തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ സാക്കിർ ഹുസൈൻ ഡല്‍ഹി കോളേജില്‍ പഠിക്കുന്ന മലയാളി വിദ്യാർഥികള്‍ക്ക് പോലീസ് മർദനമേറ്റ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
വിദ്യാർഥികളെ ഹിന്ദിയില്‍ സംസാരിക്കാൻ നിർബന്ധിച്ചു
കേരളത്തില്‍ നിന്നുള്ള വിദ്യാർഥികളായ ഐ.ഡി. അശ്വന്ത്, കെ. സുധിൻ എന്നിവരെ ചില പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ചു എന്നാണ് റിപ്പോർട്ടുകള്‍. 2025 സെപ്റ്റംബർ 24-നാണ് സംഭവം നടന്നത്. വിദ്യാർഥികളെ ഹിന്ദിയില്‍ സംസാരിക്കാൻ നിർബന്ധിച്ചു എന്നും റിപ്പോർട്ടുകള്‍ പറയുന്നുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി അതിയായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാർഥികള്‍ ഉന്നത പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമ്ബോള്‍, അവരുടെ ഭാഷയും സംസ്കാരവും ആതിഥേയ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹം
നിയമപാലക ഏജൻസിയിലെ ചില ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക വിരുദ്ധരില്‍ നിന്നും ആളുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പോലീസിനാണുള്ളത്. പോലീസ് തന്നെ ഇത്തരം പ്രവൃത്തികള്‍ ചെയ്താല്‍, മറ്റു കുറ്റവാളികളെ വിദ്യാർഥികളെ ഉപദ്രവിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു.
വിഷയം ഗൗരവമായി പരിശോധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി കത്തിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് അഭ്യർഥിച്ചു.
