അങ്കമാലി-എരുമേലി ശബരി റെയില്‍വേ: 50 ശതമാനം ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം | അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതിയുടെ 50 ശതമാനം ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിക്കായി 1900 കോടി രൂപ കിഫ്ബി വഴി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1997-98 റെയില്‍വേ ബജറ്റില്‍ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയില്‍വേ പദ്ധതി, കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും ഒഴിച്ചുകൂടാനാവാത്ത സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റെയില്‍ പാത ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാര്‍ഗ്ഗം ഒരുക്കും. കൂടാതെ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ ഊര്‍ജ്ജം പകരുകയും ചെയ്യും.

8 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്

ദേശീയപാത 66ലുള്ള അങ്കമാലിയെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാധിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 8 കിലോമീറ്റര്‍ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അങ്കമാലി മുതല്‍ കാലടി വരെയുള്ള ഏഴു കിലോമീറ്റര്‍ ദൂരത്തെ നിര്‍മ്മാണ പ്രവൃത്തികളുടെ ഏകദേശം 90 ശതമാനവും വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയായിരുന്നു.

കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിൽ

ബാക്കിയുള്ള ദൂരത്തേക്കായി ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും അവയുടെ കാലാവധി അവസാനിച്ചതിനാല്‍ നടപടികള്‍ വീണ്ടും ആദ്യഘട്ടം മുതല്‍ തുടങ്ങേണ്ടിവരും. ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയില്‍വേ ബജറ്റില്‍ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →