കൊച്ചി: എറണാകുളം സൗത്ത് മേല്‍പ്പാലത്തിന് സമീപത്തുള്ള ആക്രി ഗോഡൗണില്‍ നടന്ന വൻ അഗ്നിബാധയില്‍ നിന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പത് തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി.സമീപത്തെ വീട് പൂർണമായും അഗ്നിക്കിരയായി. ഡിസംബർ 2 ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. സിനിമാ നിർമ്മാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. 30 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
ഇതര സംസ്ഥാന തൊഴിലാളികളും നേപ്പാള്‍ സ്വദേശികളുമായിരുന്നു ഗോഡൗണില്‍
ഗോഡൗണിനകത്ത് തൊഴിലാളികളുണ്ടായിരുന്നത് ആശങ്കയുണ്ടാക്കിയെങ്കിലും പൊലീസും ഫയർഫോഴ്‌സും സമയോചിത ഇടപെടലിലൂടെ ഒമ്ബതുപേരെയും രക്ഷപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളും നേപ്പാള്‍ സ്വദേശികളുമായിരുന്നു ഗോഡൗണില്‍ ഉണ്ടായിരുന്നത്.സമീപവാസിയായും മെക്കാനിക്കുമായ അജി ഭാസ്ക്കറാണ് അഗ്നിബാധ ആദ്യം കാണുന്നത്. ഉടൻതന്നെ പ്രായമായ അമ്മയെ വീട്ടില്‍ നിന്ന് പുറത്തിറക്കി സുരക്ഷിതഭാഗത്തേയ്ക്ക് മാറ്റി. ഒപ്പം ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. മിനിട്ടുകള്‍ക്കുള്ളില്‍ കബ്ല് റോഡില്‍ നിന്ന് ആദ്യ ഫയർഫോഴ്‌സ് യൂണിറ്റും സൗത്ത് പൊലീസും സ്ഥലത്ത് എത്തി. അരൂരില്‍ നിന്നുവരെയുള്ള 15 ഫയർഫോഴ്‌സ് യൂണിറ്റുകള്‍ നാലുമണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സമീപപ്രദേശത്തുള്ള ആളുകളെ മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
തീ ആളിക്കത്തിയതോടെ എറണാകുളം വഴി ആലപ്പുഴയിലേക്കുള്ള ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറിലധികം നിറുത്തിവച്ചു. സൗത്ത് പാലത്തിലൂടെയുള്ള വാഹനഗതാഗതവും നിയന്ത്രിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്ന ആക്രി ഗോഡൗണ്‍ പൂർണ്ണമായും കത്തി നശിച്ചു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 12 സ്‌ക്രാപ്പ് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടി.സമീപത്തെ വൈദ്യത ലൈനിലേക്കും തീ പടർന്നു. അജിത്തിന്റെ വീടാണ് അഗ്നിക്കിരയായത്. ജനവാസ മേഖലയില്‍ തീപ്പിടിത്തമുണ്ടായത് ആശങ്ക കൂട്ടി. സുരക്ഷ മുന്നില്‍ കണ്ട് സമീപപ്രദേശത്തുള്ള ആളുകളെ മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
അഗ്നിസുരക്ഷയില്ലെന്ന് ഫയർഫോഴ്സ്
ഗോഡൗണിന് പിൻവശത്ത് നിന്നാണ് തീ പടർന്നതെന്നും എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഷോർട്ട് സർക്യൂട്ട് സാദ്ധ്യതയില്ലെന്നും സാമൂഹ്യ വിരുദ്ധരാണ് തീയിട്ടതെന്നുമാണ് ഗോഡൗണ്‍ സൂക്ഷിപ്പുകാരൻ ആരോപിക്കുന്നത്. തീപിടിത്തമുണ്ടായ ഗോഡൗണ്‍ പ്രവർത്തിച്ചത് അഗ്‌നിരക്ഷാ നിയന്ത്രണ മാർഗങ്ങള്‍ ഇല്ലാതെയെന്ന് കണ്ടെത്തി. സംഭവത്തില്‍ തഹസില്‍ദാർ ജില്ലാ കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നല്‍കി. ഫയർ എൻ.ഒ.സി, ഫയർ സേഫ്ടി എന്നിവ സംബന്ധിച്ച് കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് തഹസില്‍ദാർ അറിയിച്ചു. ഗോഡൗണില്‍ അഗ്നിരക്ഷാ നിയന്ത്രണ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായെന്നും നടപടിയുണ്ടാകുമെന്നും ഫയർഫോഴ്സ് അധികൃതരും പ്രതികരിച്ചു
