾക്ക് പ്രത്യേകമായി “മരുന്ന് ക്ഷാമം” എന്ന സൂചിക നൽകിയിട്ടില്ലെങ്കിലും, സർക്കാർ സ്ഥാപനങ്ങളിൽ ചികിത്സയ്ക്കിടെ മരുന്നുകൾ പൂർണമായും സൗജന്യമായി ലഭിക്കാത്ത സാഹചര്യം രേഖപ്പെടുത്തിയിട്ടുണ്ട്: സർവേയുടെ നിർവചനത്തിൽ ആവശ്യമായ എല്ലാ മരുന്നുകളും സൗജന്യമായി ലഭിച്ചാൽ മാത്രമാണ് ചികിത്സ “പൂർണമായും സൗജന്യം” ആയി കണക്കാക്കുന്നത്; ചില മരുന്നുകൾ മാത്രം സൗജന്യമായി ലഭിക്കുകയും ബാക്കിയുള്ളവ വാങ്ങേണ്ടിവരികയും ചെയ്താൽ അത് ഭാഗിക സൗജന്യ ചികിത്സയായി കണക്കാക്കുന്നു.
ഈ മാനദണ്ഡം അനുസരിച്ച് പരിശോധിച്ചാൽ സർക്കാർ ആശുപത്രിയിൽ എത്തുന്ന എല്ലാവർക്കും തന്നെ ഭാഗികമായി മാത്രമാണ് സൗജന്യ ചികിത്സ ലഭിക്കുന്നത്.യഥാർത്ഥത്തിൽ മുമ്പിൽ വേണം കണക്കിന് മരുന്ന് മലിനീകരണം സൃഷ്ടിച്ചുകൊണ്ട് നശിപ്പിക്കുന്ന സംസ്കാരത്തെ നോക്കിക്കാണാൻ
മരുന്ന് തിരികെ ശേഖരിക്കുവാൻ മികച്ച സംവിധാനം
കാലാവധി കഴിയാത്തതും ശരിയായി സൂക്ഷിച്ചതുമായ, രോഗിക്ക് ഇനി ആവശ്യമില്ലാത്ത മരുന്നുകൾ മുഴുവൻ ഒരേ രീതിയിൽ “മാലിന്യം” ആക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുന്നു. ഇതിനായി സർക്കാർ നിയന്ത്രിത തിരിച്ചെടുക്കൽ സംവിധാനം ഉണ്ടെങ്കിൽ ഉപയോഗയോഗ്യമായ മരുന്നുകൾ സുരക്ഷാ പരിശോധനയ്ക്ക് ശേഷം സർക്കാർ ആശുപത്രികളിലേക്കോ അർഹരായ രോഗികളിലേക്കോ മാറ്റാനുള്ള സാധ്യത പരിശോധിക്കാം. എന്നാൽ ഇത് സാധാരണയായി മരുന്ന് മറ്റൊരാൾക്ക് കൈമാറുന്നതായി കാണാൻ പാടില്ല. ഗുണനിലവാരം, കാലാവധി, സംഭരണനില, പാക്കേജിന്റെ സമഗ്രത എന്നിവ പരിശോധിച്ച ശേഷമുള്ള നിയന്ത്രിത സംവിധാനമാണ് വേണ്ടത്.
ഡൽഹി-എൻസിആർ പഠനത്തിൽ 93 ശതമാനം പേരും വീടുകളിൽ നിന്ന് ഉപയോഗിക്കാത്തതോ കാലഹരണപ്പെട്ടതോ ആയ മരുന്നുകൾ ശേഖരിക്കാൻ സർക്കാർ സംവിധാനം വേണമെന്ന് അഭിപ്രായപ്പെട്ടു. അഹമ്മദാബാദിൽ നടത്തിയ മറ്റൊരു പഠനത്തിലും 76 ശതമാനം പേർ ഉപയോഗിക്കാത്ത മരുന്നുകൾ ശേഖരിക്കുന്ന പ്രത്യേക സംവിധാനത്തിന്റെ ആവശ്യം അംഗീകരിച്ചു. അതായത് പ്രശ്നം ജനങ്ങൾക്ക് അറിയില്ല എന്നതുമാത്രമല്ല. തിരിച്ചുനൽകാൻ എവിടെ പോകണമെന്ന് അറിയാത്തതും സംവിധാനമില്ലാത്തതുമാണ് വലിയ തടസ്സം
ഇന്ത്യയ്ക്ക് വേണ്ടത് പുതിയൊരു ‘ടേക്ക്-ബാക്ക്’ സംസ്കാരം
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദേശങ്ങളിൽ കാലഹരണപ്പെട്ടതോ ഉപേക്ഷിച്ചതോ ആയ മരുന്നുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതിന്റെ വ്യവസ്ഥകളുണ്ട്. പക്ഷേ വീടുകളിൽ നിന്നുള്ള ചെറിയ അളവിലുള്ള മരുന്നുകൾ തിരിച്ചെടുക്കുന്നതിനുള്ള എളുപ്പമുള്ള, രാജ്യവ്യാപകമായ ഉപഭോക്തൃ സംവിധാനം വേറൊരു വെല്ലുവിളിയാണ്
മരുന്ന് തിരിച്ചെടുക്കൽ പെട്ടികൾ, സുരക്ഷിത ശേഖരണം, ഉപയോഗയോഗ്യമായ മരുന്നുകളുടെ നിയന്ത്രിത പുനർവിതരണം, ഉപയോഗശൂന്യമായവയുടെ ശാസ്ത്രീയ സംസ്കരണം എന്നിവ ഉൾപ്പെട്ട സംവിധാനം നഗര ഇന്ത്യയിൽ വളരേണ്ട സമയമാണിത്. മരുന്ന് വാങ്ങുന്ന ഓരോ കുടുംബവും ചെറിയൊരു ഉപഭോക്താവാണ്. എന്നാൽ മിച്ചമാകുന്ന ഓരോ ഗുളികയും ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ അതേ ഗുളിക പരിസ്ഥിതിയുടെ പ്രശ്നമായി മാറാം.
Sources
Central Pollution Control Board, Guidelines and Biomedical Waste Management Framework
Velpandian et al., “Un-segregated waste disposal: an alarming threat of antimicrobials in surface and ground water sources in Delhi”, Environmental Science and Pollution Research
Manocha et al., “Current Disposal Practices of Unused and Expired Medicines Among General Public in Delhi and National Capital Region, India”
Kanyari et al., “Disposal Practices of Unused and Expired Medicines Among the General Public and Pharmacies”, Cureus
Mirza & Ganguly, “Utilization of Medicines Available at Home by General Population of Rural and Urban Set Up of Western India”
Sonowal et al., “A Survey of Knowledge, Attitude, and Practice of Consumers Regarding the Disposal of Unused Medicines”