.
ന്യൂഡൽഹി: ഡൽഹിയിൽ ബൈക്ക്-ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ ഇഡി കണ്ടെത്തിയത് 331.36 കോടി രൂപയുടെ ഇടപാടുകൾ. ഡൽഹിയിൽ റാപ്പിഡോ വാഹനമോടുന്ന യുവാവിന്റെ പേരിലുള്ള അക്കൗണ്ടിലാണ് 331 കോടി രൂപ കണ്ടെത്തിയത്. ഇയാളുടെ പേരിൽ എടുത്ത വ്യാജ അക്കൗണ്ടാണ് ഇത് എന്നാണ് കണ്ടെത്തൽ. അനധികൃതമായി എത്തിയ പണം വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഉദയ്പൂരിൽ അടുത്തിടെ നടന്ന ആഡംബര വിവാഹത്തിന് ഈ അക്കൗണ്ട് വഴി പണം ചിലവാക്കിയെന്നും ഇഡി വ്യക്തമാക്കി.
അന്വേഷണം ഗുജറാത്തിലെ യുവ രാഷ്ട്രീയക്കാരനിലേക്ക് നീളുന്നുന്നു.
ഗുജറാത്തിലെ ഒരു യുവ രാഷ്ട്രീയക്കാരനിലേക്ക് അന്വേഷണം നീളുന്നുന്നുവെന്നാണ് വിവരം. ഓൺലൈൻ വാതുവെപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട സംശയാസ്പദമായ പണമിടപാടുകൾ ട്രാക്ക് ചെയ്യുന്നതിനിടയിലാണ് റാപ്പിഡോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയ കോടികൾ ഇഡിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
ഇത് മ്യൂൾ അക്കൗണ്ട് തട്ടിപ്പാണെന്ന നിഗമനത്തിൽ അന്വേഷണ സംഘം
എന്നാൽ ചോദ്യം ചെയ്യലിൽ തനിക്ക് അക്കൗണ്ടിനെക്കുറിച്ചോ നിക്ഷേപിച്ച പണത്തെക്കുറിച്ചോ അറിയില്ലെന്നാണ് ഇയാളുടെ മൊഴി. ഇത് മ്യൂൾ അക്കൗണ്ട് തട്ടിപ്പാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കളളപ്പണം വെളുപ്പിക്കാനുളള ശ്രമമാണെന്ന് ഇഡി സംശയിക്കുന്നു
