കൊച്ചി: കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമിൽ ആനയുടെ ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ആറളം ഫാമിലും പരിസരത്തും സ്ഥിതിഗതികള്‍ പരിതാപകരമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ആറളം ഫാമില്‍ ആവര്‍ത്തിച്ചുള്ള കാട്ടാന ആക്രമണങ്ങള്‍ ചെറുക്കുന്നതിന് എന്തെങ്കിലും കര്‍മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്നു സംസ്ഥാനസർക്കാരിനോട് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ചോദിച്ചു.
ആവർത്തിച്ചുള്ള വന്യമൃഗ ആക്രമണത്തെ കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് കോടതി
കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം ആക്രമണം നടത്തിയെന്ന് കരുതുന്ന ആനയെ കണ്ടെത്താന്‍ റാപ്പിഡ് റസ്പോണ്‍സ് ടീമിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആറളം വന്യജീവി ഡിവിഷനിലെ നൈറ്റ് പട്രോളിംഗ് സംഘത്തിന് പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞ് കാരണം ആനയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആറളം ഫാമിലെ ടിആര്‍ഡിഎം പ്രദേശത്തു താമസിക്കുന്ന ആദിവാസികളുടെ ദുര്‍ബലതയെയും മേഖലയിലെ ആവർത്തിച്ചുള്ള വന്യമൃഗ ആക്രമണത്തെയും കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ഹര്‍ജി വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് രണ്ടിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചീഫ് സെക്രട്ടറി, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് എന്നിവര്‍ നിര്‍ബന്ധമായും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
