.മലപ്പുറം | യു ഡി എഫ് ഭരണത്തിലെത്തിയതിനെ തുടര്ന്ന് മന്ത്രിമാരുടെയും എം എൽ എമാരുടെയും പേഴ്സനൽ സ്റ്റാഫ് നിയമനത്തിൽ മുസ്ലിം ലീഗിൽ കർശന നിയന്ത്രണം. . ശിപാർശകരും ആവശ്യക്കാരും ഏറിയതോടെയാണ് നിയമനം സംബന്ധിച്ച് പാർട്ടി കർശന നിലപാടിലേക്ക് കടന്നിരിക്കുന്നത്. നിയമനം പാർട്ടി നേരിട്ട് നടത്തുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. സ്വന്തം ഇഷ്ടം അനുസരിച്ച് സ്റ്റാഫിനെ നിയമിക്കാൻ പാടില്ല. ബന്ധുക്കളെ നിയമിക്കുന്നതും പൂർണമായും പാർട്ടി വിലക്കിയിട്ടുണ്ട്.
ബന്ധുക്കളും ഇഷ്ടക്കാരും പേഴ്സനൽ സ്റ്റാഫിൽ കയറിക്കൂടുന്നത് തടയുന്നതിനാണിത്
മന്ത്രിസ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നവർക്കും ഇതേക്കുറിച്ച് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. ബന്ധുക്കളും ഇഷ്ടക്കാരും പേഴ്സനൽ സ്റ്റാഫിൽ കയറിക്കൂടുന്നത് തടയുന്നതിന് കൂടിയാണിത്. യൂനിറ്റ് തലങ്ങളിൽ വരെ പാർട്ടിയിൽ പ്രവർത്തിക്കുന്നവരെ നിയമനം നടത്തിയാൽ മതിയെന്നാണ് നിർദേശം. സ്റ്റാഫിലേക്ക് നിർദേശിക്കപ്പെടുന്നവർ യൂനിറ്റ് തലങ്ങളിൽ നിന്നുള്ള കത്ത് ഹാജരാക്കണം. മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾക്ക് വരുന്ന ശിപാർശകൾ യൂനിറ്റ് തലങ്ങളിൽ അന്വേഷണം നടത്തിയശേഷം നൽകിയാൽ മതിയെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട് .
പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികൾ അറിഞ്ഞ് മാത്രമേ നിയമനം നടത്താൻ പാടുള്ളൂ
പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികൾ അറിഞ്ഞ് മാത്രമേ നിയമനം നടത്താൻ പാടുള്ളൂവെന്ന് വാക്കാൽ നിർദേശമായി ലഭിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ളവരെ മാത്രം നിയമനം നടത്തിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനാണ് നിയമന ചുമതല. പാർട്ടി നിർദേശപ്രകാരം ബേങ്കുകളിൽ ജോലി ചെയ്യുന്നവരോ പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവരടക്കം ഒന്നിലധികം പദവികൾ വഹിക്കുന്നവരെയോ നിയമനത്തിന് പരിഗണിക്കേണ്ടെന്നാണ് പാർട്ടി നിർദേശം. പേഴ്സനൽ സ്റ്റാഫ് നിയമനത്തിന് പുറമെ ബോർഡ് – കോർപറേഷൻ പദവികളിലെയും നിമയനം പരിശോധിച്ച് മാത്രമെ നൽകാവൂവെന്നും പാർട്ടി നിർദേശിച്ചിട്ടുണ്ട്..
ഒരു മന്ത്രിക്ക് .20 മുതൽ 25 വരെ സ്റ്റാഫിനെ നിയമിക്കാമെന്നാണ് ചട്ടം
ഒരു മന്ത്രിക്ക് ചുരുങ്ങിയത് 20 മുതൽ 25 വരെ സ്റ്റാഫിനെ നിയമിക്കാമെന്നാണ് ചട്ടം. ഇതനുസരിച്ച് അഞ്ച് മന്ത്രിമാരെ ലഭിക്കുന്നപക്ഷം ചുരുങ്ങിയത് 100 പേരെയെങ്കിലും പേഴ്സനൽ സ്റ്റാഫിലേക്ക് നിയമിക്കാനാകും. പ്രൈവറ്റ് സെക്രട്ടറിയും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെ ആയാൽ ലക്ഷങ്ങളാണ് ശമ്പളം. വെറും രണ്ട് വർഷം മാത്രം സർവീസിലിരുന്നാൽ പോലും പെൻഷന് ആനുകൂല്യങ്ങളും ലഭിക്കും. ഇതാണ് നിയമനത്തിനായി പിടിവലി നടക്കുന്നതും. സർക്കാർ ജീവനക്കാരുടെ ഹെഡിൽ നിന്നാണ് ശമ്പളം നൽകുന്നതെങ്കിലും എല്ലാം രാഷ്ട്രീയ നിയമനമാണ്.