ധാക്ക: ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 പേർ മരിച്ചു. നിരവധിപേരെ കാണാതായി. തെക്കുപടിഞ്ഞാറൻ ജില്ലയായ രാജ്ബാരിയിലെ ദൗലാഡിയ ടെർമിനലിൽ മാർച്ച് 25 ബുധനാഴ്ച വൈകുന്നേരം 5.15 ഓടെയാണ് ബസ് പത്മ നദിയിലേക്ക് മറിഞ്ഞത്. 11 ഓളം യാത്രക്കാർ നീന്തി രക്ഷപെട്ടതായി ദൃസാക്ഷികൾ പറഞ്ഞു. മറ്റൊരു വാഹനവുമായുണ്ടായ കൂട്ടിയിടിയെ തുടർന്ന് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. മരിച്ചവരിൽ ഭൂരിഭാഗംപേരും ഒരേകുടുംബത്തിൽ നിന്ന് തന്നെയുള്ളവരാണെന്നാണ് സൂചന.
വാഹനത്തിനുള്ളിൽ നിന്ന് 14 മൃതദേഹങ്ങൾ
ക്രെയിനുകളുടെ സഹായത്തോടെ ബസ് നദിയിൽ നിന്നും പുറത്തെടുത്തു. വാഹനത്തിനുള്ളിൽ നിന്ന് 14 മൃതദേഹങ്ങളും നദിയിൽ നിന്നും രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി ഫയർ സർവീസ് ഉദ്യോഗസ്ഥൻ സോഹെൽ റാണ പറഞ്ഞു. കാണാതായവർക്കായി ഫയർഫോഴ്സും കോസ്റ്റ്ഗാർഡ് മുങ്ങൽ വിദഗ്ധരും സൈനിക, പോലീസ് സഹായത്തോടെ തിരച്ചിൽ തുടരുകയാണ്.
ധാക്കയിലേക്ക് പോകുകയായിരുന്ന ബസിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായും അവരിൽ ഭൂരിഭാഗവും ഈദ് അവധി കഴിഞ്ഞ് തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പ്രധാനമന്ത്രി താരിഖ് റഹ്മാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


