ന്യൂഡല്‍ഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) അടുത്ത വർഷം നടത്തും. . കോവിഡിനെത്തുടർന്നു വൈകിയ സെൻസസ് നടപടികളാണ് നാലു വർഷത്തിനുശേഷം നടത്താനൊരുങ്ങുന്നത്. 2025 ൽ തുടങ്ങി 2026ല്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് .മൊബൈല്‍ ആപ് വഴി ഡിജിറ്റലായാണു സെൻസസ് പ്രക്രിയ നടത്തുക.
സെൻസസ് വൈകിക്കുന്നതിനെതിരേ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം പലതവണ പരാതിപ്പെട്ടിരുന്നു. എന്നാല്‍ സെൻസസ് സംബന്ധിച്ച് കേന്ദ്രസർക്കാർ ഔദ്യോഗിക സ്ഥിരീകരണമോ പത്രക്കുറിപ്പോ ഇറക്കിയില്ല. ജാതി സെൻസസ് പൊതുകണക്കെടുപ്പിന്‍റെ ഭാഗമാകുമോയെന്നു തീരുമാനിച്ചിട്ടില്ലെന്നും സെൻസസ് പൂർത്തിയായശേഷം വനിതാ സംവരണംകൂടി ചേർത്തുള്ള ലോക്സഭാ സീറ്റുകളുടെ പുനർനിർണയം (ഡീലിമിറ്റേഷൻ) 2028ല്‍ നടക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.
ലോക്സഭാ സീറ്റുകളുടെ ഡീലിമിറ്റേഷൻ പ്രക്രിയ ആരംഭിക്കും
സെൻസസ് പ്രക്രിയ രണ്ടു വർഷത്തിനകം പൂർത്തിയായാലുടൻ ലോക്സഭാ സീറ്റുകളുടെ ഡീലിമിറ്റേഷൻ പ്രക്രിയ ആരംഭിക്കാനാണു മോദി സർക്കാരിന്‍റെ ആലോചന. 2029ല്‍ കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയേക്കും. ഡീലിമിറ്റേഷനു മുമ്പ് വനിതാ ലോക്സഭാ മണ്ഡലങ്ങളുടെ കാര്യത്തിലും തീരുമാനമുണ്ടാകേണ്ടതുണ്ട്. ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് മൂന്നിലൊന്നു (33%) സീറ്റുകള്‍ സംവരണം ചെയ്യാനുള്ള ഭരണഘടനയുടെ 138-ാം ഭേദഗതി 2010 മാർച്ചില്‍ പാർലമെന്‍റ് പാസാക്കിയിരുന്നു. എന്നാല്‍ ഡീലിമിറ്റേഷന്‍റെ പേരില്‍ വനിതാ സംവരണം 2024ലെ തെരഞ്ഞെടുപ്പിലും നടപ്പാക്കിയില്ല.
കേരളത്തില്‍ നിലവിലുള്ള 20 ല്‍നിന്ന് 16 ലോക്സഭാ മണ്ഡലങ്ങളായി കുറയാൻ സാധ്യത
ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ഫോർമുല ഇനിയും രൂപപ്പെടുത്തിയിട്ടില്ല. വലിയതോതില്‍ ജനസംഖ്യ വർധിച്ച യുപിയില്‍ 80 സീറ്റുകളില്‍നിന്ന് 133 സീറ്റുകളായി കൂടുമ്പോള്‍ കേരളത്തില്‍ നിലവിലുള്ള 20 ല്‍നിന്ന് 16 ലോക്സഭാ മണ്ഡലങ്ങളായി കുറയുമെന്ന സ്ഥിതിവിശേഷമുണ്ട്.