വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനം : ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്പനം

തൃശൂർ | തൃശൂരിലെ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനം നാടിനെ നടുക്കി. മുണ്ടത്തിക്കോട്ട് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി സതീഷിന്റെ വെടിക്കെട്ട് പുരയിൽ കരിമരുന്നിന് തീപിടിച്ചതാണ് വൻ ദുരന്തത്തിന് ഇടയാക്കിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്പനം കിലോമീറ്ററുകളോളം അനുഭവപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറിത്തെറിച്ച നിലയിലായിരുന്നു.

അഞ്ച് താൽക്കാലിക വെടിക്കെട്ട് പുരകളിലാണ് സ്ഫോടനം നടന്നത്.

രണ്ടര ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന അഞ്ച് താൽക്കാലിക വെടിക്കെട്ട് പുരകളിലാണ് സ്ഫോടനം നടന്നത്. അപകടസമയത്ത് ഏകദേശം 40 ഓളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നതായാണ് വിവരം. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തുടർ സ്ഫോടനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

മുണ്ടത്തിക്കോട് വയലിന് നടുവിൽ ഒരു ദ്വീപ് പോലെ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു വെടിക്കെട്ട് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടേക്ക് കൃത്യമായ റോഡ് സൗകര്യം ഇല്ലാത്തത് രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കി. ഫയർ ഫോഴ്സ് യൂണിറ്റുകൾക്കും ആംബുലൻസിനും സംഭവസ്ഥലത്തേക്ക് നേരിട്ട് എത്താൻ കഴിഞ്ഞില്ല. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് അഗ്നിശമന സേന അകത്തേക്ക് പ്രവേശിച്ചത്. ആദ്യ സ്ഫോടനത്തിന് ശേഷവും തുടർ സ്ഫോടനങ്ങൾ നടന്നുകൊണ്ടിരുന്നത് രക്ഷാപ്രവർത്തകരെ ഏറെ നേരം തടസ്സപ്പെടുത്തി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →