കോഴിക്കോട്: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ആരംഭിച്ച സമരത്തില്‍നിന്നു പിന്നോട്ടില്ലെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) വ്യക്തമാക്കിയതിനിടെ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റിത്തുടങ്ങിയതില് പ്രതിഷേധവുമായി ആശുപത്രി മാനേജ്മെന്റുകളും രംഗത്തെത്തി. അടിയന്തര ചികിത്സപോലും മുടങ്ങുന്നതു ചൂണ്ടിക്കാട്ടിയാണു മാനേജ്മെന്റും ഡോക്ടര്‍മാരും പരസ്യപ്രതികരണവുമായി എത്തിയത്.
രോഗികള്‍ നെട്ടോട്ടത്തിൽ
കോഴിക്കോട്ട് നഴ്സുമാര്‍ പണിമുടക്കുന്ന ആശുപത്രികളില്‍ ചികിത്സ കിട്ടാതെ രോഗികള്‍ നെട്ടോട്ടമോടുകയാണ്. ഇതിനു കാരണക്കാര്‍ നഴ്സുമാരാണെന്നാണു വിവിധ മാനേജ്മെന്റുകളുടെ ആരോപണം. എന്നാല്‍, ശമ്പള വര്‍ധന സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കാതെ മാനേജ്മെന്റുകളാണു സ്ഥിതി വഷളാക്കുന്നതെന്നു യുഎന്‍എ പ്രസിഡന്റ് ജാസ്മിന് ഷാ പറഞ്ഞു. വര്‍ഷങ്ങളായി ജീവനക്കാര്‍ ഉന്നയിക്കുന്ന ശമ്പള വര്‍ധന നടപ്പാക്കാന്‍ മിക്ക മാനേജ്മെന്റുകളും തയാറാവുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നഴ്സുമാര്‍ രോഗികളുടെ ജീവന്‍വച്ച് വിലപേശുന്നു.
എന്നാൽ, സമരം അന്യായമാണെന്നും നഴ്സുമാര്‍ രോഗികളുടെ ജീവന്‍വച്ച് വിലപേശുകയാണെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന് ആരോപിച്ചു. നോട്ടീസ് നല്‍കാതെയാണു നഴ്സുമാര്‍ പണിമുടക്കി സമരം നടത്തുന്നത്. ഇതുകാരണം ആശുപത്രികളില്‍നിന്നു സര്‍ജറി കഴിഞ്ഞവര്‍ തുടര്‍ചികിത്സ കിട്ടാതെ പ്രയാസപ്പെടുകയാണ്. നവജാത ശിശുക്കളുടെ പരിചരണമടക്കമുള്ള അവശ്യസേവനങ്ങളും തടസപ്പെടുന്നുണ്ട്.
എസ്മ പ്രയോഗിക്കണമെന്നു സര്‍ക്കാരിനോടു നിര്‍ദേശിച്ച് ഹൈക്കോടതി
നഴ്സുമാര്‍ സമരം അവസാനിപ്പിച്ച് ജോലിക്കു ഹാജരായില്ലെങ്കില്‍ പുതിയ ജീവനക്കാരെ നിയമിക്കുമെന്നും അസോസിയേഷന് മുന്നറിയിപ്പ് നല്കി. ഇത് യുഎന്‍എ തള്ളിക്കളഞ്ഞതിനിടെയാണ് ഇന്നലെ (10.03.2026) ഉച്ചകഴിഞ്ഞ് ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ട് എസ്മ പ്രയോഗിക്കണമെന്നു സര്‍ക്കാരിനോടു നിര്‍ദേശിച്ചത്.
