കൊച്ചി: സമൂഹത്തിൽ അരിക് വൽക്കരിക്കപ്പെട്ട് നിത്യജീവിതത്തിൽ ഒട്ടേറെ സങ്കടങ്ങളും നിവൃത്തികേടുകളും അഭിമുഖീകരിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിന് നിരുപാധിക പിന്തുണയാണ് സാമൂഹ്യ നീതി വകുപ്പ് മുന്നോട്ട് വെക്കുന്നതെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻ്റർവെൻഷൻ സെൻ്റർ കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മന്ത്രി
പരാതികൾക്കും പ്രശ്ന പരിഹാരത്തിനും ഉപയോഗിക്കാവുന്ന ഹെൽപ്പ് ലൈൻ നമ്പർ : 1800 425 2147..
ട്രാൻസ്ജൻ്റർ വ്യക്തികൾ നേരിടുന്ന ശാരീരിക അതിക്രമങ്ങൾ, മാനസിക പീഡനം, അപകടങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഇടയിൽ തന്നെയുള്ള പ്രശ്നങ്ങൾ എന്നിവക്ക് പരിഹാരം കണ്ടെത്തുന്നതിന് ആധുനിക വിവരസാങ്കേതിക സജ്ജീകരണങ്ങളോടെയാണ് സെൻ്റർ ഒരുക്കിയിട്ടുള്ളത്. സംസ്ഥാന സാമൂഹിക നീതി വകുപ്പിൻ്റെ കീഴിൽ ആവിഷ്കരിച്ച നടപ്പാക്കുന്ന ട്രാൻസ്ജെൻഡർ സൗഹൃദ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് സെൻ്റർ ആരംഭിച്ചത്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ പരാതി, പ്രശ്ന പരിഹാര കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സെൻ്റർ വഴി അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാധിക്കും. പരാതികൾക്കും പ്രശ്ന പരിഹാരത്തിനും ഉപയോഗിക്കാവുന്ന ഹെൽപ്പ് ലൈൻ നമ്പർ : 1800 425 2147..
ശസ്ത്രക്രിയക്ക് ശേഷം ആറുമാസത്തേക്ക് 3000 രൂപ വീതം അലവൻസ്
ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പെട്ടെന്ന് എത്തിച്ചേരാവുന്ന ഒരു സുരക്ഷിത സ്ഥാനം എന്ന നിലയിലും വൈദ്യസഹായം, കൗൺസിലിംഗ് തുടങ്ങി ഏത് സേവനമാണോ വേണ്ടത് ആ സേവനങ്ങളിലേക്ക് ട്രാൻസ് സമൂഹത്തെ നയിക്കാനും ലക്ഷ്യമിട്ടാണ് ഇൻ്റർവെൻഷൻ സെൻ്റർ വിഭാവനം ചെയ്തിട്ടുള്ളത്. ട്രാൻസ് വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ട സമ്പൂർണ്ണമായ സാമ്പത്തിക സഹായം സർക്കാർ നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ട്രാൻസ് മെന്നിന് അഞ്ച് ലക്ഷം രൂപ വരേയും ട്രാൻസ് വുമണിന് രണ്ടര ലക്ഷം രൂപ വരേയുമാണ് നൽകുന്നത്. ശസ്ത്രക്രിയക്ക് ശേഷം ആറുമാസത്തേക്ക് 3000 രൂപ വീതം അലവൻസും നൽകുന്നു.
ട്രാൻസ് സമൂഹത്തിന് വേണ്ടി പാർപ്പിട പദ്ധതി ആരംഭിക്കും
ഈ വർഷം മുതൽ ട്രാൻസ് സമൂഹത്തിന് വേണ്ടി പാർപ്പിട പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ഥലമുള്ളവർക്ക് വീട് വെക്കാനും ലൈഫ് പദ്ധതിയിൽ സാങ്കേതികമായി ഉൾപ്പെടാൻ കഴിയാത്തവർക്ക് വീട് വയ്ക്കാനും ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് അതിൻ്റെ ഭാഗമായി അഡ്വാൻസ് എന്ന നിലയിൽ പണം നൽകാനും സാധിക്കുന്ന വിധത്തിൽ ഒന്നിലധികം സ്കീമുകളാണ് പാർപ്പിട പദ്ധതി എന്ന രീതിയിൽ രൂപീകരിക്കുന്നതെന്നും ഡോ. ആർ. ബിന്ദു വ്യക്തമാക്കി.
