കൊച്ചി, 2026 ജൂണ്‍ 9 –
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ തെളിവില്ലെന്ന കൊല്ലം വിജിലന്‍സ് കോടതിയുടെ പരാമര്‍ശം ഹൈക്കോടതി നീക്കി. എന്നാല്‍ തന്ത്രിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രിക്ക് 41 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ഈ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്ത്രിക്കെതിരെ തെളിവില്ലെന്ന കീഴ്ക്കോടതിയുടെ പരാമര്‍ശം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.
തന്ത്രിക്കെതിരെ തെളിവിന്റെ ഒരു കണിക പോലുമില്ലെന്നായിരുന്നു വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. ഈ പരാമര്‍ശം ഹൈക്കോടതി നീക്കിയെങ്കിലും ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണങ്ങള്‍ കണ്ടെത്താനായില്ല. അതിനാല്‍ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. തന്ത്രിക്കെതിരെ തെളിവുകളുണ്ടെന്നാണ് അപ്പീലില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ വാദം.