തൊടുപുഴ: വൈദ്യുതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി അവശേഷിക്കുന്നത് 30 ശതമാനം വെള്ളം. മുന്‍ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ എട്ടുശതമാനം കുറവാണിത്. ഇടുക്കി അണക്കെട്ടില്‍ 2331.51 അടിവെള്ളമാണുള്ളത്. സംഭരണ ശേഷിയുടെ 31 ശതമാനമാണിത്. മുന്‍ വര്‍ഷം ഇതേ ദിവസം 2342.24 അടിയായിരുന്നു ജലനിരപ്പ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.73 അടി വെള്ളം കുറവാണ്.
ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു.
സംസ്ഥാനത്തെ വലിയ അണക്കെട്ടുകളടങ്ങുന്ന ഗ്രൂപ്പ് ഒന്നില്‍ 30 ശതമാനവും രണ്ടില്‍ 28 ശതമാനവും മൂന്നില്‍ 44 ശതമാനവുമാണ് ജലനിരപ്പ്. കടുത്ത ചൂടിനെ തുടര്‍ന്നു സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റിക്കാര്‍ഡ് ഭേദിച്ചതോടെ ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. പീക്ക് ലോഡ് സമയത്താണ് ഉത്പാദനം കൂടുതല്‍. ഇതേ തുടര്‍ന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി താഴുന്ന സാഹചര്യമാണ്.
ഹര്‍ത്താൽ ദിനത്തിലും വൈദ്യുതി ഉപയോഗത്തില്‍ കുറവുണ്ടായില്ല
കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോള്‍ ഇവിടത്തെ ജലനിരപ്പ്. ചൊവ്വാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലായിരുന്നിട്ടും വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായില്ല. 117.009 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. പലയിടത്തും വേനല്‍മഴ ലഭിച്ചിട്ടും ചൂട് കുറയാത്തതാണ് ഉപഭോഗം കൂടാന്‍ പ്രധാന കാരണം.
സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കൃത്യമായി വൈദ്യുതി ലഭ്യമാക്കാന്‍ കഴിഞ്ഞു
അതേസമയം പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് വേണ്ടിവന്നതെന്നും റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും എത്തിയതോടെ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കൃത്യമായി വൈദ്യുതി ലഭ്യമാക്കാന്‍ കഴിഞ്ഞതായും കെഎസ്ഇബി അറിയിച്ചു. മധ്യ തെക്കന്‍ പ്രദേശങ്ങളില്‍ വേനല്‍മഴ ലഭിച്ചിട്ടും വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടാകാത്ത സാഹചര്യമാണെന്നും വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി.
പ്രസരണ വിതരണ ശൃംഖലയ്ക്ക് താങ്ങാനാകാത്ത സമ്മര്‍ദം
ഉയര്‍ന്ന ലോഡ് മൂലം പ്രസരണ വിതരണ ശൃംഖലയ്ക്ക് താങ്ങാനാകാത്ത സമ്മര്‍ദം ഉണ്ടാകുന്ന സാഹചര്യത്തില്‍ മാത്രം അരമണിക്കൂറില്‍ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ ചുമതലയുള്ള ചീഫ് എന്‍ജിനിയര്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡിന്റെ ഉന്നതതല യോഗം അനുമതി നല്‍കിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇതു തെറ്റായി വ്യാഖ്യാനിച്ച് കേളത്തില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത നല്‍കിയത് ഖേദകരമാണെന്നും ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.



