ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിയുടെ നാണക്കേടില്‍ നിന്ന് കരകയറാന്‍ ബാഴ്സലോണ അടിമുടി പൊളിച്ചുപണിയാരംഭിച്ചു കഴിഞ്ഞു.
പരിശീലക സ്ഥാനത്തു നിന്നും സെറ്റിയനെ നീക്കിയ ബാഴ്സ പകരക്കാനായി ഹോളണ്ട് ദേശീയ ടീമിന്റെ പരിശീലകനായ റൊണാള്‍ഡ് കോമാനെ കൊണ്ടുവരുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു.
ഹോളണ്ട് ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ് കോമാന് ബാഴ്സയുടെ കോച്ചാകുമെന്ന് ഡെയ്ലി മെയ്ല് റിപ്പോര്‍ട് ചെയ്തു. ബാഴ്സയുടെ മുന്‍ കളിക്കാരന് കൂടിയാണ് കോമാന്. പരിചയസമ്പന്നനായ പരിശീലകനെ വച്ചില്ലെങ്കില്‍ ടീമില്‍ തുടരില്ലെന്ന് ലയണല്‍ മെസ്സി കഴിഞ്ഞ ദിവസം ബാഴ്സ ബോര്‍ഡിനെ അറിയിച്ചിരുന്നു.
57കാരനായ കോമാന് ഹോളണ്ടിന്റെ സഹപരിശീലകനായാണ് പരിശീലക കരിയര്‍ ആരംഭിച്ചത്. 1998-2000 കാലഘട്ടങ്ങളില്‍ ബാഴ്സലോണയുടെ സഹ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. അയാക്സ്, ബെന്‍ഫിക്ക, പിഎസ്വി, വലന്‍സിയ, സതാംപ്റ്റണ്, എവര്ട്ടന് ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 2018 മുതല്‍ അദ്ദേഹം ഹോളണ്ട് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. മിഡ്ഫീല്‍ഡറായിരുന്നു കോമാന് 1989 മുതല്‍ 1995വരെയാണ് ബാഴ്സലോണയ്ക്കുവേണ്ടി കളിച്ചത്. ക്ലബ്ബിനൊപ്പം 192 മത്സരത്തില്‍ നിന്ന് 67 ഗോളും നേടി.
535 മത്സരങ്ങളില്‍ കളിച്ച് പരിചയസമ്ബത്തുള്ള താരമായിരുന്ന കോമാന് 193 ഗോളും കരിയറില്‍ നേടിയിട്ടുണ്ട്. പരിശീലകനെന്ന നിലയില്‍ പ്രധാനമായും രണ്ട് നേട്ടമാണ് കോമാന്റെ എടുത്തുപറയാനുള്ളത്. 2007-2008 സീസണിലെ കോപ്പാ ഡെല്‍ റേയില്‍ വലന്‍സിയയെ ചാമ്പ്യന്മാരാക്കാന് കോമാന് സാധിച്ചിരുന്നു. 2019ലെ യുവേഫ നാഷന്‍സ് ലീഗില്‍ ഹോളണ്ടിനെ റണ്ണറപ്പാക്കാനും അദ്ദേഹത്തിന് സാധിച്ചു. പരിചയസമ്ബത്തേറെയുള്ള കോമാന് ബാഴ്സലോണയിലെ സാഹചര്യങ്ങള്‍ ഏറെ പരിചിതമാണ്.