കോഴിക്കോട് | മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ മുസ്ലീം ലീഗിനെ ഗൗനിക്കാതെ തീരുമാനം എടുത്ത് മുന്നോട്ട് പോയാല്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതാക്കളെ ലീഗ് അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനായുള്ള നീക്കത്തില്‍ വിട്ടു വീഴ്ച വേണ്ടെന്നാണ് ലീഗ് നിലപാട്. വി ഡി സതീശനായി ഉറച്ച നീക്കങ്ങള്‍ ആണ് ലീഗ് നടത്തുന്നത്. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തി. സതീശന്റെ കാര്യത്തില്‍ പാര്‍ട്ടി അയയില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പാണക്കാട് സാദിഖലി തങ്ങള്‍
മാത്യു കുഴല്‍ നാടനെതിരെ ശക്തമായ നിലപാടുമായി ലീഗ്
ലീഗിനെ താക്കീത് ചെയ്തുകൊണ്ടു രംഗത്തുവന്ന മാത്യു കുഴല്‍ നാടനെതിരെ ശക്തമായ നിലപാടുമായി ലീഗ് മുന്നോട്ടു പോവുകയാണ്. മാത്യു കുഴല്‍നാടനെ തള്ളി മുതിര്‍ന്ന നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്തുവന്നത് ലീഗിനെ സമാധാനിപ്പിക്കാനാണ്. .അല്പ്പന് അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും എന്നതുപോലെയാണ് മാത്യു കുഴല്‍ നാടന്‍ ലീഗിനെ അധിക്ഷേപിച്ചതെന്നാണ് ഉണ്ണിത്താന് പറഞ്ഞത്.
ലീഗിനെ അവഗണിച്ചു മുന്നോട്ടുപോയാല്‍ പ്രത്യാഘാതം
ഡല്‍ഹിയില്‍ എത്തിയ വി ഡി സതീശന് നല്കിയ സ്വീകരണത്തില്‍ കെ സി വേണുഗോപാലിനെതിരെ എം എസ് എഫുകാര്‍ മുദ്രാവാക്യം മുഴക്കിയത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് വിവരം. ഇതിന്റെ പേരിലൊന്നും ലീഗിനെ വിരട്ടാന്‍ ആവില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ലീഗ്. ലീഗിനെ അവഗണിച്ചു മുന്നോട്ടുപോയാല്‍ പ്രത്യാഘാതം ഉണ്ടാവുമെന്ന കാര്യവും ഇ ടി സൂചിപ്പിച്ചു.
പേരില്‍ ലീഗിനെ കുറ്റപ്പെടുത്താനും ഭയപ്പെടുത്താനുമാണ് നീക്കമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും
ലീഗിന്റെ രണ്ടു യോഗങ്ങള്‍ ചേര്‍ന്നാണ് വിഡിക്കുള്ള പിന്തുണ അറിയിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പ് നേരിടാനും ലീഗില്‍ താല്‍പ്പര്യമില്ലെന്നും ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. സതീശന്റെ മതേതര നിലപാടുകള്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ കാരണമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. കുറ്റ്യാടി, നാദാപുരം, വടകര തുടങ്ങിയ ഇടങ്ങളില്‍ സതീശന് വേണ്ടി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നടത്തിയ പ്രകടനത്തില്‍ ലീഗ് നേതാക്കളും പങ്കെടുത്തിരുന്നു. ഇതിന്റെ പേരില്‍ ലീഗിനെ കുറ്റപ്പെടുത്താനും ഭയപ്പെടുത്താനുമാണ് നീക്കമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന നിലപാടിലാണ് ലീഗ്..