കൊച്ചി, 2026 ജൂൺ 10 –
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി കേൾക്കുന്നതിൽ നിന്ന് ഒഴിവായത്. ഇതോടെ ഹർജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും. നേരത്തെ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു.
മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന കണ്ടെത്തലുമായി ബന്ധപ്പെട്ട കാലത്ത് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജഡ്ജിയായിരുന്നത് ജസ്റ്റിസ് കൗസർ എടപ്പഗത്തായിരുന്നു. വസ്തുത പരിശോധനാ റിപ്പോർട്ടിൽ അദ്ദേഹത്തിനെതിരെ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയും ഉണ്ടായിരുന്നുവെന്നാണ് വിവരം. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. ദൃശ്യങ്ങൾ ചോർന്ന കേസിനെ അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. സുപ്രീം കോടതിയിലെ അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് പുതിയ ഹർജി സമർപ്പിച്ചത്.
വസ്തുത പരിശോധനാ റിപ്പോർട്ട് പ്രകാരം പീഡന ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിൽ മൂന്ന് തവണ നിയമവിരുദ്ധ പരിശോധന നടന്നിരുന്നു. 2018 ജനുവരി 9-ന് അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് രാത്രി 9.58-ന് മെമ്മറി കാർഡ് പരിശോധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 2018 ഡിസംബർ 13-ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ രാത്രി 10.58-ന് മെമ്മറി കാർഡ് പരിശോധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ശിരസ്തദാർ താജുദ്ദീന്റെ വിവോ ഫോണിലാണ് പീഡന ദൃശ്യങ്ങൾ കണ്ടതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശം വിചാരണ കോടതി പാലിച്ചില്ലെന്ന ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു.