മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ഫണ്ടില്‍നിന്ന് സെക്രട്ടേറിയറ്റിലേക്ക് ലാപ്ടോപ്പുകള് വാങ്ങിയെന്ന് ആരോപണം
തിരുവനന്തപുരം, 2026 ജൂണ്‍ 9 –
വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്കായി അനുവദിച്ച ദുരന്തനിവാരണ വകുപ്പ് ഫണ്ടില്‍നിന്ന് സെക്രട്ടേറിയറ്റിലെ ആവശ്യങ്ങള്‍ക്കായി ഉപകരണങ്ങള്‍ വാങ്ങിയെന്ന ആരോപണം. 4.32 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി തലസ്ഥാനത്തേക്ക് അയച്ചുനല്‍കാന്‍ വയനാട് ടൗണ്‍ഷിപ്പ് സ്പെഷല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
സെക്രട്ടേറിയറ്റിലെ ദുരന്തനിവാരണ വകുപ്പ് ഓഫീസിലേക്ക് 2.82 ലക്ഷം രൂപ ചെലവിട്ട് ആറ് ലാപ്ടോപ്പുകള് വാങ്ങിയതായും 1.5 ലക്ഷം രൂപ ചെലവില്‍ മറ്റ് ഉപകരണങ്ങള്‍ വാങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്. പുനരധിവാസ പദ്ധതിക്കായി രൂപീകരിച്ച പ്രത്യേക ഫണ്ടില്‍നിന്നാണ് ഈ ചെലവുകള്‍ നടത്തിയതെന്നാണ് ആരോപണം.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രൂപീകരിച്ച ഫണ്ടിലെ തുക വകുപ്പിന്റെ ദൈനംദിന ചെലവുകള്‍ക്കോ ഓഫിസ് ആവശ്യങ്ങള്‍ക്കോ ജീവനക്കാരുടെ ശമ്പളത്തിനോ ഉപയോഗിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ നിലവിലുണ്ടെന്നതും ചര്‍ച്ചയാകുന്നു. ഈ സാഹചര്യത്തിലാണ് ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്.