തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അഞ്ച് പോലീസുകാർക്കെതിരെ നടപടിയെടുത്തതിൽ വിമർശനവുമായി സിപിഎം സെക്രട്ടേറിയറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ ഇത് യുഡിഎഫ് സർക്കാരിന്റെ പകപോക്കലാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു.
പോലീസിനെ രാഷ്ട്രീയ താത്പര്യത്തോടെ ഉപയോഗിക്കുന്നു
പോലീസുകാർ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ സഞ്ചരിച്ച വാഹനം ആക്രമിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. യുഡിഎഫ് സർക്കാർ തുടക്കമിട്ട പ്രതികാര നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പോലീസിനെ രാഷ്ട്രീയ താത്പര്യത്തോടെ ഉപയോഗിക്കുന്നെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞദിവസം എസ്എഫ്ഐക്കാർക്കെതിരേ നടന്ന ആക്രമണമെന്നും സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു.