ബംഗളൂരു, 2026 ജൂണ്‍ 9 –
പൊതുപരിപാടിക്കിടെ ആപ്പിള്‍ കടിച്ചശേഷം ജനക്കൂട്ടത്തിന് നേരെ എറിഞ്ഞുനല്‍കുന്ന കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയാകുന്നു. സ്വന്തം മണ്ഡലമായ കനകപുരയിലെ ഹാരോഹള്ളിയില്‍ നടന്ന സ്വീകരണ പരിപാടിക്കിടെയായിരുന്നു സംഭവം.
മണ്ഡലത്തിലെത്തിയ ശിവകുമാറിന് പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്. ആപ്പിളുകളും പൂക്കളും ചേര്‍ത്ത് തയ്യാറാക്കിയ വലിയ ഹാരം ക്രെയിന്‍ ഉപയോഗിച്ച് അണിയിച്ചു. ഇതിനിടെ ഹാരത്തില്‍നിന്ന് ആപ്പിളുകള്‍ ഓരോന്നായി പറിച്ചെടുത്ത് കടിച്ചശേഷം താഴെ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്ക് നേരെ എറിഞ്ഞുനല്‍കുകയായിരുന്നു. ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ അവ കൈക്കലാക്കാന്‍ ശ്രമിച്ചത്.
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നു. കടിച്ച ഭക്ഷണം ജനങ്ങള്‍ക്ക് നല്‍കിയത് ഉചിതമായ നടപടിയല്ലെന്ന വിമര്‍ശനമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. അതേസമയം പ്രവര്‍ത്തകരോടുള്ള സ്നേഹപ്രകടനത്തിന്റെ ഭാഗമായി നടത്തിയ ലളിതമായ ഇടപെടല്‍ മാത്രമാണിതെന്നാണ് അനുകൂലികളുടെ വിശദീകരണം.