തിരുവനന്തപുരം | ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിക്കുന്നു. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം ഇന്ന് (ജനുവരി 23, വെള്ളി) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുറമുഖ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ, ഷിപ്പിങ് ആന്‍ഡ് വാട്ടര്‍വേയ്‌സ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരിക്കും.
ആഗോള സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തില്‍ സുപ്രധാന കണ്ണി
രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്ന ലിക്വിഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ വന്‍ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രക്കിടയില്‍ ഇന്ധനം നിറക്കാന്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താൻ കഴിയും . തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ 710 കപ്പലുകളില്‍ നിന്നും 15.19 ലക്ഷം ടി ഇ യു കൈകാര്യം ചെയ്തുകൊണ്ട് പ്രവര്‍ത്തന മികവ് കാഴ്ചവെക്കാനായി. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ വന്‍കരകളിലെ പ്രമുഖ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുവാനും സാധിച്ചു. ആഗോള സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തില്‍ സുപ്രധാന കണ്ണിയായും ദക്ഷിണേഷ്യയുടെ തന്ത്രപ്രധാന വാണിജ്യ കവാടമായും വിഴിഞ്ഞം തുറമുഖം ഇതിനോടകം മാറിക്കഴിഞ്ഞു.
തൊഴിലവസരങ്ങൾ വര്‍ധിക്കും
കണ്ടെയ്‌നര്‍ യാര്‍ഡ് വികസിക്കുന്നതോടെ ഒരേസമയം യാര്‍ഡില്‍ സൂക്ഷിക്കാവുന്ന കണ്ടെയ്‌നറുകളുടെ എണ്ണം 35,000ത്തില്‍ നിന്ന് ഒരു ലക്ഷമായി ഉയരും. ആകെ ക്രെയിനുകളുടെ എണ്ണം 100 ആകും. ഇതില്‍ 30 ഷിപ് ടു ഫോര്‍ ക്രെയിനുകളും 70 യാഡ് ക്രെയിനുകളും ഉണ്ടാകും. 800 മീറ്റര്‍ ബെര്‍ത്ത് എന്നത് രണ്ട് കിലോമീറ്ററാകും. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌ട്രെയ്റ്റ് ബെര്‍ത്ത് തുറമുഖമാകുന്നതോടെ ഒരേസമയം നാല് മദര്‍ഷിപ്പ് വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കു കൈമാറ്റം നടത്താനാകും. പുലിമുട്ടിന്റെ നീളം നാല് കിലോമീറ്ററാക്കും. പുതിയതായി ഷിപ്പിങ് കമ്പനികളും ലോജിസ്റ്റിക് കമ്പനികളും വിഴിഞ്ഞത്തേക്ക് എത്തുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും വര്‍ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
