ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പൂര്‍ത്തിയാവുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തര അനുമതി നല്കിയാല് വാക്സിന് ഉടന്‍ വിപണിയിലെത്തുമെന്നും ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ. പാര്‍ലമെന്ററി സമിതിയെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഭാരത് ബയോടെക്കിന്റെയും കാന്‍ഡിലയുടെയും വാക്സിനാണ് അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്. സാധാരണ 6-9 മാസമാണ് അവസാന ഘട്ട പരീക്ഷണത്തിന് ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വാക്സിന് അടിയന്തര അനുമതി നല്‍കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
നേരത്തെ, പൂനെയിലെ ഐസിഎംആര്‍ ലബോറട്ടറിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഹൈദരാബാദ് ആസ്ഥാനമായ മരുന്നു കമ്പനിയായ ഭാരത് ബയോടെകിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത കോവാക്സിന് എന്ന കാന്‍ഡിഡേറ്റ് വാക്സിന് ഓഗസ്റ്റ് 15 ന് ലോഞ്ച് ചെയ്യുമെന്ന് ഐസിഎംആര്‍ പറഞ്ഞിരുന്നു.കൊവിഡ് വാക്സിന് എത്രയും പെട്ടെന്ന് പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്താനും ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തീയതി നിശ്ചയിച്ച് വാക്സിന് പുറത്തിറക്കുകയെന്ന് അസാധ്യമാണെന്ന് ശാസ്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടി. വാക്സിന് കണ്ടെത്തുകയെന്നത് ശ്രമകരമായ ജോലിയാണെന്നും അതിന് സമയമെടുത്തുള്ള, സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ടള്ള പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കി.
ഇത്തരമൊരു സമയപരിധി നിശ്ചയിക്കുന്നതിലൂടെ വാക്സിന്റെ ഗുണനിലവാരത്തിലും ഫലപ്രാപ്തിയിലും വീഴ്ച സംഭവിക്കാന്‍ സാധ്യത ഉണ്ടെന്ന തരത്തിലും ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

