തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ജനുവരി 23) തിരുവനന്തപുരത്തെത്തും. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും അദ്ദേഹം പ്രഖ്യാപിക്കും. കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായി എത്തുന്ന മോദി വൻ പ്രഖ്യാപനങ്ങൾ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്.
രാവിലെ വിമാനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള മോദിയുടെ യാത്ര വൻ റോഡ് ഷോ ആക്കി മാറ്റാനാണ് പാർട്ടി തീരുമാനം. അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബിന്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിർവഹിക്കും.
25,000ത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനം
കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഔദ്യോഗിക ചടങ്ങിന് ശേഷം കോർപറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാർട്ടി വേദിയിൽ പ്രധാനമന്ത്രി എത്തും. 25,000ത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്.
